രചന : ഒ.കെ.ശൈലജ ടീച്ചർ ✍
രാവിലെ ഓഫീസിൽ എത്തിയ ഉടനെ ഉച്ചക്കുള്ള ലീവ് അപേക്ഷ കൊടുത്തു അല്ലേ ?” ശശി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും തലയുയർത്തി അവനെ നോക്കി.
” ഗുരുവായൂർ പോകണം. തുലാഭാരം നടത്താനുള്ള വഴിപാട് ഉണ്ട് . ശ്രീമതി കുറേ നാളായി പറഞ്ഞു കൊണ്ടിരിക്കുന്നു. എന്ത് തന്നെയായാലും ഇന്ന് പോകാമെന്നു പറഞ്ഞിട്ടാണ് രാവിലെ വീട്ടിൽ നിന്നുമിറങ്ങിയത്.” ഞാൻ വീണ്ടും എന്റെ ഫയലിലേക്കു തന്നെ മുങ്ങി.
“സാർ ബാങ്കിൽ നിന്ന് ആളു വന്നിട്ടുണ്ട്. ഒരു ജപ്തിയുണ്ട്.” പ്യൂൺ രവി വന്നു പറഞ്ഞു.
“ശരി ഞാൻ വരാം. അത് കഴിഞ്ഞിട്ട് വേണം എനിക്ക് വീട്ടിലേക്ക് പോകാൻ . അവിടെ ഭാര്യയും മക്കളും ഗുരുവായൂർ പോകാനുള്ള ഒരുക്കത്തിലാണ്.
രവിയോടത് പറഞ്ഞിട്ട് ഞാൻ ഓഫീസിൽ നിന്നുമിറങ്ങി.
പോലീസും ബാങ്കിൽ നിന്നുള്ള ആളുകളും വില്ലേജാഫീസറായ ഞാനും കൂടി മൂന്ന് വാഹനങ്ങളിലായി പോകുമ്പോൾ എന്റെ മനസ്സ് നിറയെ ഭാര്യയും കുട്ടികളുമായിട്ടൊരു ഗുരുവായൂർ യാത്ര മാത്രമായിരുന്നു. കുറേക്കാലമായിട്ടുള്ള അവളുടെ ആഗ്രഹമായിരുന്നു ഈ തുലാഭാരം. ഇന്ന് എന്തായാലും ആ കാര്യം നടത്തണം. എന്നാലേ അവർക്ക് സന്തോഷമാകുകയുള്ളൂ.
ഞങ്ങൾ ജപ്തി ചെയ്യേണ്ട വീട്ടിലെത്തി. ജപ്തി നടപടികൾ ആരംഭിച്ചു. വീട്ടിൽ എന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടോയെന്ന് വില്ലേജാഫീസർ പരിശോധിച്ചു ഉറപ്പ് വരുത്തണം.
രണ്ടു മുറികളും വരാന്തയും മാത്രമുള്ള ഓടിട്ട ഒരു ചെറിയ വീടും പത്ത് സെന്റ് ഭൂമിയും. ഓട് അവിടവിടെയായി പൊട്ടിയിട്ടുണ്ട്.
അകത്ത് കയറി നന്നായൊന്നു നോക്കി. പൊട്ടിപൊളിയാറായ ചെറിയൊരു കട്ടിലും പഴകിയൊരു അലമാരയും കുറച്ചു വസ്ത്രങ്ങളുമല്ലാതെ മുറിയിൽ വേറൊന്നുമില്ലായിരുന്നു. മൂലയിൽ ഒരു കാർഡ് ബോർഡ് പെട്ടിയിലായി കുറച്ചു പുസ്തകങ്ങളും.
അടുക്കളയിൽ നോക്കിയപ്പോൾ ആൾ താമസമില്ലാത്ത വീട് പോലെ തോന്നി. ശൂന്യമായ പാത്രങ്ങൾ. കമിഴത്തി വെച്ചിരിക്കുന്നു. നന്നായൊന്നു കൂടി നോക്കിയപ്പോൾ അടുപ്പിന്റെയരികിലായി എന്തോ അടച്ചു വെച്ചത് പോലെ തോന്നി. ഒരു പ്ലേറ്റിൽ കുറച്ചു ചോറ് വെച്ചത് കണ്ടു. അത് വീണ്ടും അടച്ചു വെച്ചു കൊണ്ടു തിരിഞ്ഞു നടക്കുമ്പോൾ നിലത്തൊരു മൂലയിലായി ചെറിയൊരു കുപ്പി കണ്ടു. ഞാനത് എടുത്തു നോക്കി. അതൊരു വിഷക്കുപ്പിയായിരുന്നു. എന്റെ ഉള്ളൊന്നു പിടഞ്ഞു. അപ്പോൾ ഈ ചോറിൽ വിഷം കലർത്തിയിട്ടുണ്ടാകുമല്ലോ.
