രചന : ബിനു. ആർ.✍

പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പരപരാന്ന് വെളുക്കുന്നേയുള്ളു. ഓർമ്മവെച്ചനാൾ മുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും.


ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ എഴുന്നേറ്റ് ആയോധനമുറകളിൽ അഭ്യാസം നടത്തും. അച്ഛൻ പറഞ്ഞിട്ടുണ്ട്, ഈ സമയത്ത് ചെയ്യുന്ന അഭ്യസനങ്ങളെല്ലാം മനസ്സിലുറക്കും. അതുകൊണ്ടാണ് ഞാൻ നേരത്തേ ഉണർന്നിരുന്നത്.
അന്നെന്റെ മനസ്സിൽ ഒരു ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. ഉന്നം പഠിക്കണം. അതിനുള്ള എന്റെ മാധ്യമം കല്ലായിരുന്നു. പരന്ന കല്ലുകൾ പെറുക്കി അടുക്കിവച്ചു എറിഞ്ഞു വീഴ്ത്തണം.


അങ്ങിനെ ഒരു കളിതന്നെയുണ്ടല്ലോ. അടുക്കിവച്ചിരിക്കുന്ന കല്ലുകൾ എറിഞ്ഞു വീഴ്ത്തിയതിന് ശേഷം, അവ പെറുക്കി അടുക്കി വയ്ക്കണം. അതിന് എറിയാൻ ഉപയോഗിക്കുന്നത് റബർ പന്താണ്. ഏറുകൊള്ളുന്നതിനുമുമ്പ് അടുക്കിവയ്ക്കുന്നയാൾ ജയിക്കും.
അതിനായി തലേന്നുതന്നെ ഒരുക്കവും തുടങ്ങി. മുറ്റത്തിന്റെ ഒരറ്റത് കല്ലുകൾ എല്ലാം എടുത്ത് അടുക്കിവച്ചു. എറിയാൻ പാകത്തിലുള്ള പതമുള്ള ഒതുക്കമുള്ള വക്കില്ലാത്ത കട്ടിയുള്ള പരന്ന കല്ലുകൾ മുറ്റത്തിന്റെ ഇങ്ങേ അറ്റത്തുകൊണ്ടു സൂക്ഷിച്ചു വച്ചിരുന്നു.
അമ്മയുടെ ചോദ്യത്തിനുമുമ്പിൽ ആദ്യമൊന്നു പകച്ചു. പിന്നെ പറഞ്ഞു.
‘ഉന്നം പഠിക്കാനാ. ‘
അമ്മയിൽ അതുകണ്ടും കേട്ടും അരിശവും ചിരിയും വന്നു. അമ്മ തറപ്പിച്ചു പറഞ്ഞു.
‘ ആരുടെയെങ്കിലും ദേഹത്തുകൊണ്ടാൽ അടിച്ചു തുടപൊട്ടിക്കും പറഞ്ഞേക്കാം. ‘
അതൊരു ഉഗ്രശാസനമായിരുന്നു.
അതുകൊണ്ടാണ് ഞാൻ എല്ലാവരും എഴുന്നേൽക്കുന്നതിനു മുന്നേ എഴുന്നേറ്റത്. ചേട്ടനും അനുജനും എട്ടുമണിയുടെ സയറൻ കേട്ടാലേ എഴുന്നേറ്റു വരികയുള്ളു. അമ്മ എന്നോടൊപ്പം എഴുന്നേൽക്കും. ചായയും പലഹാരങ്ങളും നേരമാകുമ്പോഴേക്കും ആവണ്ടേ.


