രചന : മോഹൻദാസ് എവർഷൈൻ✍
വരവും, ചിലവും ഒത്തുപോകാതെ വന്നപ്പോൾ അയാൾക്ക് നഷ്ടമായത് ഉറക്കമാണ്,
കിടക്കയിലും ഗണിതങ്ങൾ തലയ്ക്കകത്തു വണ്ടുകളെപോലെ മൂളലും,മുരൾച്ചയുമായി മനസ്സിന് തീ പടർത്തികൊണ്ടിരുന്നു.
പുറത്ത് മഴ പെരുമഴയായി ശക്തിപ്രാപിച്ചുകൊണ്ടിരുന്നുവെങ്കിലും അയാൾ അപ്പോഴും നന്നായി വിയർത്തു.
എന്താ ഉറങ്ങുന്നില്ലേ?.
അവളുടെ ചോദ്യം മനസ്സിലെ മനനം ചെയ്യലിന് ഭംഗം വരുത്തി.
അതിൽ ഈർഷ്യ തോന്നിയെങ്കിലും അയാളത് പുറത്ത് കാട്ടിയില്ല.
എല്ലാം ശരിയാവും, നിങ്ങള് ഇങ്ങനെ ഉറങ്ങാതിരുന്നിട്ട് വല്ല കാര്യവുമുണ്ടോ?.
അവൾ ചോദിച്ചു.
നീ ഉറങ്ങിക്കോ, ഞാൻ ഓരോന്നിങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ ഉറക്കവും വരും ചിലപ്പോൾ എന്തെങ്കിലും വഴിയും തെളിഞ്ഞു വരും .അയാൾ പറഞ്ഞു.
ഓ.. എന്ത് വഴി തെളിയാൻ?, ഉറക്കം കളയാമെന്നല്ലാതെ,പുറത്ത് മഴ തിമിർത്ത്
പെയ്യുകയാണ്,നിങ്ങള് അത് വല്ലതും അറിയൂന്നുണ്ടോ ആവോ?.
അവൾ പരിഭവിച്ചു.
ഇടയ്ക്കിടെ മിന്നൽപിണറുകൾ പകരുന്ന വെളിച്ചത്തിൽ അയാൾ അവളുടെ വശ്യമായ മുഖം കണ്ടു.
എന്തോ അപ്പോൾ അവളുടെ സംസാരം അയാൾക്ക് ഒട്ടും ഉൾകൊള്ളാൻ പറ്റുന്ന മനസ്സികാവസ്ഥ ആയിരുന്നില്ല.
മഹാപ്രളയകാലത്ത് കൃഷിയെല്ലാം നശിച്ച്, പലരുടെയും കിടപ്പാടവും, കച്ചവടസ്ഥാപനങ്ങളും, തകർന്ന് വീഴുകയും, ഒലിച്ചുപോകുകയും ഒക്കെ ചെയ്തെങ്കിലും,അയാൾ മകളെ കെട്ടിച്ചു വിടാൻ ബാങ്കിൽ നിന്നും ലോൺ എടുത്ത രേഖകളെല്ലാം ബാങ്കിൽ ഭദ്രമായിരുന്നു. മഴമാറി വെയില് വന്നപ്പോൾ ബാങ്കിലെ നോട്ടീസും കൂടെ വന്നു.
തോമാച്ചോ ഒരു കത്തുണ്ടല്ലോ, ബാങ്കിൽ നിന്നുള്ള ലവ് ലെറ്ററാന്നാ തോന്നുന്നത്,വേറെയും ഒത്തിരിപ്പേർക്ക് ഇണ്ടാസ് വന്നിട്ടുണ്ട്.
പരിചയക്കാരനും, പൊതുവെ ഫലിതപ്രിയനുമായ പോസ്റ്റുമാൻ തങ്കച്ചൻ പറഞ്ഞു.
കത്ത് വാങ്ങി തുറന്ന് നോക്കുമ്പോൾ തോമാച്ചന്റെ മുഖം വിവർണ്ണമായി.
ഉടനെ തുക അടച്ചു തീർത്തില്ലെങ്കിൽ ജപ്തി നടപടി ഉണ്ടാകുമെന്ന്.