കുപ്പിയുമായി അടുക്കളയിൽ നിന്നുമിറങ്ങി മുറ്റത്തേക്കു നടന്നു. അവിടെ അയൽപക്കത്തുള്ള ഒന്നുരണ്ടു പേർ നിൽക്കുന്നുണ്ടായിരുന്നു വീട്ടുകാർ കേൾക്കാതെ അവരോട് കാര്യങ്ങൾ പറഞ്ഞു. വീട്ടുകാരെപ്പറ്റിയും വിശദമായി അന്വേഷിച്ചു
“സാർ കൂലിപ്പണിയായിരുന്നു രാമന്. പണിയെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ അവൻ മരിച്ചിട്ട് രണ്ടു വർഷമാക്കുന്നു. അവന്റെ ഭാര്യയും രണ്ടു മക്കളുമാണിവിടെ താമസിക്കുന്നത്. അവരുടേത് മിശ്രവിവാഹമായിരുന്നു. ഇരു വീട്ടുകാരും അനുകൂലിച്ചിരുന്നില്ല. ഈ അവസ്ഥയിലും അവരാരും തിരിഞ്ഞു നോക്കിയിട്ടില്ല.” അയൽവാസിയായ ദാമു പറഞ്ഞു.
ജപ്തി നടക്കുകയാണെങ്കിൽ അവർക്ക് പോകാനോ, താമസിക്കാനോ വേറൊരിടമില്ല. രാമന്റെ ഭാര്യ ശാരദ ആസ്തമാ രോഗിയാണ്. ജോലി ചെയ്യാനൊന്നും പറ്റില്ല. വിധവാ പെൻഷൻ മാത്രമാണ് ആശ്രയം. നാട്ടുകാർ ചേർന്ന് ചെറിയൊരു തുക കൊടുത്തിരുന്നു. അത് കൊണ്ട് കൂടിയാണ് കാര്യങ്ങൾ ഇതുവരെ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്. പിന്നെ കോവി ഡ് എല്ലാവരേയും ദുരിതത്തിലാക്കിയല്ലോ.” ദാമുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോൾ ജപ്തി നടക്കുകയാണെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലാണ് ഈ അമ്മയും മക്കളുമെന്ന് മനസ്സിലായി.
കീശയിൽ നിന്നും ഫോൺ ബെൽ അടിച്ചപ്പോഴാണ് ഞെട്ടലിൽ നിന്നുമുണർന്നത്.
“ഏട്ടാ ഞങ്ങളിവിടെ റെഡിയായിരിക്കുകയാണ്. മക്കൾ നല്ല ഉത്സാഹത്തിലാണ്. ഇപ്പോൾ തന്നെ എത്തുമല്ലോ” ഭാര്യ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനോ, മറുപടി പറയാനോ ഉള്ള മാനസികാവസ്ഥയായിരുന്നില്ല. ഫോൺ കട്ട് ചെയ്തു കീശയിൽ വെക്കുമ്പോൾ അറിയാതെ കീശയിലുള്ള പൈസയിൽ തൊട്ടു.
തുലാഭാരത്തിനു വെച്ച വലിയൊരു തുകയുണ്ട് കീശയിൽ .
പിന്നീടൊന്നും ആലോചിച്ചില്ല. ആ സംഖ്യയെടുത്ത് വീട്ടുകാരിയുടെയടുത്ത് ചെന്നു.
“ഇതാ ഈ പൈസ ബാങ്ക് മാനേജരുടെ കൈയ്യിൽ കൊടുക്കൂ. എന്നിട്ട് ബാക്കി പൈസ അടക്കാൻ അവധി ചോദിക്കൂ.” നിറകണ്ണുകളോടെ തന്നെ നോക്കി കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു”സാറേ സാറിനെ ദൈവം തുണയ്ക്കും. സാറിന് ഇത്രയും തുക തരാൻ തോന്നിയല്ലോ. ദൈവദൂതനെപ്പോലെ സാർ വന്നില്ലായിരുന്നെങ്കിൽ ഞാനും മക്കളും ഇന്ന് ഈ ഭൂമി വിട്ടു പോയേനെ”
മനസ്സിൽ ഏറെ വേദനയുണ്ടായെങ്കിലും ഒരാശ്വാസമായിരുന്നു. ഒരു കുടുംബത്തെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞല്ലോ.
