രചന : രാജു കാഞ്ഞിരങ്ങാട് ✍

പ്രണയികൾ ചിത്രശലഭങ്ങളാണ്
അവരുടെ വാക്കുകൾ മുന്തിരിച്ചാറും

അവരുടെ ഉള്ളകത്തു നിന്നാണ്
മുന്തിരിവള്ളികൾ തളിർക്കുന്നത്
ഹൃദയത്തിൽ നിന്നാണ് ചുംബനങ്ങൾ – പിറവിയെടുക്കുന്നത്

മൗനത്തിൻ്റെ കൂടുതുറന്ന്
അവർ മധുരം വിളമ്പുന്നു
അതിരില്ലാത്ത ചിറകുമായി
ആകാശമേറുന്നു

ചുംബനം കൊണ്ടവർ ഒരു കൂടുണ്ടാക്കും
ചിരിമണികൾ കോർത്തൊരു ചിത്രവിളക്കും,
വിശ്വം നിറഞ്ഞ വിശുദ്ധിയുടെ സംഗീതവും
നഷ്ടവസന്തങ്ങളെ തിരികേപിടിച്ച്
മുന്തിരിച്ചാറുപോലെ മൊത്തി കുടിക്കും

പ്രണയികൾ ചുംബനങ്ങളാൽ പൂത്ത
ചിത്രശലഭങ്ങളാണ്
അവർ ചുംബനപ്പൂവുകൾ വിരിയിച്ചു –
കൊണ്ടേയിരിക്കുന്നു.

രാജു കാഞ്ഞിരങ്ങാട്

By ivayana