മുറ്റത്തു ചെന്ന് ഓരോ കല്ലുമെടുത്തു എറിയാനുള്ള ആയം ആരാഞ്ഞു. വലതുകൈയിൽ ഏകദേശം പരന്ന എറിയാൻ ലാക്കുള്ള കല്ലെടുത്ത് ഏറുത്തുടങ്ങി. ആദ്യത്തെ ഏറെല്ലാം അതിർത്തികൾ തിരഞ്ഞു പോയത് കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.
പക്ഷേ ഒരുദിനം അപ്രതീക്ഷിതമായി അതു സംഭവിച്ചു. അടുക്കിവച്ചിരുന്ന കല്ലുകൾ പലവഴിക്കു തെറിച്ചു. ഉറപ്പിക്കാനായി പലവട്ടവും പലദിനങ്ങളും ആവർത്തിച്ചു. അകലങ്ങളും കൂട്ടിക്കൊണ്ടേയിരുന്നു.


അങ്ങിനെയിരിക്കെ പഠിച്ച അഭ്യാസം ഒന്നുപരീക്ഷിക്കാൻ തീരുമാനിച്ചു. തൊടികൾക്കുതാഴെയുള്ള വിശാലമായ പാടത്തിന്റെ നടുവരമ്പിൽ ധാരാളം കൊക്കുകൾ വന്നിരിപ്പുണ്ട് വെളുത്തതും കരിയില നിറമുള്ളതും, ഇടയിൽ ഒരു ചെമ്പൻ നിറമുള്ളതും. അതിനെ തന്നെ എറിയാൻ നിശ്ചയിച്ചു. പക്ഷേ, അങ്ങിനെ എറിയാൻ അത്ര താല്പര്യം ഉണ്ടായില്ല. ചക്കയിട്ടപ്പോൾ മുയൽ വീണെന്നേ ചേട്ടൻ പറയുള്ളൂ. അതുകൊണ്ടുതന്നെ ചേട്ടനെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് കാര്യം പറഞ്ഞു. ആ ചെമ്പൻ കൊക്കാണ് ലക്ഷ്യം.


ചേട്ടൻ കുറേ നേരം ചിരിച്ചു. എനിക്ക് അതുകണ്ടു ദേഷ്യവും ഒപ്പം ഒരു ചളിപ്പും വന്നു. ഞാൻ ഒരു കലിപ്പോടെ പറഞ്ഞു.ചിരിക്കാതെ ഇതുനോക്കിക്കോ…
എന്നും പറഞ്ഞു കല്ലെടുത്ത്‌ ഉന്നം നോക്കി ഒറ്റയേറ്. ദാ കിടക്കുന്നു ചെമ്പൻകൊക്ക് കഴുത്തൊടിഞ്ഞു വരമ്പത്. അതവിടെ കിടന്നുപിടഞ്ഞു. മറ്റുകൊക്കുകളെല്ലാം പറന്നു മറ്റൊരുവരമ്പിൽ പോയിരുന്നു.
ഞാൻ കയ്യിലെ ബാക്കിയെല്ലാ കല്ലുകളും താഴെയിട്ട് വിജയഭാവത്തിൽ ചേട്ടനെയൊന്നു നോക്കി. ആർത്തു വിളിച്ചു.പിന്നെ തൊടിയിലെ നടവഴിയിലൂടെ പാടത്തിന്റെ നടവരമ്പിലൂടെ കൊക്കിന്റെയടുത്തേക്ക് ഓടി.
അതിനടുത്തുചെന്ന് അതിന്റെ കാലുകൾ കൂട്ടിപ്പിടിച്ചു പൊക്കിയെടുത്തു പൊക്കിപ്പിടിച്ച് ഒന്നു വട്ടം ചുറ്റി, വിജയഭാവത്തോടെ. ചുറ്റും അനേകം പേർ കണ്ടുനിൽക്കുന്നപോലെ.