അയാൾ അവളെ നോക്കി പറഞ്ഞു.
പ്രളയത്തിൽ കടപുഴകിയ മരങ്ങൾ അനാഥപ്രേതങ്ങൾ പോലെ പറമ്പിൽ അങ്ങിങ്ങായി കിടക്കുന്നുണ്ട് . അതൊക്കെ വെട്ടിമാറ്റി പുതുതായി എന്തെങ്കിലും കൃഷി ചെയ്യാനുള്ള തന്റെ കരുത്ത് വെള്ളത്തോടൊപ്പം ചോർന്ന് പോയെന്നയാൾക്ക് തോന്നി.
ബാങ്കിലെ മാനേജരുടെ ശീതീകരിച്ച മുറിയിൽ ദൈന്യത നിറഞ്ഞ മുഖത്തോടെ ,കൃഷി നശിച്ചുപോയ കഥകൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മാനേജർ പറഞ്ഞു.
ഇവിടെ നിന്നും അയച്ച നോട്ടീസ് കിട്ടിയവരെല്ലാം വന്ന് പറഞ്ഞത് ഇതെ കഥ തന്നെ. വള്ളിപുള്ളി വ്യത്യാസം ഇല്ലാതെ തന്നെയാണ് നിങ്ങളും പറയുന്നത്, പുതുതായി മറ്റെന്തെങ്കിലും പറയാനുണ്ടോ?.
കുടിശ്ശിക അടയ്ക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞാൽ തുടർ നടപടി ഉണ്ടാകും.
മാനേജർ അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു.
അല്ലെങ്കിൽ ഒരു മാനേജർ എന്ന നിലയിൽ കിട്ടാക്കടങ്ങൾ എത്രയും വേഗം പിരിച്ചെടുക്കുക എന്നത് അയാളുടെ ഉദ്യോഗത്തിന്റെ ഭാഗമല്ലേ, അയാളെ എങ്ങനെ കുറ്റം പറയും?. വെറുതെ മനസ്സിന്റെ സമാധാനത്തിന് വേണ്ടി അങ്ങനെ ചിന്തിക്കുവാനാണ് അന്നേരം തോന്നിയത്.
വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ഇടവഴിയുടെ നീളം ഇങ്ങോട്ട് വന്നതിനെക്കാളും കൂടിയതായി അയാൾക്ക് തോന്നി. വീട് ദൂരേക്ക്, ദൂരേക്ക് നീങ്ങിപോകുന്നത് പോലെ, എത്ര നടന്നിട്ടും എത്താനാകാതെ കാലുകൾക്ക് തളർച്ച ബാധിച്ച് തുടങ്ങിയിരുന്നു.
അവളോട് അയാൾ എല്ലാം തുറന്ന് പറയുമെങ്കിലും കടത്തിന്റെ കുരുക്ക് മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ കാര്യം പങ്ക് വെയ്ക്കുമ്പോൾ അതിന്റെ തീവ്രത അതെപടി വിളമ്പുവാൻ മനസ്സ് വരാറില്ല, വെറുതെയെന്തിന് അവളുടെ ഉറക്കം കൂടി കളയണം എന്നാണയാൾ ചിന്തിച്ചത്.
എങ്കിലും അയാളുടെ നെടുവീർപ്പിന്റെ ചൂടേറ്റ് അവൾ ഞെട്ടിയുണർന്നിരുന്നു. അവളുടെ വളയണിഞ്ഞ കൈകൾ കൊണ്ട് അയാളെ ചുറ്റിപിടിച്ച് അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കാണുമ്പോൾ അയാൾക്ക് ശരിക്കും ആശ്വാസം തോന്നും.
ഈ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുമോയെന്ന് പലപ്പോഴും ആശങ്കപ്പെട്ടു . പല വഴികളും ആലോചിച്ചു നോക്കി,ഓരോന്നിനും ഓരോരോ കാരണങ്ങൾ കണ്ടെത്തി അതിൽ നിന്നും പിന്മാറുമ്പോഴെല്ലാം അയാളുടെ ഭീരുത്വത്തെ മനസ്സ് കളിയാക്കി.
