രചന : കൃഷ്ണമോഹൻ കെ പി ✍
നീളുന്ന ദുഃഖത്തിന്റെ ഭാവങ്ങളെല്ലാം വാങ്ങി
നീളെയങ്ങൊഴുകുന്നു ഭാസുര നിളാ നദീ
മാനവജീവിതത്തിൻസുഖദുഃഖങ്ങളൊക്കെ
മാനിനിയവൾ തന്റെ ഒഴുക്കാൽ ചൊല്ലീടുന്നൂ
വേനലിൽ വറ്റിത്തീർന്ന പുഴയോ മനസിന്റെ
വേപഥുകാട്ടീടുന്നൂഅന്യൂനമതിൽപ്പിന്നെ
വർഷത്തിൽപുളകിതഗാത്രിയായൊഴുകുമ്പോൾ
വർദ്ധിതമോദത്തോടെ ഹർഷത്തെ ക്കാട്ടീടുന്നൂ
കവിയുടെവരികളാ നിളയുടെ പ്രവാഹം പോൽ
ശാന്തമായ് ചൊൽവൂ പല ഭാവങ്ങൾ ക്രമമായീ
കാലത്തിന്നൊഴുക്കിലീജീവിതത്തോണിയാകെ
പാടെയങ്ങുലയുന്ന നേരത്തു ഭവമന്ത്രം
ആടലൊന്നൊഴിച്ചിട്ടു കാട്ടട്ടെ ശാന്തീ തീരം
ആസുര ഭാവങ്ങളും ഒന്നൊന്നായ് മാഞ്ഞീടട്ടെ
ആരഭിയുണരട്ടേ ഭാവനാ വിഹായസ്സിൽ
ആഗമധ്വനികളോ, ഗീതമായ് മാറീടട്ടേ
ഭാസുര ഗീതം കേട്ടു പ്രപഞ്ചവും കുളിർക്കട്ടേ
ഭീതിതർ മനസ്സിന്റെ തീരവും തളിർക്കട്ടേ
ഭാനുവിൻകരങ്ങളാൽ ഇരുളങ്ങകലുമ്പോൽ
ഭൂവിൻ്റെ മനസ്സിലെ ഭാവവും തെളിയട്ടെ.