പക്ഷേ, ആരുമുണ്ടായിരുന്നില്ല എന്നുപറയാൻ ആവില്ല. ഇങ്ങേക്കരയിൽ ചേട്ടനും അങ്ങേക്കരയിൽ അമ്മാവന്റെ മക്കൾ ചേട്ടന്മാരും നിന്നിരുന്നു. ഇങ്ങേക്കരയിലെ ചേട്ടന്റെ മുഖം കണ്ടാൽ കടന്നൽ കുത്തിയതുപോലെയും, അങ്ങേക്കരയിലെ ചേട്ടന്റെ മുഖം നിറഞ്ഞ ചിരിയോടെയും ആയിരുന്നു.
ആ രണ്ടു കാണികൾക്കിടയിലൂടെ വരമ്പത്തുകൂടെ സന്തോഷവാനായി ഞാൻ വീട്ടിലേക്ക് ചെന്നു. കൈയിൽ കഴുത്തൊടിഞ്ഞ ചെമ്പൻകൊക്ക് തൂങ്ങിക്കിടന്നാടിയിരുന്നു.
അതുകണ്ട് അമ്മയുടെ ശകാരം കൊടുമ്പിരികൊണ്ടു. അടിയിലേക്കെത്തുമോ എന്ന് ശങ്കിച്ചു. അച്ഛൻ മാത്രമാണ് ഒരു ധൈര്യം തന്നത്.
-കൊള്ളാം…
എന്നൊരുവാക്കിലത്തൊതുങ്ങി.


കുഴിച്ചിടാൻ തൂമ്പ തിരഞ്ഞപ്പോഴാണ് അച്ഛൻ പറഞ്ഞത്.
‘എടാ കൊക്കിന്റെ ഇറച്ചിക്ക് നല്ല സ്വാദാണ്….
ഞാൻ അമ്മയെ തിരിഞ്ഞൊന്നു നോക്കി. അമ്മ അതിഷ്ടപ്പെടാത്തപോലെ എന്നെ നോക്കി കണ്ണൊന്നുരുട്ടി അടുക്കളയിലേക്ക് കടന്നുപോയി. ആ പോക്കിൽ അമ്മയുടെ അനിഷ്ടം വ്യക്തമായിരിന്നു. എങ്കിലും അച്ഛന്റെ വാക്കിന് വില കല്പ്പിച്ചു. ഒരു ചട്ടിയെടുത്ത് അതിൽ കൊക്കിനെയും വച്ച് ഒരു കത്തിയെടുത്ത് അമ്മിക്കല്ലിൽ രാകി മിനുക്കി അടുക്കളവശത്തിന്റെ മിറ്റത്തിന്റെ അരികിലുള്ള കിണറിന്റെ അരികിലെത്തി. പുറകേ അച്ഛനും വന്നു.


അച്ഛൻ അതിന്റെ തൊലികളയാനും നന്നാക്കാനും കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു,
-ഇനി കിട്ടുമ്പോൾ… തന്നെ ചെയ്തോണം.
അതൊരു അനുഗ്രഹമായിരുന്നുവെന്ന് അന്നു തോന്നിയില്ല.
അത് ചട്ടിയിലാക്കി അടുക്കളയിൽ ചെന്നപ്പോൾ അമ്മയുടെ ശകാരത്തിന്റ കൊമ്പ് ഒടിഞ്ഞു വീണു. കാര്യം തിരഞ്ഞപ്പോൾ അച്ഛനെ പുറകിൽ കണ്ടു.
ഏറ് ഒരു ഹരമായി കൊണ്ടുനടന്നു. കൊക്കുകൾ എന്നെ കാണുമ്പോഴേ ശകാരിച്ചുകൊണ്ട് പറന്നുതുടങ്ങി. പിന്നെ പറന്നു പോകുന്നവയെ എറിഞ്ഞിട്ടു തുടങ്ങി. എന്റെ തലവെട്ടം കാണുമ്പോഴേ കൊക്കുകൾ ഉച്ചത്തിൽ ശകാരിച്ചു കൊണ്ട് പറന്നകലാൻ തുടങ്ങി. അപ്പോൾ മറ്റുള്ളവരെ ഉന്നം വച്ചു തുടങ്ങി. പച്ചക്കിളി, കാർമാൻ, മൈന, അണ്ണാൻ എന്നിവയൊക്കെ…. കാക്കയെ വരെ.