ജീവിക്കുവാനുള്ള പൂതികൊണ്ടല്ല, മാറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുവാനുള്ള ഉത്തരവാദിത്വം തന്നിൽ നിഷിപ്തമാണെന്ന തോന്നലാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അയാൾ വിശ്വസിച്ചു.അല്ലാതെ….
അങ്ങനെ ആത്മഗതം ചെയ്യുമ്പോൾ ഒരാശ്വാസം കിട്ടും.
അറിയാവുന്ന ദൈവങ്ങളോടെല്ലാം ആവലാതി പറഞ്ഞെങ്കിലും, അവർക്കെല്ലാം ലോണിന്റെ കാര്യത്തിൽ ബാങ്ക് മാനേജരുടെ നിലപാട് തന്നെയായിരുന്നു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.
മകൻ ഗൾഫിൽ നില്കുന്നത് കൊണ്ട് തോമാച്ചന് ആകെയുണ്ടായ നേട്ടം ബി പി ൽ കാർഡിൽ നിന്നും എ പി എലിലേക്ക് സ്ഥാനക്കയറ്റം കിട്ടി. അല്ലാതെ ഒരു മിച്ചവും ഉണ്ടായില്ല.
.അനുജത്തിയുടെ വിവാഹം നടത്താൻ അവൻ വാരിക്കോരി അയച്ചു വെന്നാ അവന്റെ പെണ്ണ് വീട്ട്കാര് പറയണത്.
അവൾ ഒരിക്കൽ തലയണമന്ത്രം പോലെ പറഞ്ഞത് അയാൾ ഓർത്തു.
അത്തരം വർത്തമാനങ്ങളോട് തീരെ താല്പര്യം കാണിക്കാതെ അയാൾ പറഞ്ഞു.
അതിനവരെ കുറ്റം പറയേണ്ട,അവരുടെ മകൾക്ക് ചിലവ് കാശ് കൂടി അയക്കാതെ വരുമ്പോൾ അവർക്ക് അങ്ങനെ തോന്നിയാൽ എന്താ തെറ്റ് ?.അവരുടെ സ്ഥാനത്ത് നമ്മളായാലും അങ്ങനെയൊക്കെ തന്നെ ചിന്തിച്ചുപോകും അവനവിടെ വാടക കൊടുക്കാനും ആഹാരത്തിനും പോലും തികയാത്ത ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്ന് അവർക്കറിയില്ലല്ലോ?.
അയാൾ അവളുടെ അത്തരം പരാതികൾ മുളയിലേ നുള്ളിമാറ്റി.
ആകാശം ഇരുണ്ട് കയറുമ്പോൾ നെഞ്ചിലാകെ കാട്ടുതീ പടരുന്നത് പോലെയാണ്, ആകെയൊരു വെപ്രാളം. പണ്ടൊക്കെ മഴയ്ക്ക് ഒരു നേരും നെറിയുമൊക്കെയുണ്ടായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴപോലും ചതിച്ചിട്ടില്ല.ഇപ്പോൾ മഴ മാനത്ത് കൊള്ളുമ്പോൾ ഇടിയും മിന്നലും മനസ്സിലാണ്.
മഴയോടൊപ്പം ചൂളം വിളിച്ച് മലയിറങ്ങി വരുന്ന തണുത്ത കാറ്റ് മുറിയിലേക്ക് അരിച്ച് കയറുന്നുണ്ട്,
പുറത്ത് തണുപ്പ് സഹിക്കാൻ കഴിയാതെ ഒരു പൂച്ച വല്ലാത്തൊരു അപശബ്ദത്തോടെ അലറി കരഞ്ഞു കൊണ്ട് വീടിന് വലം വെയ്ക്കുന്നത് കേട്ടപ്പോൾ ഭീതിതമായൊരു അസ്വസ്ഥത ഉള്ളിൽ ഉടലെടുത്തു.
