രചന : സഫീറ താഹ✍
പ്രണവ് അന്നും വളരെ വൈകിയാണ് എഴുന്നേറ്റത്. അടുക്കളയിലേക്ക് വന്നപാടെ പല്ലുപോലും തേയ്ക്കാതെ ചൂടോടെ ഒരു ദോശ കൈയിലെടുത്തു ബൗളിലെ ചട്ണിയിൽ മുക്കി കഴിച്ചു കൊണ്ട് സ്ലാബിൽ കയറി ഇരുപ്പായി.
അവധിയാണെങ്കിൽ ഇതാണ് അവന്റെ പതിവ്.
“ങാ എഴുന്നേറ്റോ ഇന്നെന്താ സാർ പതിവില്ലാതെ നേരത്തെ…?
“നിന്നെ അച്ഛൻ തിരക്കുന്നല്ലോ ജിത്തൂ.!”
അമ്മ അവനെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ജിത്തു എന്നത് അവന്റെ വിളിപ്പേരാണ്. ഹയർ സെക്കന്ററി അദ്ധ്യാപിക ജിജിയുടെയും ബാങ്ക് മാനേജരായ വിശ്വനാഥന്റെയും ഏക മകനാണ് പ്രണവ്.അവന് മൂന്ന് വയസ്സുള്ളപ്പോഴാണ് ഗ്രാമപ്രദേശത്തെ ഒരു സ്കൂളിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ജിജി പട്ടണത്തിലേക്ക് വന്നത്. വിശ്വനാഥന് നഗരത്തിലെ ബാങ്കിൽ തന്നെയായിരുന്നു ജോലി.ഗ്രാമത്തിലെ സ്കൂളിൽ ജിത്തുവിന്റെ വിദ്യാഭ്യാസ നിലവാരം കുറയുമെന്നത് കൊണ്ടാണ് നഗരത്തിലെ കേന്ദ്രീയ വിദ്യാലയത്തിൽ അവന് അഡ്മിഷൻ തരപ്പെടുത്തിയത്.
” എന്നെ എന്തിനാണോ എന്തോ അച്ഛൻ തിരക്കുന്നത് ‘ എന്ന് പിറു പിറുത്തു കൊണ്ട് അവൻ പൂമുഖത്തേക്ക് ചെന്നു.പാദ പതനം കേട്ട് പത്രം വായിച്ച് കൊണ്ടിരുന്ന വിശ്വനാഥൻ പത്രത്തിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു.
“നാളെയല്ലേ ജിത്തൂ റിസൾട്ട് വരുന്നത്. ഫുൾ എ പ്ലസ് കിട്ടുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. മറ്റന്നാൾ വൈകിട്ടൊരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. നിനക്ക് സന്തോഷമായല്ലോ അല്ലേ?”
ജിത്തു ഒന്നും മിണ്ടിയില്ല.അവൻ ആകെ അസ്വസ്ഥനായി നാളത്തെ ദിവസത്തെയോർത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി പേടിയാണ്. അച്ഛനും അമ്മയും പരീക്ഷയ്ക്ക് വേണ്ടി എന്നെ സഹായിക്കാൻ ലീവ് പോലും എടുത്തിരുന്നു. അവർ വാങ്ങി തരാത്ത പുസ്തകങ്ങളോ പരീക്ഷാ സഹായികളായ ഗൈഡുകളോ വേറെയുണ്ടാകില്ല.പ്രോട്ടീൻ, വൈറ്റമിൻ ഒക്കെ അടങ്ങിയ ആഹാരവും….. എന്തിലും സഹായിക്കാൻ അമ്മ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു…..
അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഐ.എ.എസ് എടുക്കണമെന്നത്.’ തനിക്കത് സാധിച്ചില്ല ജിത്തുവിനെങ്കിലും അതിന് കഴിയണമെന്ന് ‘എപ്പോഴും പറയും. ! അമ്മയ്ക്കും അച്ഛൻ എന്ത് പറയുന്നുവോ അത് തന്നെ വേദവാക്യം.തന്റെ മനസ് അന്നും ഇന്നും അമ്മയെ പോലെ അദ്ധ്യാപകവൃത്തിയിൽ തന്നെ ! ഓരോന്നാലോചിച്ചു കൊണ്ട് റൂമിൽ ജനലിന്റെ അടുത്തു വന്ന് നിൽക്കുമ്പോൾ അച്ഛൻ ഫോൺ വിളിക്കുന്നത് അവൻ കേട്ടു.