എല്ലാം ചട്ടിയിലാക്കി അടുക്കളയിൽ ചെല്ലും. അച്ഛന്റെ ഉത്തരവ് മറികടക്കാനുള്ള തന്റേടം അമ്മ അന്ന് കാണിക്കാത്തതുകൊണ്ട് അത് ഊണുമേശമേലെത്തും. പക്ഷേ കാക്കകൾ വിട്ടില്ല. ഞാൻ പുറത്തിറങ്ങുമ്പോൾ കാക്കകൾ എന്റെ തലയിൽ റാഞ്ചാൻ ആകാശത്ത് വട്ടം ചുറ്റും. അതുകൊണ്ട് തോർത്ത് കൊണ്ട് തല പൊതിഞ്ഞൊരു കെട്ടും കെട്ടിയാണ് നടപ്പ്.
അങ്ങനെ കാലം പോകെ, കരോട്ടുള്ള മണിച്ചേട്ടൻ പാലുംകൊണ്ട് വീട്ടിൽ വരുമ്പോഴെല്ലാം അമ്മയോട് പയ്യാരം പറയുന്നത് കേൾക്കായി. മണിച്ചേട്ടന്റെ കോഴികളെ കീരി പിടിക്കുന്നുവത്രെ. കോഴിയെ തിന്നുതിന്നു കീരിക്ക് കനം വച്ചു.
അമ്മയ്ക്കും ഉണ്ട് ഒരു കോഴിക്കൂട് നിറയെ കോഴികൾ. പൂവന്മാരും പിടകളും. പൂവന്മാരെല്ലാം നല്ല ചന്തമുള്ളവരാണ്. വളഞ്ഞു നിലം മുട്ടുന്ന അങ്കവാലുള്ളവ മുതൽ തിളങ്ങുന്ന തൂവലുകളുള്ളവ വരെ. ഭംഗിയിൽ പരസ്പരം മാറ്റുരക്കുന്നവർ.
ഒരിക്കൽ അതിൽ സുന്ദരനായവനെ കീരി പിടിച്ചുകൊണ്ടുപോയി. അമ്മയുടെ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല. കഴിഞ്ഞ ആഴ്ച അച്ഛൻ ഒന്നിനെ പിടിക്കണമെന്ന് പറഞ്ഞിട്ടുപോലും അമ്മ സമ്മതിച്ചില്ല. അതിനെയാണ് കീരി കൊണ്ടുപോയത്. സഹിക്കുമോ!


അന്നുമുതൽ ഞാൻ കീരിയെ നോട്ടമിട്ടു തുടങ്ങി. തൊടികളിൽ വച്ചെങ്ങാനും… എന്നെ കാണുമ്പോഴേ അവൻ ഓട്ടം തുടങ്ങും. പെട്ടെന്ന് പൊന്തകളിൽ മറയും. അവസാനം ഒരുദിനം അവൻ ഓടിമറയുന്നതിന്മുമ്പേ എന്റെ ഒരു നല്ല കല്ല് അവന്റെ കഴുത്തിൽ തന്നെ കൊണ്ടു. അവൻ ഞരണ്ടു പിരണ്ടു വീണു.
ഞാൻ ഓടി അടുത്തു ചെന്നു. വലിൽപിടിച്ചൊന്നു വലിച്ചു. ആ ചത്ത കീരിയെയും കൊണ്ട് മുറ്റത്തിട്ടിട്ട് അമ്മയെ വിളിച്ചു. എന്റെ വിളിയുടെ ആഘാതത്തിൽ മണിച്ചേട്ടന്റെ വീട്ടിൽ നിന്ന് മണിച്ചേട്ടനും ഇറങ്ങി വന്നു. അമ്മക്ക് അവനെ കണ്ടപ്പോൾ, ഒരു ഗർവ് വന്നപോലെ തോന്നി. അമ്മ എന്റെ മുടിയിഴകളിലൂടെ കൈയ്യോടിച്ചു. അമ്മക്ക് സന്തോഷമായെന്ന് എനിക്ക് മനസ്സിലായി.