അവൾ തണുപ്പ് മാറ്റാൻ അയാളിലേക്ക് കൂടുതൽ ഒട്ടി കിടന്നു. അയാളുടെ ഉടലിന്റെ ഉഷ്ണം കടം കൊണ്ടവൾ സുഖമായി മയങ്ങുന്നത് കണ്ടപ്പോൾ തെല്ലൊരസൂയ തോന്നാതിരുന്നില്ല.
നേരം വെളുക്കാറായപ്പോഴെപ്പോഴോ അയാളും ഉറങ്ങിപ്പോയി.
നേരം പുലർന്നതറിയാതെ, ശാന്തമായുറങ്ങുന്ന അയാളെ നോക്കി അവൾ വാതിൽക്കൽ കുറെ നേരം നിന്നു.
വണ്ടിക്കാളയെ പോലെ ഭാരം വലിച്ച്, വലിച്ച് ഈ മനുഷ്യൻ ഒരു പേക്കോലം ആയി.പ്രായത്തെക്കാൾ കൂടുതൽ വാശിയോടെ വാർദ്ധക്യം അയാളെ കീഴടക്കാൻ ശ്രമിക്കുന്നത് അവൾ ശ്രദ്ധിച്ചു.
മക്കൾ വലുതാകുമ്പോൾ നമുക്കൊരു തണലാകും, നീ നോക്കിക്കോ, അതുവരെയുള്ളൂ ഈ കഷ്ടപ്പാടൊക്കെ.
ബുദ്ധിമുട്ട് വരുമ്പോഴെല്ലാം സ്വയം ആശ്വാസം കണ്ടെത്താനും, എന്നെ ആശ്വസിപ്പിക്കാനും അയാൾ പറയുന്ന വാക്കുകൾ അവൾ ഓർത്തു.
ഇന്ന് മക്കൾ വലുതായി, അയാൾ ഇപ്പോഴും വെയിലത്ത് തന്നെ നില്കുകയാണ്, ആരോടും ഒരു പരാതിയും പറയാതെ.
അവൾ അയാളെ വിളിച്ചുണർത്തിയില്ല,
പാവം കുറച്ച് കൂടെ ഉറങ്ങിക്കോട്ടെ,
അവൾ അടുക്കളയിലേക്ക് തിരിഞ്ഞ് നടന്നു.
കാപ്പിക്ക് ഇന്നും കഞ്ഞിയും ചമ്മന്തിയും തന്നെ, ഇന്നല്ല, കുറച്ച് ദിവസമായി ഇത് തന്നെ.
പലഹാരത്തിനുള്ള അരിമാവും, ഗോതമ്പ് മാവുമൊക്കെ തീർന്നിട്ട്, ദിവസങ്ങളായി,പലവ്യഞ്ജനങ്ങളുടെ പാത്രങ്ങളും ഒഴിഞ്ഞിരിപ്പാണ്, എങ്കിലും അയാളുടെ മുഖത്ത് നോക്കി ഇല്ലായ്മ പറയാൻ അവൾക്ക് മനസ്സ് വന്നില്ല.
ജപ്തി നോട്ടീസ് വന്നതിൽ പിന്നെ വാലിൽ തീ പിടിച്ചപോലെ പാഞ്ഞു നടക്കുകയാണ്,
വൈകുന്നേരമാകുമ്പോൾ തകർന്നടിഞ്ഞു തിരികെ വന്നിരുന്ന് പറയും
ആരും നമ്മളെ സഹായിക്കില്ല, നമ്മൾ സഹായിച്ചവരാണ് ആദ്യം മുഖം തിരിച്ചു നില്കുന്നത്,അതാ ഏറ്റവും വലിയ സങ്കടം.
വലിയ വിഷമത്തോടെ അയാൾ ആവലാതി പ്പെടുമ്പോൾ അവൾ പറയും,
ഇത് നല്ല കൂത്ത്, കടം കയറിയവന് കൈ കൊടുത്തു കരകയറ്റുന്ന മണ്ടന്മാരുടെ കാലമൊക്കെ മാറിയത് നിങ്ങളിതുവരെ അറിഞ്ഞില്ലേ?.ആരെങ്കിലും സഹായിച്ചിട്ട് രക്ഷപ്പെടാമെന്ന് ഒരു വ്യാമോഹവും വേണ്ട.
