രചന : റാണി റോസ് (ജോയ്സി )✍️
ഇന്നലകളെ ഓർക്കുന്നു
ഓർമ്മകളെ അയവിറക്കുന്നു
സിരകളിൽ ഓടിയ രക്തമെല്ലാം
കണ്ണുനീരാകുന്നു
ഓരോ ഫലങ്ങളും അടരുമ്പോൾ
മരം കണ്ണുനീർ പൊഴിക്കും
നീയത് കറയെന്നു പറഞ്ഞു മായ്ക്കുന്നു
ചുറ്റും വളമായി മാറിയ തന്റെ കുരുന്നുകളെ
ഇനിയാര് നോക്കുമെന്ന് അമ്മ മനം
ആകാശതേക്കു കൈകൾ നീട്ടി വിതുമ്പുന്നു
എന്റെ ഇലകൾ എവിടെയെന്നൊരു
മർമരം കാത് തുളയ്ക്കുന്നു
യൗവ്വനത്തിലേക്ക് പദങ്ങളൂന്നുവാൻ
ഒരു ഊന്നുവടി ചുറ്റും തിരയുന്നു
കെടാറായ വിളക്ക് പോൽ
കരിന്തിരി കത്തുന്ന ദൈന്യതയോടെ
തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞും അടർന്നും
തന്നിലേക്ക് തന്നെ ഒതുങ്ങി
കൂനിപ്പിടിച്ചിരിക്കുന്നു
എന്റെ ചിറകറുക്കാൻ
മൂർച്ചയേറിയ ഒരു വാള്
സ്വപ്‌നങ്ങളിൽ എന്റെ ഉറക്കം കെടുത്തുന്നു
ഇതെന്റെ ആത്മകഥയെന്നൊരു മരം
കടപുഴകുന്നു
ഇന്നലെകളിൽ നിന്നും ഇന്നിലേക്ക്
ഒരു വേരു പൊക്കിൾക്കൊടിയാകുന്നു.