രചന : പി എൻ ചന്ദ്രശേഖരൻ പേര്കത്തുശ്ശേരിൽ ഇളങ്കാട്✍

മന്വന്തരങ്ങളിതുപോലെ മനോഹരിനാ
മൊന്നിച്ചുഭ്രങ്‌ഗസദൃശം സരസം രമിച്ചു
വന്നില്ല തെല്ലുമനുരാഗവിരക്തി നിന്നോ
ടെന്നോമലേപെരുകിടുന്നിതു മാരതാപം

നീകൊഞ്ചലാർന്നുകുയിൽനാദമിണങ്ങിമേനി
യാകെപ്രിയേമൃദുലമായ്തുഹിനാമൃതംപോൽ
പ്രേമാർദ്രതെ തവനിഗൂഢമൃദുസ്മിതത്തിൻ
സാമർത്ഥ്യമെന്നേയൊരങ്‌ഗപതങ്‌ഗമാക്കി

ചൊല്ലീടുകാത്മസഖിഏതൊരുശക്തിയാണി
പ്പുല്ലാംകുഴൽസ്വരമെടുത്തുനിനക്കുതന്നു
മല്ലാക്ഷിനിൻമിഴിയിലുണ്ട് മഹേന്ദ്രജാല
മെല്ലാമിണങ്ങിയതുമെങ്ങിയാണ് തോഴി

പൊട്ടിച്ചിരിച്ചതുമതിതവകള്ളനാണം
മൊട്ടിട്ടു പൂവുടലിൽ വീണിതുരോമർഷം
മാട്ടൊക്കെമാറിയരുണാധരിപാദതാരാൽ
വട്ടംവരയ്ക്കുവതുമെന്തിന് പൂഴിമണ്ണിൽ

ഉന്നംതൊടുത്തൊരുകടാക്ഷശരം തറച്ചു
പൊന്നേമുറിഞ്ഞുമനമിന്ദ്രധനുസ്സൊടിഞ്ഞു
ചിന്നിത്രസിച്ചണതകർന്നൊഴുകി പ്രവാഹം
നിന്നില്ലനിർവൃതിനുകർന്നു നഖശിഖാന്തം

പൊന്നമ്പിളിത്തുകിലഴിഞ്ഞുശരീരമാകെ
പ്പിന്നിപ്പടർന്നുനെടുവീർപ്പിലുലഞ്ഞു ദേഹം

കന്യാവനം മഴനനഞ്ഞുറവക്കയത്തിൽ
ചെന്നങ്ങുവീണുനിറയുംനവകാഭിഷേകം

കല്യാണിനീതവതലോടലിലെന്റെ ദേഹം
വില്ലായ്വ്വളഞ്ഞുമുറുകിമുറിയുന്നുഞാണും
കല്ലോലജാലമിളകി കളകാഞ്ചി രാഗ
സല്ലാപമെങ്ങുമലതല്ലിയനങ്‌ഗ കേളി

നീലാര്lവിന്ദനയനങ്ങളടഞ്ഞു കൂമ്പി
ചേലാർന്നവാർമുടിയഴിഞ്ഞുമുഖത്തുവീണു
മേലാകെവേർത്തുമദഗന്ധമുണർന്നുലാവി
ച്ചാലിച്ച ചന്ദന സുഗന്ധമതീവ രമ്യം

മൺപുറ്റിനേമലരണികുളിർമങ്കയാക്കും
കൺകെട്ടുവിദ്യയറിയുന്നവനല്ലയോനീ
വെൺപട്ടുമേനിതഴുകിത്തളരട്ടെ വീണ്ടും
പെൺചിത്തചാപലമൊരുങ്ങിയിതാമണാളാ.

പി എൻ ചന്ദ്രശേഖരൻ

By ivayana