അന്നേരം അവളുടെ കണ്ണും, പുരികവും ഒരു പ്രത്യേകരീതിയിൽ ചലിക്കുകയും, ചിറികൾ വക്രിക്കുകയും ചെയ്യുന്നത് തോമാച്ചൻ കൗതുകത്തോടെ നോക്കി നില്കും.ഒരുതരം പരിഹാസഭാവമാണ് അവളുടെ മുഖത്ത് മിന്നിമറയുന്നത്.
കോടതിയിൽ നിന്നും ആമീനെയും,പിന്നെ പോലീസിനെയും കൂട്ടി ബാങ്കിൽ നിന്നും ജപ്തി നടപടി നടപ്പിലാക്കുന്ന ചിത്രം തെളിയുമ്പോൾ ഭീതിയോടെ അയാളുടെ മനസ്സുലയും, ഉള്ളിൽ ഉയിര് ഉരുകിയൊലിക്കുന്ന ലാവ സിരകളിൽ രക്തത്തെ തിളപ്പിച്ച് കൊണ്ട് കുത്തിയൊഴുകും, തലചുറ്റി, കണ്ണുകളിൽ ഇരുട്ട് കയറി എല്ലാം തലകീഴായ് മറിയുന്നത് പോലെ തോന്നുന്ന നിമിഷങ്ങൾ.
അയാൾ എല്ലാം മറച്ച് പിടിക്കുമ്പോഴും, അവൾ എല്ലാം അറിയുന്നുണ്ടായിരുന്നു.അല്ലെങ്കിൽ
അവൾക്ക് വായിക്കുവാൻ കഴിയാത്ത ഒരേടും അയാളുടെ ജീവിതത്തിൽ ഇല്ലായിരുന്നു.
അടുക്കളയിലെ ജോലിയൊതുക്കി വന്നപ്പോഴും അയാൾ ഉണർന്നിരുന്നില്ല.
അല്ല,ഇന്നെന്ത് പറ്റി? നേരം ഉച്ചയാവാറായല്ലോ, എഴുന്നേൽക്കുന്നില്ലേ?.
അവൾ വിളിച്ചിട്ടും ഉറക്കമുണരുവാൻ കൂട്ടക്കാതെ കിടക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കിടുങ്ങി.
മുറ്റത്ത് കാക്കക്കൂട്ടങ്ങൾ ഒരുമിച്ച് ബഹളം വെയ്ക്കുന്നത് കേട്ടപ്പോൾ എന്തോ അപശകുനം പോലെയാണ് അവൾക്ക് തോന്നിയത്.
അവൾ വീണ്ടും അയാളെ കുലുക്കി വിളിച്ചു.
അന്നേരം അവളുടെ ശബ്ദം വല്ലാതെ പതറുന്നുണ്ടായിരുന്നു.
നീ എന്തിനാ രാവിലെ കിടന്ന് കാറുന്നെ?. അല്പം സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കുകേല.
നാക്കിൽ വന്ന മറ്റ് വാക്കുകളെ അയാൾ പുറത്ത് വിടാതെ വിഴുങ്ങി.
ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തിൽ അയാൾ വല്ലാതെ കയർത്തെങ്കിലും അവൾ സമാധാനത്തോടെ നെഞ്ചിൽ കൈവെച്ചു.
ഞാൻ പേടിച്ചു പോയി. എത്ര വിളി, വിളിച്ചു. കേട്ടിട്ടും മിണ്ടാതെ കിടന്ന് എന്നെ വിഷമിപ്പിച്ചിട്ട്, അതിന് ചീത്തയും എനിക്ക്.
അവൾ പരിഭവിച്ചു.
പിന്നെ ഇന്ന് രാവിലെ ഒരു പാർട്ടിക്കാരെയും കൊണ്ട് വീടും പുരയിടവും കാണിയ്ക്കാൻ വരുമെന്ന് ആ ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അക്കാര്യം നിങ്ങളോട് പറയാൻ ഞാനങ്ങു വിട്ടുപോയി.
