രചന : ചാക്കോ ഡി അന്തിക്കാട്✍

അടുക്കളയിൽ,
താഴെ ചിതറിക്കിടക്കുന്ന
നാളികേരം നോക്കി,
കൊഞ്ഞനംകുത്തുന്ന,
ചിരവയ്ക്ക് പുറകിലൊളിച്ച
പൂച്ചയെ അയാൾ,
ആഞ്ഞു തൊഴിയ്ക്കും.
കിടപ്പറയിൽ
തുപ്പലും,കണ്ണീരും,വിയർപ്പും
വീണു കുതിർന്ന,
പൂക്കൾ തുന്നിയ,
തലയിണ വലിച്ചെറിയും.
ഡൈനിങ്ങ് ഹാളിൽ,
അയാൾ ശീർഷാസനം
പഠിപ്പിച്ച കസേരകൾക്ക്,
പത്മാസനം
ഭാര്യ പരിശീലിപ്പിക്കണം.
പൂമുഖത്ത്,
പേജുകൾ സ്ഥാനം തെറ്റിയ,
കീറിയ ദിനപ്പത്രം ചരുട്ടി,
വിവാഹ ഫോട്ടോയ്ക്ക്
നേരെ വലിച്ചെറിയും.
പൂന്തോട്ടത്തിൽ,
അയാളുടെ
പ്രഭാത സവാരിയിൽ,
നടുവൊടിഞ്ഞ,
ഭാര്യ നട്ട,
റോസാച്ചെടിമേൽ,
കാർക്കിച്ചു തുപ്പും.
അയാളുടെ കോപം
ഏറ്റുവാങ്ങിയ,
തുരുമ്പു പിടിച്ച,
പാതി അഴികൾ ഇളകിയ
പടിവാതിൽ…വലിച്ചടയ്ക്കും…
ആമത്താഴിട്ടു പൂട്ടും.
കിടപ്പറയിലെ
തേങ്ങൽ നോക്കി
ശപിയ്ക്കും…
വഴിയിൽ,
സ്വന്തം വാർഡിലുള്ള
അപരിചിതരുടെ
അലസമായ
നടത്തത്തിനിടയിൽ,
‘ആരും ശരിയല്ലെ’ന്ന്
പിറുപിറുത്ത്,
അയാൾ,
ബസ്സ്റ്റോപ്പിലേക്ക്
ആഞ്ഞു നടക്കും….
ബസ്സ്റ്റോപ്പിൽ
കൺപ്പീളകൾ തുടയ്ക്കുന്ന
യാചകന്റെ കൈനീട്ടൽ,
അയാളവഗണിക്കും.
ഡ്രൈവറും കണ്ടക്ടറും
മാത്രമുള്ള ബസ്സിൽ,
വലിയ ബാഗുമായിരിക്കുന്ന,
ധിക്കാരിയായ യുവതി,
ഒരു വിധവയാണെന്ന്
അയാൾ കണ്ടുപിടിക്കും!
പാർക്കിൽ,
കുട്ടികൾക്ക്
മധുരം വിളമ്പുന്ന
വൃദ്ധദമ്പതികളെ,
അയാൾ
പുച്ഛത്തോടെ നോക്കും…
കടലോരത്തിരുന്ന്
അയാൾ,
മറ്റുള്ളവർ കാൺകെ
പൊട്ടിക്കരയും!
‘ഹസ്ബൻഡ്സ് കോർണർ’
എന്ന ഗ്രൂപ്പിൽ
പോസ്റ്റിടും.
“കടലിൽ
ഉപ്പ് കൂടുതലായതു കൊണ്ട്,
കടലിന്റെ ബി.പി.
കൂടുമ്പോൾ,
സംഭവിക്കുന്നതാണ്,
‘സുനാമി’യെന്നു പറഞ്ഞ
കവി ശത്രുവിനെ,
അയാൾ തെറി വിളിക്കും!
പോക്കറ്റിലെ
വിലകുറഞ്ഞ മദ്യം
ഒറ്റയടിക്ക് വിഴുങ്ങി,
ആടിയാടി അയാൾ,
അസ്തമയ സൂര്യനെ
നോക്കി പേടിപ്പിച്ച്,
കാലിൽ
ഇക്കിളിയാക്കാൻ വന്ന
തിരയിൽ ഛർദ്ദിച്ച്,
ബോധംക്കെട്ടുറങ്ങും!…
ഞണ്ടുകൾപ്പോലും
അയാള ഉപദ്രവിക്കാതെ
മാറി നടക്കും.