വീട്ടിലെത്തി ഭാര്യയോടും മക്കളോടും കാര്യങ്ങൾ പറഞ്ഞപ്പോൾ അവർക്കും ആശ്വാസമായി.
“നമുക്ക് പിന്നീട് ഒരു ദിവസം പോകാം മക്കളെ” അവൾ മക്കളേയും കൂട്ടി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോയി. ക്ഷേത്ര ദർശനത്തിനായിട്ടൊരുങ്ങിയ മക്കളെ അങ്ങനെ ആശ്വസിപ്പിച്ചു.
വർഷങ്ങൾ പലതു കഴിഞ്ഞു ഞാൻ റിട്ടേർഡായി. ഒരു വലിയ കാർ എന്റെ മുറ്റത്ത് വന്നു നിന്നു. ശബ്ദം കേട്ട് ഞാൻ പത്രവായനയിൽ നിന്നും തലയുയർത്തി നോക്കി. പരിചയമില്ലാത്ത രണ്ടു പേർ കാറിൽ നിന്നുമിറങ്ങി അടുത്തേക്കു വന്നു. അവർ കുറേ കാശ് എന്റെ മുമ്പിൽ വെച്ചു കൊണ്ടു പറഞ്ഞു.
“സാർ ഇതൊരു വലിയ സംഖ്യ യുണ്ട്. സാറിനവകാശപ്പെട്ടതാണ്. ദയവായി സ്വീകരിക്കണം.”
എനിക്കൊന്നും മനസ്സിലായില്ല.” നിങ്ങൾ ആരാണ്? എവിടെ നിന്നും വരുന്നു ? നിങ്ങളെന്തിനാണ് എനിക്ക് കാശ് തരുന്നത് ?” ഞാനവരുടെ മുഖത്ത് സൂക്ഷിച്ചു നോക്കി ഒരു പരിചയവുമില്ല. സൗമ്യതയോടെ ബഹുമാനത്തോടെ നിലക്കുകയാണ് ആ രണ്ടു ചെറുപ്പക്കാരും.
“സാർ ‘സാറിന്റെ കരുണയാൽ ജീവൻ രക്ഷപ്പെട്ടവരാണ് ഞങ്ങൾ” അവർ അന്ന് നടന്ന ജപ്തിയുടെ കാര്യങ്ങൾ വിശദീകരിച്ചു. അന്ന് അവിടെയുണ്ടായിരുന്ന കുട്ടികളാണ് ഇന്ന് എന്റെ മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്നതെന്ന് അറിഞ്ഞപ്പോൾ അത്ഭുതവും ആനന്ദവും തോന്നി. അല്പം അഭിമാനവും . ഞാൻ എഴുന്നേറ്റു രണ്ടു പേരേയും ചേർത്ത് പിടിച്ചപ്പോൾ അവരെന്റെ പാദങ്ങൾ തൊട്ടു നമസ്ക്കരിച്ചു കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു” സാറിന് തോന്നിയ നല്ല മനസ്സാണ് ഇന്ന് ഞങ്ങളുടെ ജീവൻ. ആ കടപ്പാട് എന്നുമുണ്ടാകും. ഈ തുക ഞങ്ങളുടെ സന്തോഷത്തിനു വേണ്ടി സ്വീകരിക്കണം”
“വേണ്ട മക്കളെ . ഞാൻ ആ പൈസ അന്ന് ഭഗവാന് കൊടുത്തതാണ്. ഈശ്വര നിശ്ചയമായിരുന്നു അത്. ഞാനൊരു നിമിത്തം മാത്രം. നിങ്ങൾ ഈ തുക അനാഥരായ മക്കൾക്കോ, അശരണർക്കോ , പാവപ്പെട്ട രോഗികൾക്കോ നല്കൂ .അതാണ് നിങ്ങളുടെ കടമ. നിങ്ങൾക്ക് നന്മ വരട്ടെ” സന്തോഷത്തോടെ അവരെ പറഞ്ഞയക്കുമ്പോൾ ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞു.
“ദീപം …..ദീപം.. നിറദീപവുമായി ഭാര്യ ഉമ്മറത്തേക്കു വന്നപ്പോഴാണ് ചിന്തയിൽ നിന്നുമുണർന്നത്. ഗുരുവായൂരപ്പാ …..എല്ലാവരേയും കാത്തോളണേ …..