രചന : കെ കെ പല്ലശ്ശന✍

അഞ്ഞൂറ്റി അമ്പത്തൊന്ന് കുട്ടികൾ പരീക്ഷയെഴുതി. ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചു….
“ആരാണ് ആ ഒരാൾ ?”
മാധ്യമ പ്രവർത്തകർക്ക് അറിയേണ്ടത് ആ തോറ്റ കുട്ടിയെക്കുറിച്ചാണ്. ഹെഡ്മാസ്റ്റർ അവൻ്റെ പേരും വിലാസവും നൽകി.
” അല്ല, സമ്പൂർണ എ പ്ലസ് നേടിയവരുടെ ലിസ്റ്റ് വേണ്ടേ?”
പോകാൻ തുടങ്ങിയ പത്രക്കാരോട് ഹെഡ്മാസ്റ്റർ ചോദിച്ചു.
” ഇപ്പോൾ ഈ കുട്ടിയാണ് വാർത്ത”
അവർ തോറ്റ കുട്ടിയുടെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുകയാണ്.
” അവൻ ചിലപ്പോൾ പാടത്തു കുളത്തിൽ ചൂണ്ടയിടാൻ ചെന്നിട്ടുണ്ടാകും.”
അയൽപക്കത്തെ ഒരു സ്ത്രീ വേലിക്കരികിൽ വന്ന് അറിയിച്ചു.
അവർ പാടത്തു കുളത്തിലേയ്ക്കു വിട്ടു.
അവിടെ മൂന്നാലു കുട്ടികൾ ചൂണ്ടയുമായി ഇരിപ്പുണ്ടായിരുന്നു.
” നിങ്ങളിൽ ആരാണ് തോറ്റ കുട്ടി?”
ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു.
മറ്റു രണ്ടു കുട്ടികൾ തോറ്റ കുട്ടിയുടെ നേർക്കു വിരൽ ചൂണ്ടി.
“തോറ്റതിൽ സങ്കടമുണ്ടോ?”
അവർ അവൻ്റെ അടുത്തുചെന്നു ചോദിച്ചു. അവൻ അതിനു മറുപടി പറഞ്ഞില്ല.
” ഇതിനു മുമ്പ് മറ്റു ക്ലാസ്സുകളിൽ തോറ്റിട്ടുണ്ടോ?”
അവൻ അതിനും മറുപടി പറഞ്ഞില്ല. അവൻ്റെ ശ്രദ്ധ മുഴുവനും ചൂണ്ടയിലായിരുന്നു.
“സേ പരീക്ഷ എഴുതുന്നില്ലേ?”
പൊടുന്നനെ അവൻ ചുണ്ട വലിച്ചു.ഒരു വലിയ വരാൽ മത്സ്യം കുടുങ്ങിയിരുന്നു.
“ഓ, എന്തൊരു വലുപ്പം!”
അവർ മത്സരിച്ച് ഫോട്ടോ എടുത്തു.
“കൊടുക്കുന്നോ? എന്തു വില തരണം?”
ഒരാൾ ചോദിച്ചു.
” വിലയൊന്നും വേണ്ട. എടുത്തോളൂ.”
അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അവൻ വീണ്ടും ചൂണ്ടയിൽ ഇര കോർത്ത് വെള്ളത്തിലിട്ടു.
“ഏതു വിഷയത്തിലാണ് തോറ്റത് ?” – അവർ തുടർന്നു ചോദിച്ചു.
“കണക്കിലും ഇംഗ്ലീഷിലും.”
കൂടെയുള്ള കുട്ടികളാണ് മറുപടി പറഞ്ഞത്.
“സാർ, ഇവൻ വേണം വെച്ച് തോറ്റതാണ്.കണക്കു പരീക്ഷയ്ക്ക് കവിതയെഴുതി വെച്ചു. ഇംഗ്ലീഷ് പരീക്ഷയ്ക്ക് തവളയുടെ ചിത്രം വരച്ചു വെച്ചു. പിന്നെങ്ങനെ ജയിക്കും ?”
“അതെന്താ നീ അങ്ങനെ ചെയ്തത്?”
“ഇവൻ അങ്ങനെയാണ്. തോന്നിയപോലെ ചെയ്യും.”
തോറ്റ കുട്ടിയുടെ ചൂണ്ടയിൽ വീണ്ടും മീൻ കുടുങ്ങി. അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവനതിനെ ചുണ്ടക്കൊളുത്തിൽ നിന്നും വേർപെടുത്തിയ ശേഷം കുളത്തിലേയ്ക്കു തന്നെ വിട്ടു.
“കണ്ടില്ലേ, ഇതാണ് ഇവൻ്റെ രീതി.”
“അല്ല, നിങ്ങൾക്ക് മീനൊന്നും കിട്ടിയില്ലല്ലോ?”
ഒരാൾ ചോദിച്ചു.
രണ്ടു പേരും അതിനു മറുപടി പറഞ്ഞില്ല.
“അല്ല, നിങ്ങൾ ഏതു ക്ലാസ്സിലാണ്?”
” പത്താം ക്ലാസ്സിൽ. ഞങ്ങൾ രണ്ടു പേരും ജയിച്ചു. “‘
തോറ്റ കുട്ടിയുടെ ചൂണ്ടയിൽ വീണ്ടും മീൻ കുടുങ്ങി. ഇത്തവണ ആദ്യത്തേതിലും വലിയ മീനാണ് കുടുങ്ങിയിരിക്കുന്നത്.
“ഇതു നിങ്ങൾ എടുത്തോ. വെറുംകൈയോടെ പോകണ്ട.”
അവൻ ആ മത്സ്യം കൂട്ടുകാർക്കു കൊടുത്തു.
അനന്തരം അവൻ വീട്ടിലേയ്ക്കു നടന്നു; വെറുംകൈയോടെ.

(പീറ്റർ പാറക്കൽ )

By ivayana