രചന : സുധീഷ് ചന്ദ്രൻ സഖാവ്✍
പുതിയ കാലത്തിന്റെ വേഗങ്ങളിൽ ,
തിരക്കുകളിൽ
സമയത്തെ പിടിച്ചുകെട്ടാനാവാതെ ഓടുമ്പോൾ
പിറകിലേക്ക് ഒന്നു നോക്കാനായാൽ
വിണ്ട മണ്ണിലേക്ക്
പുതുമഴ വീണ പോലെയൊരു
സുഖാ മാഷെ .
കുഞ്ഞീതായിരിക്കുമ്പോൾ ചേച്ചിയും
വീടിനടുത്തുള്ള കൂട്ടുകാരും
പോയിരുന്ന ഉസ്ക്കൂളിലേക്ക് ,
” ഉസ്ക്കൂള് തൊറക്കാറായി
ന്റെ മോനും ഇനി പൂവാടാ” ന്ന് പറഞ്ഞ്
മുറുക്കാൻ മുറുക്കിയ വായ തുറന്ന്
സ്നേഹം ആവോളം തന്ന്
ഊട്ടിയുറക്കി അച്ഛമ്മ .
വാപ്പൊറത്തെ കടുപ്പിലെ വെച്ച വാഴയിൽ
വെള്ളം കേറിയ ആധിയിൽ
പകുതി മൂപ്പായ കായ വെട്ടാൻ പോയ അമ്മ
കുമ്പളങ്ങയും പച്ചമുളകും പൊട്ടിച്ച്
പുല്ല് പൊതിഞ്ഞുകെട്ടുമ്പോൾ
കൊച്ചുമോൻ ചേട്ടനോട് പറഞ്ഞു :
” നാളെ മോനുട്ടനെ ഉസ്ക്കൂളിൽ കൊണ്ടാക്കണം .
ചത്തൂന്ന് പറഞ്ഞ കുട്ട്യാ …..
മിഷിനാശൂത്രീലെ രാംകുമാർ ഡോക്ടറാ
ന്റെ മോനെ തിരിച്ചു തന്നേ .”
രണ്ട് കൊല്ലം ആശുപത്രീല് …..
പരിചരണത്തിന്റെ നീണ്ട ദിവസങ്ങൾ
എനിക്കായ് എന്നും തരുന്ന അമ്മ .
1975 ൽ രണ്ടു ലക്ഷം രൂപയോളം
രോഗശുശ്രൂഷയ്ക്ക്
എനിക്കായ് ചിലവിട്ട അച്ഛന്റെ വാക്കുകൾ :
” അന്നവന് ചെലവാക്കിയ കാശുണ്ടേൽ
ഏക്കറുകണക്കിന് തെങ്ങുംപറമ്പ് കിട്ടും .
എന്നാലും ന്റെ മോനെ ചികിത്സിച്ച്
അവനിഷ്ടമുള്ളയിടം വരെ പഠിപ്പിക്കും .
നാളെ ഉസ്ക്കൂൾ തൊറക്കാ !
പഠിക്കട്ടെ അവൻ സ്വതന്ത്രനായി .”
പുതിയ തോൾസഞ്ചിയും പൊട്ടണ സ്ലേറ്റും
ഒരു പെട്ടി ചോപ്പ രാശിയുള്ള പെൻസിലും
വർണ്ണക്കൊടയും പെരുക്കുപട്ടികയും
വാങ്ങിത്തന്ന്
ഉസ്ക്കൂളിൽ കൊണ്ടു പോകണ ടെസ്റ്റ്
ചട്ടയിട്ട് പൊതിഞ്ഞ് തരുന്ന കുഞ്ഞിപാപ്പയും
എന്നും വല്ല്യോപ്പയുടെ മോനെ
എടുത്തു കൊണ്ടുവാൻ
വാത്സല്യ കരാറെടുത്ത
ന്റെ അമ്മിണ്യേച്ചിയും സുമച്ചേച്ചിയും
പിന്നെയും കുറെ സ്നേഹ മുഖങ്ങൾ
വയ്യാത്ത കുട്ടിയായന്റെ ആദ്യ
ഉസ്ക്കൂൾ പ്രവേശനത്തിന്
മനസ്സൊരുക്കി കാത്തു നിന്നു .