എന്നിട്ടും
ഉണരുമ്പോൾ
അയാൾ പിറുപിറുക്കും:
“ഈ ലോകം,
സംസ്ക്കാര ശൂന്യർ
കയ്യടക്കിയിരിക്കുന്നു!”
കക്കയിറച്ചി വാങ്ങി,
വേശ്യയായ
രഹസ്യ കാമുകിയുടെ
അടുത്തേയ്ക്ക്
പോകുമ്പോൾ,
ആരെങ്കിലും ചോദിക്കും:
“എന്നും കക്കയിറച്ചി
വാങ്ങുന്നത്…
വീട്ടുകാർക്ക് വലിയ
ഇഷ്ടമായിരിയ്ക്കുമല്ലെ?”
അയാളുടെ
പതിവു മറുപടി കേട്ട്,
ഒരു തിര,
പാറക്കെട്ടിൽ
തലതല്ലി മരിച്ചതായി,
അസ്തമയ സൂര്യന്റെ
‘എഡിറ്റോറിയൽ’,
‘സന്ധ്യ’യെന്ന
ഈവനിംഗ് പേപ്പർ
പ്രസിദ്ധീകരിക്കും!
“ഭാര്യയ്ക്ക്
കക്കയിറച്ചി
ഭയങ്കര ഇഷ്ടമാ!
അവളുടെയിഷ്ടം
എന്റെയിഷ്ടം!”…
ഒരു നുണ,
സന്ധ്യയെ
പറഞ്ഞു ഫലിപ്പിച്ചതിന്റെ
ആനന്ദത്തിൽ,
അയാൾ
നടന്നു നീങ്ങുന്നതു നോക്കി,
പാവം അരയന്മാർ പറയും:
“സ്നേഹസമ്പന്നനായ
ഭർത്താവ്!…
ആദർശ ദമ്പതികൾ!
സന്തുഷ്ട കുടുംബം!”
അൽപ്പം
വിപ്ലവ ബോധമുള്ള
ഒരു അരയച്ചെറുക്കൻ
അൽപ്പം കളിയാക്കി
കമന്റിട്ടു:
“ഈ ആദർശ ദമ്പതികൾ
ഇന്നേവരെ
ഒരുമിച്ച് കടൽ കാണാൻ
വന്നിട്ടില്ലല്ലോ?”…
ആ ചോദ്യം കേട്ട്,
അയാളെ ചുംബിക്കാൻ
പാഞ്ഞടുത്ത ഒരു തിര,
ഇടയ്ക്ക് വെച്ച്
തിരിഞ്ഞോടിയത്,
ആരും കണ്ടില്ല!
വൈകുന്നേരം അയാൾ,
സാംസ്ക്കാരിക സദസ്സിൽ,
‘സ്ത്രീധന വിരുദ്ധ
പ്രതിജ്ഞ’യെടുക്കുമ്പോൾ,
കണ്ണുകൾ കലങ്ങിയ ഭാര്യ,
മുക്കുപണ്ടം,
കണ്ണീരുകൊണ്ട്
തേച്ചു മിനിക്കുകയായിരിക്കും!
അദ്ധ്യക്ഷപ്രസംഗത്തിൽ,
അയാളുടെ
പുതിയ പ്രസ്താവന,
“സ്നേഹ സമ്പന്നനായ ഭർത്താവിനെക്കുറിച്ചുള്ള
ഉപമകൾ”
‘വൈറലാ’യത്
ആവർത്തിച്ചു കണ്ടപ്പോൾ,
ഭാര്യ,
ലോ ബി.പി.യാൽ
ബോധംകെട്ട് വീണ
പതിവ് സംഭവത്തിന്,
അപ്പോൾ
കറക്കത്തിന്റെ
ആയുസ്സ് നഷ്ടപ്പെട്ട
ഫാൻ മാത്രം,
സാക്ഷിയായിരുന്നു!
ഇനി നിങ്ങൾ പറയൂ…
ഇയാൾ
സ്നേഹസമ്പന്നനായ
ഭർത്താവാണോ?
നമ്മുടെ കൂട്ടത്തിൽ
ആരെങ്കിലും?…
💖✍️💖

By ivayana