രചന : സുമോദ് പരുമല ✍
ആദ്യമാദ്യം
തൊലിയുടെ നിറത്തിൽ നിന്നായിരുന്നു .
പിന്നീട് കൊടിയുടെ നിറമായി പടർന്നു .
പിന്നീട് രതിയുടെ നിറമായി .
പരിഷ്കൃതതമെന്നും പ്രാകൃതമെന്നുമത് വിഭജിയ്ക്കപ്പെട്ടു .
കുടുംബസദാചാരങ്ങളിലെ
ഒളിഞ്ഞും പാതിതെളിഞ്ഞുമുള്ള സേവക്കാഴ്ചകളെ
ക്യാമറക്കണ്ണുകൾ
വലിച്ചുപുറത്തിട്ട്
നീതിപീഠത്തിന് കാഴ്ചവെച്ചു .
അപ്പോൾ ,
അർദ്ധരാത്രികളിലെ
വരുത്തുപോക്കുകളെ വിദ്യാസമ്പന്നരായ പരിഷ്കൃതർ
മുഖംമൂടികളിലൊളിപ്പിച്ചു .
പ്രണയങ്ങളപ്പോൾ ,
പുതുപുതുശരീരവിസ്മയങ്ങളിലേയ്ക്കോ
സംഘരതികളുടെ
സിംഫണികളിലേയ്ക്കോ
കൂടുകൾ മാറിമാറിപ്പറന്നു .
പിന്തുടർച്ചാവകാശങ്ങൾ
ജനിതകപരിശോധനാലാബുകളിൽ
വിധിപ്പകർപ്പുകൾ
തേടി .
സ്വഭയങ്ങളുടെ
പത്തേമാരികളിൽ
യൗവ്വനങ്ങൾ
അരക്ഷിതരായി .
കാസനോവകളിലും
നിശാകേന്ദ്രങ്ങളിലും
മദപ്പാടുകൾ
പുളഞ്ഞുനടന്നു .
അവസാനത്തെ
രാത്രി ,
ഉദ്ധരിയ്ക്കാത്ത
പുരുഷശരീരങ്ങളും
ആർത്തവമുക്തമായ
പെണ്ണത്തങ്ങളും
വൃദ്ധസദനങ്ങളുടെ
തീൻവരാന്തയിൽ
അവസാനത്തെ
അത്താഴംതേടി.