ഞാനതിനെ തിരിച്ചും മറിച്ചും ഇട്ടു. അതുകണ്ട് അമ്മ പറഞ്ഞു.
— കീരിയെ തിന്നാൻ കൊള്ളില്ല.
എന്റെ മുഖം വാടുന്നത് മണിച്ചേട്ടൻ കണ്ടു. മണിച്ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു.
— ‘കീരിയുടെ ഇറച്ചി മുയലിറച്ചി പോലിരിക്കും. ഞാനിതിനെ കൊണ്ടുപോവുകയാ. കറിവച്ച് ഒരുപാത്രം കൊണ്ടുവരാം , എറിഞ്ഞിട്ടവന്.’
അമ്മയുടെ സമ്മതം എന്നിൽ പൂത്തിരി വിടർത്തി.
കാലങ്ങൾ ഉരുണ്ടുകൊണ്ടിരുന്നു. ഒരിക്കൽ അച്ഛൻ വീട്ടിലുള്ളപ്പോൾ അമ്മയുടെ കോഴികളിൽ ഒരുത്തനെ പിടിക്കുവാൻ തീരുമാനിച്ചു. പക്ഷേ അവയെ കൂട്ടിൽ നിന്നും അഴിച്ചുവിട്ടു കഴിഞ്ഞിരുന്നു. എല്ലാവരുടെയും അടുത്തേക്ക് അവ ചിക്കിച്ചിനക്കി പോകുമെങ്കിലും എന്റെ അടുത്തേക്കുവരില്ല.ഞാൻ കൊലയാളി ആണല്ലോ.. !
ചേട്ടനും അനുജനും എപ്പോഴും നോക്കുകുത്തികളാണ്. കഴിക്കാൻ അവർ മുമ്പിലുമുണ്ടാകും..


ഞാൻ പതുക്കെ തീറ്റയും ഒക്കെ വിതറിയിട്ട് വിളിച്ചു തുടങ്ങി. പിടകൾ വന്നു തീറ്റതുടങ്ങി. പൂവൻ വരുന്നേയില്ല. എന്റെയും ക്ഷമകെട്ടു.
ഞാൻ കുനിഞ്ഞു കല്ലെടുത്തു. പൂവൻ അത് കണ്ടു. പേടിയോടെ കൊക്കി കൊക്കി കൂകി കോഴി ഓട്ടവും തുടങ്ങി. മുൻവശത്ത് മുറ്റം അടിക്കുന്ന വേലക്കാരിയുടെ മറുവശത്തു പോയി നിൽപ്പായി.
ഞാൻ മുറ്റത്തിന്റെ ഇങ്ങേ തലക്കൽ നിന്ന് ഉന്നം പിടിച്ചു. കല്ല് ഒളിഞ്ഞു നോക്കുന്ന അവന്റെ തലയിൽ തന്നെ കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.ബാനനകിക്ക് പോലെ.അതുകൊണ്ടാണ് എറിഞ്ഞത്.


ഒറ്റയേറ്, വാല്യക്കാരി കാലുമാറ്റിചവിട്ടി. കല്ല് അവരുടെ കാലിന്റെ കണ്ണയിൽ തന്നെ. എല്ലുപൊട്ടിയില്ല. പക്ഷേ എന്റെ ഏറുനിന്നു.
ഇനി കല്ലെടുത്താൽ തുടയിലെ തൊലികാണില്ലെന്ന് അമ്മ വിരട്ടി. അച്ഛൻ അതു കണ്ടുനിന്നു, കേട്ടും നിന്നു.

By ivayana