രചന : ജയരാജ് പുതുമഠം✍️
ഒരു രാമേട്ടൻ തന്റെ പ്രിയപ്പെട്ട മഴുകൊണ്ട് ചെത്തി മിനുക്കിയ പ്രശാന്തമായ ഗൃഹത്തിൽ കൈരളി എന്ന് പേരുള്ള ഹരിതസുന്ദരിയായ ഭാര്യയോടൊപ്പം സമാധാനമായി പാർത്തിരുന്നു.
അവരുടെ പ്രിയാനുരാഗത്താൽ ഈശ്വരന്റെ പ്രസാദമായി രണ്ട് പെൺപൂക്കൾ ആ കുടുംബത്തിൽ വിടർന്നു.
മൂത്തവൾക്ക് സരിതദേവി എന്നും രണ്ടാമത്തവൾക്ക് സ്വപ്നകുമാരി എന്നും പേരിട്ട് അവർ ഓമനിച്ച് വളർത്തിവലുതാക്കി. പുത്രിമാരുടെ ബുദ്ധിവൈഭവത്തിന്റെ ആസ്ഥാനങ്ങൾ സാധാരണ മനുഷ്യരുടേതുപോലെ കഴുത്തിന് മുകളിലായിരുന്നില്ല. മറിച്ച് താഴോട്ടിറങ്ങിയിറങ്ങി അത് പൊക്കിൾകുഴിയേയും ഭേദിച്ച് വയലാർ പാടിയപോലെ “അരയിലെ അരഞ്ഞാണ ഏലസ്സിൻത്തുമ്പിൽ..”അത്ഭുത തീപ്പന്തങ്ങൾ തുപ്പി അട്ടഹസിച്ച് നിലകൊണ്ടു.
ആ തീ നാളത്തിന്റെ ശോഭയിൽ കഴുത്തിനുമുകളിൽ പാറിപ്പറന്നിരുന്ന എല്ലാ കൊടിമരങ്ങളും തണ്ടൊടിഞ്ഞ് ശീലമങ്ങി എരിഞ്ഞടങ്ങുവാൻ തിടുക്കം കൂട്ടുന്നതുകണ്ട് അത്ഭുത സന്തതികളുടെ സൃഷ്ടി കാരണന്മാർ വിസ്മയം പൂണ്ടു.
അങ്ങനെയാണ് മൂന്നാമതൊരു ആൺതരികൂടി പിറന്നാൽ തരക്കേടില്ലെന്ന് മഴു കൊണ്ട് വിറകുവെട്ടിജീവിക്കുന്ന രാമേട്ടന് മോഹമുണ്ടായത്.
അങ്ങനെ സർവശക്തന്റെ അനുഗ്രഹത്താൽ അവർക്കൊരു ഓമനത്തിങ്കൾ കിടാവും ഭൂജാതനായി.
ആൺതരിയായതുകൊണ്ട് തന്റെ അച്ഛന്റെ പേരായ ഗോപാലകൃഷ്ണൻ എന്നുതന്നെയാകയാകണം ഈ ഓമനക്കുട്ടന്, നിലവിളക്ക് സാക്ഷിയായി മടിയിലിരുത്തി ചെവിയിൽ മന്ത്രിക്കേണ്ടതെന്ന് രാമേട്ടനും, അതല്ല ദിലീപ്മോൻ എന്ന പേരാണ് എന്റെ മനസ്സിലുള്ളതെന്നും അനുരാഗത്തിന്റെ ഇടവേളകളിൽ ആ ദമ്പതികൾ കലഹങ്ങൾ തുടർന്നു.
എന്തായാലും ഈ മൂന്ന് കൂഷ്മാണ്ഡങ്ങളെക്കൊണ്ട് ജീവിത താളങ്ങൾക്ക് ശ്രുതി വിനാശം സംഭവിച്ച് അടിതെറ്റിക്കൊണ്ടിരിക്കുകയാണാഗൃഹം.