രചന : തോമസ് കാവാലം ✍
ആകാശത്തൊരത്ഭുത തിരിയായ്
വിരിയും സൂരൻ കൈരവമായി
സൗര ജ്യോതിർ രാജകുമാരാ!
ഉലകിൽ നീതരും ജീവസ്പർശം.
അനുസ്യൂതം നീ അമൃതുവർഷി-
ച്ചാനന്ദത്തിൻ കൊടുമുടിയേറ്റി
സകലചരാചര സംഘാതത്തിൽ
വിലസും നീയൊരു മാരാളികയല്ലോ.
വാരിധിയിൽനീന്നുയരുമുദധി
അമൃതംവർഷിച്ചവനിയെ നിരതം
പുളകംകൊള്ളിച്ചിളക്കും,കോമര-
മാക്കും ചേലിൽ,വിളനിലമാക്കും.
ശീതളമാരുതനവനിയെയാകെ
നിന്നാശ്ലേഷ ചുംബനമേകവേ
ആനന്ദത്തിൽ നിവൃതി കൊള്ളൂ
പതിത ജനവും പണ്ഡിത സദസ്സും.
സൂര, നീയീ സൗരപഥത്തിൽ
സുരഭിലമാകും സ്ഥാനംകാക്കും
സരസ്വതിപോൽ നീയൂഴിയിലൊഴുകെ
സുകൃതം പകരും സുഖമതിലുപരി.
നാടിൻ നന്മകൾ നിലാവുപോലെ
രജനിയിലും നീ പകരും പാരിൽ
മഴവില്ലൊളിയായ് മഴയും തരുകിൽ
അഴലിൽ ഏഴകൾ വഴിയായ് തേടും.
വേൽക്കാം നിന്നെ ജീവിതതമസ്സിൽ
പുൽകാം നിന്നെ പ്രതിസന്ധിയതിൽ
ത്വൽക്കാരുണ്യമതല്പംവേണം
പുലരാൻ നിഖിലം ചരാചരമതിവിടെ.
നീയില്ലാതീ ജനിമൃതി വീഥിയിൽ
നിരതം ദുഖവുമഴലുമുലകിൽ
നീതാനല്ലോ ജനനം മരണവും
നീതിസൂര്യ!നിന്നുദയം ജീവിതം.