ആദ്യദിനം ഉസ്ക്കൂൾ മുമ്പിലെ ഉണ്ണികൃഷ്ണേട്ടന്റെ കടേന്ന്
ചായയും പുട്ടും വാങ്ങിത്തന്ന്
പുതിയ ലോകത്തിന്റെ പേടി മാറ്റിയെന്റെ അമ്മ .
ഹെഡ്മിസ്ട്രസ് സരളടീച്ചറുടെ മുറി
ഇപ്പോഴും ഓർമ്മയിലുണ്ട് .
ചിണുങ്ങി കരഞ്ഞ മുഖവുമായി
അമ്മമാരുടെ മുണ്ടിന്റെ പിന്നിൽ
മറഞ്ഞ് നില്ക്കുന്ന കുഞ്ഞോനും
അന്നക്കുട്ടിയും കണ്ണനും .
വയ്യാത്ത കുട്ടിയെന്ന പരിഗണനയിൽ
വേഗം ടീച്ചർ ക്ലാസ് മുറിയിലേയ്ക്ക് വിട്ടു .
കയ്യിൽ വടിയും മുഖത്ത് ചിരിയുമായി നില്ക്കുന്ന
നാരായണി ടീച്ചർ .
” അയ്യോ ….. മോനെ ഇവിടെയിരുത്തൂ .”
രണ്ടാമത്തെ ബഞ്ചിന്റെ ഒരു മൂലയിലേക്ക് ചൂണ്ടി
ടീച്ചർ പറഞ്ഞു .
ചുറ്റും നോക്കുമ്പോൾ മുഖത്ത്
കരച്ചിലിന്റെ മഴയൊളിപ്പിച്ചവർ .
ചിലർ ചാറി പെയ്യുന്നുണ്ട്
ചിലർ തിമർത്തു പെയ്യുന്നുണ്ട്
ചിലർ കുതറി ഓടാൻ ശ്രമിക്കുന്നുണ്ട്
എന്റെ ഉള്ളിലും സങ്കടം പൊട്ടാറാവുന്നുണ്ട് .
ബോർഡിൽ ചോക്കുകൊണ്ട്
ഒന്നും ‘ അ’ യും ആദ്യപാഠം എഴുതി
സ്ലേറ്റ് എടുത്ത് ഞങ്ങൾ വരച്ച് തൊടങ്ങി .
രണ്ടും മ്മക്ക് അറിയുന്നതുകൊണ്ട്
വേഗം എഴുതി .
സുമേച്ചി വല്ല്യേ ക്ലാസിലല്ലേ …..
കൂട്ടുകാരികളേം കൊണ്ട്
വയ്യാത്ത അനിയനെ കാണാൻ വന്നു .
കൊറേ പേർ പല്ലൊട്ടിയും ചട്ടിമിഠായിയും തന്നു .
അതിലെ കറുത്ത ചിരിക്കുന്ന ചേച്ചി തന്ന
കന്യാകുമാരി പെൻസില് കുറേനാൾ
ഞാൻ എഴുതാതെ നിധിപോലെ
സൂക്ഷിച്ചുവെച്ചു .
മൂത്രമൊഴിക്കാൻ ബെല്ലടിച്ചു .
എല്ലാ കുട്ടികളും മൂത്രപ്പുരയിലേക്ക്
ഓടുന്നു , നടക്കുന്നു .
ടീച്ചർ പറഞ്ഞു : ” കുട്ട്യെ പോണില്ല ?”
