രചന : വി.കെ.ഷാഹിന✍

രമയുടെ വീട്ടുചുമരിൽ
നിറയെ ദൈവങ്ങളുടെ പടം.
വില്ലു കുലയ്ക്കുന്ന രാമൻ
തേരു തെളിക്കുന്ന കൃഷ്ണൻ
മരതകമലയേന്തുന്ന ഹനുമാൻ
താമരപ്പൂവിലെ സരസ്വതി
നാണയങ്ങൾ ചൊരിയുന്ന ലക്ഷ്മി
പാമ്പിൻ പുറത്തേറി വിഷ്ണു
ഇവയ്ക്കിടയിൽ നരച്ച
മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും.
എത്ര കണ്ടാലും മതിയാവാത്ത
ദൈവങ്ങളെ കണ്ണുവെച്ച്
ഒരു ദൈവചിത്രം പോലുമില്ലാത്ത
എന്റെ വീടിനെ ഞാൻ വെറുത്തു.
ചുമരിൽ കരിക്കട്ട കൊണ്ട്
വില്ലു കുലയ്ക്കുന്ന രാമനെ വരച്ചു.
രമയും അമ്പിളിയും സുപ്പനും
ഇത്താത്തയും മമ്മദും ജോസൂട്ടനും
കുഞ്ഞമ്മ കാണാതെ
മെടഞ്ഞോല മോഷ്ടിച്ച്
കുഞ്ഞിപ്പെര കെട്ടി.
രമേന്റമ്മ കടം തന്ന കലത്തിൽ
കഞ്ഞിവെച്ചു.
ജോസൂട്ടന്റെ അമ്മ തന്ന
പൊള്ളിച്ച മത്തി കൂട്ടി
കുഞ്ഞിപ്ലാവില കുത്തി
കഞ്ഞി കുടിച്ച്
കിറി തുടച്ച്
തോളിൽ തോൾ പിടിച്ച്
ഞങ്ങൾ അമീന ബസ്സായി.
ആലുവയിലേക്ക് ‘ബ്രൂം ‘ എന്ന്
വണ്ടി സ്റ്റാർട്ട് ചെയ്തു.
പച്ചവെള്ളം കുടിച്ച്
സുപ്പനോടിച്ച വണ്ടി
മുടങ്ങാതങ്ങനെ
ഞങ്ങൾക്കായി
സർവ്വീസ് നടത്തി.
ടി വിയിലെ രാമായണം കണ്ട്
ഞങ്ങൾ രാമനും രാവണനുമായി.
കുടക്കമ്പികളെല്ലാം
അമ്പുകളായി
വില്ലുകുലച്ച് യുദ്ധം ചെയ്ത്
സീതയെ രക്ഷിക്കാൻ
ശ്രമിച്ചു കൊണ്ടിരുന്നു.
അയോദ്ധ്യ എവിടെയെന്നറിയാതെ
രാമനു വേണ്ടി യുദ്ധം ചെയ്ത്
തളർന്ന ഒരു ദിവസമാണ്
ഉമ്മാമ്മ എന്നോട് പറഞ്ഞത്
വീട്ടിലിരിക്കെടീന്ന് ….
അയോദ്ധ്യയിലൊരു
രാമനുണ്ടത്രേ
അതാണ് യഥാർത്ഥരാമൻന്ന്.
രാമനു വേണ്ടി രഥയാത്രയ്ക്ക്
അച്ഛനോടൊപ്പം പോയതിൽ പിന്നെ
സുപ്പൻ ഞങ്ങളോട് മിണ്ടാതായി,
ഞങ്ങൾ കുഞ്ഞിപ്പെര കെട്ടാതായി,
പ്ലാവിലക്കഞ്ഞി കുടിക്കാതായി.
ഉമ്മാമ്മ വഴക്കു പറയുന്നതു
കേൾക്കാതിരിക്കാൻ
ഉമ്മറത്തെ രാമന്റെ പടവും
ഞാൻ മായ്ച്ചുകളഞ്ഞു …

വാക്കനൽ

വി.കെ.ഷാഹിന

By ivayana