രചന : യൂസഫ് ഇരിങ്ങൽ✍️

തുണി അലക്കുന്ന നേരത്താണ്
കുഞ്ഞെണീറ്റ് കരഞ്ഞത്
സോപ്പ് പതയുള്ള
കൈകൾ നന്നായി കഴുകി
അവനെ വാരിയെടുത്ത നേരമാണ്
ഓരിക്കാരൻ മാപ്ല
മീൻ കൊണ്ടൊന്നു വിളിച്ചത്
തേങ്ങ അരച്ച മീൻ കറിയിൽ
ഉലുവ വറവിടുന്ന നേരത്താണ്
ടാങ്ക് നിറഞ്ഞു വെള്ളം
തൂവുന്നെന്ന് രാധേടത്തി
വിളിച്ചു പറഞ്ഞത്
സിങ്കിൽ കുമിഞ്ഞു കൂടിയ
പാത്രങ്ങൾ
തേച്ചു മോറുന്ന നേരത്താണ്
ചേട്ടൻ വീഡിയോ കോൾ വിളിച്ചത്
എത്ര നേരായി വിളിക്കുന്നെടീയെന്ന
ഉച്ചത്തിലുള്ള ചോദ്യത്തിന്
നേരം കിട്ടാഞ്ഞിട്ടാണേട്ടാന്ന്
മറുപടി പറഞ്ഞതും
പരിഭവിച്ചു ഫോൺ കട്ട് ചെയ്തു
സന്ധ്യക്ക് കാച്ചെണ്ണ തേച്ചു
കുളി മുറിയിലേക്കൊടുന്ന നേരമാണ്
പാല് കൊണ്ടെരുന്ന
കല്യാണിയേടത്തി
നിനക്കൊരു നേരവും കാലോം
ഇല്ല പെണ്ണെയെന്ന് ശകാരിച്ചത്
സുമംഗലയായി കാറിൽ കയറി
പോരുമ്പോൾ
നേരം നോക്കാൻ
മരത്തിൽ പണിതൊരു
ക്ളോക്ക് അച്ഛൻ പൊതിഞ്ഞു
തന്നിരുന്നു
പകലന്തിയോളം ഓടിക്കിതച്ചു
ഉമ്മറ കോലായിൽ നിന്ന്
നടു നിവർത്തി ക്ളോക്കിൽ
നേരം നോക്കുമ്പോൾ
ചേർത്ത് നിർത്തി
അച്ഛൻ നെറുകയിൽ
തലോടുന്ന നേരമാണെന്ന്
വെറുത ഓർത്തുപോകും.

യൂസഫ് ഇരിങ്ങൽ

By ivayana