അയാളുടെ മുഖത്ത് പ്രതീക്ഷയുടെ മിന്നാലാട്ടം അവൾ കണ്ടു.
ഞാൻ അവനോട് പറഞ്ഞിരുന്നു. ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വരാൻ, ജപ്തിക്ക് മുന്നെ കൊടുത്തു കാശ് വാങ്ങി
കടങ്ങളും തീർത്ത് സമാധാനത്തോടെ ഒന്നുറങ്ങണം.
മച്ചിലെ ചിലന്തിവലയിൽ കുടുങ്ങിയ ഒരീച്ച രക്ഷപ്പെടുവാൻ പെടാപ്പാട് പെടുന്നതും നോക്കി അയാൾ അങ്ങനെ കിടന്നു.
ആരോ ഗേറ്റ് തുറന്നത് പോലെ, നീ ചെന്ന് നോക്കിയേ…ചിലപ്പോൾ അവൻ, കൃഷ്ണൻകുട്ടി പാർട്ടിക്കാരെയും കൂട്ടി വന്നതാവും.
അയാൾ പരവേശം കൊണ്ട് അവളോട് പറഞ്ഞു.
അവൾ മുറ്റത്തേക്ക് ഇറങ്ങിയിട്ട് പ്പെട്ടെന്നു തന്നെ തിരികെ കയറി വന്ന് പറഞ്ഞു.
അവിടെയെങ്ങും ആരുമില്ല, നിങ്ങൾക്ക് തോന്നിയതാവും,. അവര് വരുമ്പോൾ അവനിങ്ങ് കൊണ്ട് വരും, നിങ്ങളെഴുന്നേറ്റ് കാലത്തെ കുളിയും തേവാരവുമൊക്കെ നടത്തിയിട്ട് വാ, എനിക്കും വിശക്കുന്നു.
അയാൾ പുറത്തിറങ്ങി, ഒരു ബക്കറ്റ് വെള്ളവുമായി കക്കൂസ്സിലേക്ക് നടക്കുമ്പോൾ പിന്നെയും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.
ഇത്തവണ തെറ്റിയില്ല, കൃഷ്ണൻകുട്ടി തന്നെ. കൂടെ രണ്ട് മൂന്ന് പേരും ഉണ്ട്, മുൻപ് കണ്ട് പരിചയം ഇല്ലെങ്കിലും കണ്ടപാടെ അവർ പരിചയക്കാരെപ്പോലെ ചിരിച്ചു. അയാളും ചിരിച്ചു.
അതിലൊരാൾ ചോദിച്ചു.
ഇത് എത്ര സെന്റ് ഉണ്ടെന്നാ പറഞ്ഞത്?.
ഒന്നര ഏക്കർ . കൃഷ്ണൻകുട്ടിയാണ് മറുപടി പറഞ്ഞത്.
മൂന്നേക്കർ ഉണ്ടായിരുന്നു, മക്കൾക്ക് രണ്ടാൾക്കും കൂടി ഒന്നര ഏക്കർ നേരത്തെ വീതിച്ചു കൊടുത്തു. ഇത് എനിക്കും, ഇവൾക്കും മാറ്റിവെച്ച ഓഹരിയാണ്, നമ്മുടെ കാലശേഷം ഇത് അവർക്ക് തന്നെ ചെന്ന് ചേരേണ്ടതാണ്,പക്ഷെ കാലദോഷം വന്നാൽ എല്ലാ കണക്ക് കൂട്ടലുകളും പിഴയ്ക്കും, അതിന് ആരെയും പഴിച്ചിട്ട് കാര്യമില്ലല്ലോ!.
തോമാച്ചൻ പറഞ്ഞു.
കാടുപിടിച്ചു കിടക്കുന്ന അതിരുകൾ വലിയൊരു കമ്പ് കൊണ്ട് വകഞ്ഞുമാറ്റി കൊണ്ട് കൃഷ്ണൻകുട്ടി അവർക്ക് പറമ്പിലേക്ക് വഴിതെളിച്ചു.