ജോർജ് അങ്കിളാണ് മറുവശത്തെന്ന് അവൻ മനസ്സിലാക്കി.തന്നെ കുറിച്ചാവും അവർ പറയുന്നതെന്നോർത്തപ്പോൾ അവന് വീണ്ടും ഭീതികൂടി.ഈയിടെയായി അച്ഛന്റെ മുഖം കാണുമ്പോൾ തന്നെ പേടിയാകുന്നു. അത്ര സന്തോഷമാണ് ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്…..നാളെ റിസൾട്ട് വരുമ്പോൾ ഫുൾ എ പ്ലസ് കിട്ടിയില്ലെങ്കിൽ തന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തെ ആ സന്തോഷം കെട്ടു പോകുമല്ലോ ഈശ്വരാ…..
നന്നായി പഠിച്ചിട്ടുതന്നെയാണ് ഓരോ പരീക്ഷയ്ക്കും പോയത്. ചോദ്യപേപ്പർ കിട്ടി കഴിഞ്ഞാൽ എല്ലാം മറന്നു പോകുന്ന പോലെ. കൈകൾ വിറയ്ക്കുന്ന പോലെ. ആകെ ഒരു മരവിപ്പ് പോലെയായിരുന്നു പരീക്ഷ എഴുതുമ്പോൾ. എന്തൊക്കെയോ എഴുതി.അതിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ ഭീതി വന്ന് നിറയുന്നു. സമയത്തിന്റെ കാലുകൾ തിരിയുന്നത് അവൻ ഭീതിയോടെ നോക്കി.രാത്രിയായി അമ്മ ആഹാരം കഴിക്കാൻ വിളിച്ചുവെങ്കിലും വേണ്ട എന്ന് പറഞ്ഞൊഴിഞ്ഞു. അച്ഛനും അമ്മയും കഴിച്ചെന്നു വരുത്തി എഴുന്നേറ്റു പോകുന്നത് അവൻ കാണുന്നുണ്ടായിരുന്നു.
മുത്തശ്ശിയേയും നാട്ടിലെ വീടുമെല്ലാം ഉപേക്ഷിച്ചു എനിക്ക് വേണ്ടിയാണ് ഇവിടേക്ക് വന്നത്. ആ നാട്ടിൻപുറത്തെ വീടിനെയും അവിടത്തെ ജീവിതവും അവർക്ക് എന്ത് ഇഷ്ടമായിരുന്നു….. ഓരോ തവണ അവിടേക്കു പോകുമ്പോഴും അവരുടെ ഉത്സാഹം ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അച്ഛന്റെയും, അമ്മയുടേയും സ്വപ്‌നങ്ങൾ താൻ കാരണം നശിക്കുമോ….?
ഓരോന്നാലോചിച്ചു കിടന്നുവെങ്കിലും ഉറക്കം വരുന്നില്ല. നാളെ വൈകിട്ട് സുഹൃത്തുക്കൾ ഒക്കെ വരുമ്പോൾ എനിക്ക് ഫുൾ എ പ്ലസ് കിട്ടിയില്ലെങ്കിൽ അച്ഛന്റെ മുഖം അപമാനത്തിൽ കുനിയുന്നത് ഓർത്തപ്പോൾ അവൻ ആകെ അസ്വസ്ഥനായി.
സുഹൃത്തക്കളോട് എപ്പോഴും എന്റെ മകൻ ഞങ്ങളുടെ അഭിമാനമാണെന്ന് പറഞ്ഞു ഊറ്റം കൊള്ളുന്ന അമ്മയുടെ കണ്ണുകൾ നിറയുന്നതോർത്തപ്പോൾ അവന് മനസ്സിന്റെ കടിഞ്ഞാൺ നഷ്ടമായി.!
രണ്ട് മണിയായിട്ടും ജിജിക്ക് ഉറക്കം വന്നില്ല.ടേബിളിൽ നിന്നും വെള്ളമെടുത്തു കുടിച്ചപ്പോൾ അവളോർത്തു ജിത്തു അത്താഴം കഴിക്കാതെ കിടക്കുകയാണല്ലോ. വെള്ളം കൊണ്ട് റൂമിൽ വെയ്ക്കാം അവൾ ജിത്തുവിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ മുറി പതിവില്ലാതെ അകത്തു നിന്നും പൂട്ടിയിരിക്കുന്നു. കുറെ വിളിച്ചിട്ടും കതകു തുറക്കാതെ വന്നപ്പോൾ പരിഭ്രാന്തയായ അവളോടി വിശ്വനെ കുലുക്കി വിളിച്ചുണർത്തി. വിശ്വനും വിളിച്ചുവെങ്കിലും വാതിൽ തുറക്കുന്നില്ല. വിശ്വൻ വാതിൽ ചവിട്ടിത്തുറന്നു ചെല്ലുമ്പോൾ റൂമിൽ ജിത്തുവില്ല. ബാത്‌റൂമിൽ നിന്നും വെള്ളം ഒഴുകുന്നു. അവരോടി ചെല്ലുമ്പോൾ കണ്ട കാഴ്ച അവരെ സ്തംഭിപ്പിച്ചു.