‘ ആഹാ …. ‘ എന്നും പറഞ്ഞ്
വീട്ടിൽ മുട്ടുകുത്തി നടക്കണപോലെ
ഞാനും ഓടി .
വരാന്തയുടെ പകുതിയെത്തിയപ്പോൾ
കൊറേ കുട്ടികൾ ഓടിവന്ന് വട്ടംകൂടി .
ദേ …. ആനക്കുട്ടി ….. തുമ്പിക്കൈയില്ലല്ലോ …..? കൊമ്പില്ലല്ലോ …..?
ആനക്കുട്ടിയെപ്പോലെ നടക്കണേ …..
എന്നു പറഞ്ഞാർത്തു ചിരിച്ചു .
നേരത്തെ ക്ലാസിലിരിക്കുമ്പോൾ
പൊട്ടാതെയിരുന്ന സങ്കടമഴ പൊട്ടിപെയ്തു .
മുഖത്ത് കണ്ണീർച്ചാലുകളഴുകി ….
എവിടെനിന്നോ സ്നേഹം
ചിരിയിലും വാക്കിലും തരുന്ന
ചന്ദ്രികടീച്ചർ ഓടിവന്ന് എന്നെയെടുത്തു
കുട്ടികളോടായി ചിരിച്ചു പറഞ്ഞു നടന്നു :
” വയ്യാത്തോണ്ടല്ലേ ഇവൻ ഇങ്ങനെ നടക്കണേ …..
ആരും കളിയാക്കരുത് ട്ടാ …..
നല്ല അടി കിട്ടും .”
എടുത്ത് മൂത്രപ്പുരയിൽ കൊണ്ടുപോയി
ക്ലാസിലിരുത്തുമ്പോൾ ടീച്ചർ പറഞ്ഞു :
” ഇനിയെന്നും ഇവനെ നിങ്ങൾ
പിടിച്ചു നടത്തിക്കൊണ്ടുപോണം എല്ലായിടത്തേക്കും .”
അന്നു തുടങ്ങിയ സ്നേഹം , വാത്സല്യം
ചിരിയ്ക്കണ ടീച്ചർമാരോട് …..
ഞാനും അന്നു മാത്രമാണ്
മുട്ടിലിഴഞ്ഞു നടന്നതും .
കൊണ്ടു പോവാൻ പറ്റാവുന്നിടങ്ങളിലേക്ക്
ഇന്നും അവർ കൊണ്ടു പോവുന്നു
ഈ വയ്യാത്ത കുട്ടിയെ .
പക്ഷേ എന്റെ കറുമ്പി ഇപ്പോഴും വിളിക്കും
ആനക്കുട്ടീന്ന് ….
അത് കേൾക്കുമ്പോൾ ഇപ്പോഴും ഒരു സുഖാ !
ന്റെ തൊട്ടിപ്പാള് ഉസ്ക്കൂളിലേയും ജീവിതത്തിൽ പഠിച്ച
ആദ്യ ദിവസത്തെ ആദ്യ പാഠമാണിത്. …..
അന്ന് ഉച്ചയാവുമ്പോഴയ്ക്കും ഉസ്ക്കൂള്
ബാലേട്ടൻ കൂട്ടമണിയടിച്ച് വിട്ടു .
ഇന്ന് നമ്മളും ചിലപ്പോഴൊക്കെ
ഓർമ്മകളെ കൂട്ടമണിയടിച്ച് വിടുന്നു .
സ്നേഹം നിറയുന്ന ചിരിയുള്ള ഗുരുഭൂതരും
ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരും കൂട്ടുകാരികളും
ഇന്നും പുണ്യാ മാഷേ …..
ഓർമ്മകളുടെ ചതയാത്ത ഓരത്തിരുന്ന്
പേരറിയാത്ത ….. തൊട്ടറിയാത്ത ….. കാണാത്ത …..
ആ മാഷ് താടി തടവി
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടാകും .
മോഹനൻ പി സി പയ്യപ്പിള്ളി