രചന : മുഹമ്മദ് ഹുസൈൻ വാണിമേൽ✍
ഇവളിങ്ങനെ എന്നിലേക്ക്
തിമിർത്തു പെയ്യുമ്പോൾ മാത്രം
നീയെന്ന ചാറ്റൽ മഴയേകിയ കുളിരും
നനവും ഞാൻ മറന്നു പോകും.
എനിക്കെന്നോമനകളെ തരാനായി
കീറിത്തുന്നിയ അടിവയറ്റിലെ പാട്
മാഞ്ഞു പോകുന്തോറും
നീതന്ന മുറിപ്പാടുകൾ
മാഞ്ഞില്ലാതാവുന്ന പോലെ.
സമാന്തരമായൊഴുകിയ
രണ്ടുപുഴകളായിരുന്ന ഞങ്ങൾ
നീരുറവകളാൽ കൈകോർത്തവസാനം
ഒറ്റമഹാനദിയായ പോലെ.
ഇടിവെട്ടി തിമിർത്തു പെയ്യുന്ന
ചില അപൂർവ്വദിനങ്ങളിൽ
മാത്രം വിരുന്നിനെത്തുന്ന
അഥിതി മാത്രമാണിന്ന് നീ,
പറയാതെ വന്ന്,
സുഖമല്ലേ എന്ന് ചോദിച്ചു പോവുന്ന ഒരുവൾ.
ഒരിക്കൽ ഉയിരായിരുന്നവർ സുഖമെന്നറിയുക,
ശാന്തമായൊഴുകുന്നെന്നറിയുക,
ഭദ്രമായ കൈകളിലെന്നറിയുക
അത് മതി, ജീവിതം ധന്യമാവാൻ അല്ലെ.