ബക്കറ്റ് നിറഞ്ഞൊഴുകി വെള്ള ടൈൽസിൽ ഒഴുകുന്ന വെള്ളത്തിന് ചുവപ്പ് നിറം. വാടിയ ചേമ്പിൻ തണ്ട് പോലെ തങ്ങളുടെ മകൻ. മോനെ എന്നൊരലർച്ചയോടെ ജിജി തറയിലേക്ക് വീണു…!!
ഇന്നാണ് പ്ലസ് ടു ക്ലാസുകൾ കഴിയുന്നതിന്റെ സെന്റോഫ്….. വിദ്യാർഥികൾക്കൊപ്പം മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കണം എന്ന് സ്കൂളിൽ നിന്നും അറിയിപ്പുണ്ടായിരുന്നു. !
ഓരോ മാതാപിതാക്കളുടെയും കയ്യിലിരുന്നു കഥാ രൂപത്തിൽ തയ്യാറാക്കിയ ആ ലഘുപുസ്തകം വിറകൊണ്ടു. അതിലുള്ള വിശ്വനും ജിജിയും ഞങ്ങൾ തന്നെയാണെന്ന് അവർക്ക് തോന്നി !
“എല്ലാവരും ഞങ്ങൾ തന്ന പുസ്തകം വായിച്ചു എന്ന് കരുതട്ടെ. നിങ്ങൾ മക്കളിൽ അർപ്പിക്കുന്ന അമിത പ്രതീക്ഷയും സ്വപ്‌നങ്ങളും നിങ്ങളുടെ സ്ഥാനത്തു നിന്നും ചിന്തിക്കുന്ന നിങ്ങളോട് സ്നേഹമുള്ള മക്കൾക്ക് കൊടുക്കുന്ന സമ്മർദ്ദം എത്രയാണ് എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? പ്രതീക്ഷകളാകാം പക്ഷേ അമിതമാകരുത്.തനിക്ക് നേടുവാൻ കഴിയാത്തത് മക്കളിൽ കൂടി നേടണം എന്ന സ്വപ്നം നല്ലതാണ്.അവരെ അതിന് വേണ്ടി സഹായിക്കാം.എന്നാൽ മക്കളുടെ മുന്നിൽ അതൊന്നും അവർ നേടിയില്ലെങ്കിലും തന്റെ മകന് അല്ലെങ്കിൽ മകൾക്ക് നിങ്ങൾ കൂടെയുണ്ട് എന്നൊരു തോന്നൽ ഉണ്ടാക്കാൻ ശ്രദ്ധിക്കണം. മക്കൾ എത്ര മാർക്ക് കുറഞ്ഞാലും ഞങ്ങളുടെ അഭിമാനം ആണെന്നുള്ള ചിന്ത ഓരോ രക്ഷകർത്താവും മനസ്സിലുറപ്പിക്കണം. സ്വന്തം മക്കൾ വാങ്ങുന്ന എ പ്ലസ്സുകൾ അവരുടെ ഭാവി നിർണ്ണയിക്കുന്നു…..എ പ്ലസ് കിട്ടിയില്ലങ്കിലും അവർ നല്ല മക്കളായി വളർന്നു സമൂഹത്തിനും വീടിനും ഗുണമുള്ള മക്കളായിത്തിരുവാൻ ശ്രദ്ധിക്കുക !
ഫുൾ എ പ്ലസ് കിട്ടിയിട്ടും സാമൂഹ്യ ദ്രോഹികൾ ആകുന്ന എത്രയോ മക്കളുണ്ട് ഈ ലോകത്ത് ! മാർക്ക് കുറവായതിന്റെ പേരിൽ മക്കളുടെ ജീവൻ നഷ്ടപ്പെടുത്താൻ നിങ്ങൾ കാരണമാകരുത്…..”
പ്രധാന അദ്ധ്യാപകൻ പറഞ്ഞു നിർത്തുമ്പോൾ എല്ലാ രക്ഷകർത്താക്കളും തങ്ങളുടെ മക്കളെ തന്നോട് ചേർത്തുനിർത്തുമെന്ന് മനസ്സിലുറപ്പിച്ചു…..
അവരുടെ മനസ്സിലപ്പോൾ നിറഞ്ഞു നിന്നത് ആർത്തലച്ചു കരയുന്ന ജിജിയുടെയും വിശ്വന്റെയും മുഖമായിരുന്നു…..
സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരം പണിതപ്പോൾ അവർക്ക് എന്നന്നേക്കും നഷ്‌ടമായ അവരുടെ ജിത്തുവിന്റെ മുഖമായിരുന്നു….. ആർക്കും അങ്ങനൊരു ഗതി വരാതിരിക്കട്ടെ.