ഒരുപാട് സ്നേഹിച്ചു താലോലിച്ച മണ്ണ് കാൽകീഴിൽ നിന്ന് ഒലിച്ചു പോകുന്നത് പോലെ,തലമുറകളായി കൈമാറി വന്ന മണ്ണാണ്, മൺമറഞ്ഞവരുടെ ആത്മാവ് തന്നോട് പൊറുക്കുമോ?.
നേരിയ നിരാശയും വിഷമവുമുണ്ടെങ്കിലും, ചെണ്ടകൊട്ടി ഇറക്കിവിടുന്നതിനുമുൻപ് രക്ഷപ്പെടുവാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല, പിന്നെന്തിന് വിഷമിക്കണം,
നിങ്ങള് പാതിവഴിയിൽ നില്കാതെ ഇറങ്ങിയ കാര്യം കഴിഞ്ഞ് വാ, അപ്പോഴേക്കും അവർ വസ്തു കണ്ടു വരും.
അവൾ പറഞ്ഞത് ശരിയാണെന്ന് അയാൾക്കും തോന്നി.അത്യാവശ്യമായി ഇറങ്ങിയിട്ട് ഇങ്ങനെ പിടിച്ച് നില്ക്കുന്നത് ഒട്ടും പന്തിയല്ല തന്നെ.
വഴിയിൽ വെച്ചിരുന്ന ബക്കറ്റും വെള്ളവുമെടുത്ത് അയാൾ നടന്നു.
വസ്തു നോക്കാൻ വന്നവരുടെ കൂട്ടത്തിൽ നിന്നും കൃഷ്ണൻ കുട്ടി പെട്ടെന്ന് തിരികെ വന്നു.
എവിടെ അച്ചായനെവിടെ ?, വടക്കേ അറ്റത്തെ അതിര് ഏതുവരെയുണ്ടെന്ന് അറിയാൻ വയ്യ. അങ്ങോട്ട് വന്ന് അതൊന്ന് പറഞ്ഞ് തന്നാൽ പിന്നെ വില ഭാഗം സംസാരിക്കാം.
കൃഷ്ണൻ കുട്ടി പറഞ്ഞു.
അതിയാൻ ഇപ്പൊ വരും.ഒന്ന് സമാധാനപ്പെട്,
അവൾ പറഞ്ഞു.
അവർക്ക് ഇത് കഴിഞ്ഞിട്ട് വേറെ ഒന്ന് രണ്ട് വസ്തുക്കൾ കൂടി കാണാൻ പോകാനുള്ള തിരക്കുണ്ട്, അതാ, നല്ല പൂത്ത കാശുള്ള ടീമാണ്, വിലയൊത്താൽ ഉടനെ എഴുതിയെടുക്കും.
കൃഷ്ണൻ കുട്ടി സ്വതസിദ്ധമായ ബ്രോക്കർ ഭാഷയിൽ കാര്യങ്ങൾ വിവരിച്ചു നിന്നപ്പോൾ, അയാൾ കാര്യം കഴിഞ്ഞ് ഒഴിഞ്ഞ ബക്കറ്റ്മായി നടന്ന് വന്നു.
അച്ചായ നിങ്ങള് പെട്ടെന്ന് വാ,അവർക്ക് അങ്ങേയറ്റത്തെ അതിരൊന്ന് കാണിച്ച് കൊടുക്ക്.
കൃഷ്ണൻകുട്ടി തിടുക്കം കാണിച്ചു.
അല്ല നിന്റെ വെപ്രാളം കണ്ടാൽ തോന്നും നീ ഇത് പൊക്കകച്ചവടം ചെയ്യുകയാണെന്ന്. അങ്ങനെ വല്ല ഗുലുമാലും ഒപ്പിക്കുന്നുണ്ടെങ്കിൽ നേരത്തെ പറയണം.
അയ്യോ ,,, ഭാഗവനാണെ അങ്ങനെ ഒരേർപ്പാടും ഇതിൽ ഇല്ല. അച്ചായന് എന്നെ വിശ്വാസിക്കാം.
നീ ആണയൊന്നും ഇടണ്ടാ , നിന്നെയെനിക്ക് വിശ്വാസമൊക്കെ തന്നെ,അവസാനം എഴുത്താപ്പീസിൽ കശപ്പിശ ഉണ്ടാവേണ്ടെന്ന് കരുതി പറഞ്ഞതാ.
അവൾക്ക് അയാൾ കൃഷ്ണൻകുട്ടിക്കിട്ട് കൊട്ടിയത് അത്രയ്ക്ക് സുഖിച്ചില്ലെന്ന് അവളുടെ രൂക്ഷമായ നോട്ടം കണ്ടപ്പോഴേ അയാൾക്ക് പിടികിട്ടി.
സൂസന് ഒരു ചമ്മിയ ചിരിസമ്മാനിച്ചിട്ട് തോമാച്ചൻ പറഞ്ഞു.
എല്ലാവർക്കും ചായയെടുക്ക്, ഞാനവരെ അതിര് കാണിച്ചിട്ട് വിളിച്ചോണ്ട് വരാം.
അപ്പോൾ കൃഷ്ണൻ കുട്ടിപറഞ്ഞു.
ചേച്ചിയെ ആർക്കും പഞ്ചസാരവേണ്ട കേട്ടോ!.എല്ലാം വിതൗട്ടാ.
അതാ നന്നായത്, വേണമെന്ന് പറഞ്ഞാലും ഇവിടെ ഒരു നുള്ള് പഞ്ചസാരയിരിപ്പില്ല,അവൾ പിറുപിറുത്തു.
മഴക്കാറ് വീണ്ടും ഉരുണ്ട് കൂടുന്നത് കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് തിരികെ വന്ന് വരാന്തയിൽ കയറി ഇരുന്നു.
എന്റെ പേര് മാത്യൂസ്, എനിക്ക് വേണ്ടിയാ വസ്തു വാങ്ങുന്നത്,
ഇതൊരു വസ്തു ആക്കി എടുക്കാൻ ഇനിയും ഒത്തിരി ചിലവ് വരും, എന്നാലും നിങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ ഒരു മുതലെടുപ്പ് നടത്തുന്നത് മര്യാദയല്ലല്ലോ?, നിങ്ങൾ കൃഷ്ണൻ കുട്ടിയോട് പറഞ്ഞത് അല്പം കൂടിയ വിലയാണ്, ഞാൻ ഒരു വില അവനോട് തന്നെ പറഞ്ഞിട്ടുണ്ട്, സമ്മതമാണെങ്കിൽ നമുക്ക് ഉറപ്പിക്കാം.
നിങ്ങൾ പറഞ്ഞവില കൃഷ്ണൻ കുട്ടി എന്നോടും പറഞ്ഞു, അല്പം കുറവാണ്, എന്നാലും ഞാൻ പേശുന്നില്ല,എനിക്ക് സമ്മതം, ഒരു ടോക്കൻ തന്നിട്ട് ഇനി സംസാരിക്കാം എന്താ!.
അതിനെന്താ താമസം, അതിപ്പോൾ തന്നെയായിക്കോട്ടെ.
മാത്യൂസ് പറഞ്ഞു.
ടോക്കൺ അഡ്വൻസ് വാങ്ങുമ്പോൾ തോമാച്ചന്റെ ഉള്ളൊന്ന് പിടഞ്ഞു. ഇത്രയും നാൾ തന്നെ ഊട്ടിവളർത്തിയ മണ്ണ് തനിക്ക് അന്യമാകുന്നതോർത്തപ്പോൾ സങ്കടം വന്ന് തന്റെ കണ്ണ് നിറയുന്നുണ്ടോ എന്നയാൾ ശങ്കിച്ചു. ഉള്ളിലെ നീറ്റൽ പുറത്ത് കാട്ടാതെ അയാൾ ചിരിച്ചു.
എല്ലാവരും ആ ചിരിയിൽ പങ്ക് ചേർന്നു.
ചായയും കൊണ്ട് വന്ന സൂസന്റെ മുഖവും പ്രസന്നമായി.
നടവഴിയിൽ നിന്ന് കർണ്ണപുടങ്ങളിൽ മുഴങ്ങികൊണ്ടിരുന്ന ചെണ്ട മേളം അകന്നകന്ന് കാറ്റിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നത് പോലെ.