രചന : വിദ്യാ രാജീവ്✍️

ഏതോ ദു:സ്വപ്നം
പോൽ വന്നുഭവിച്ച
വിധിയുടെ പ്രഹരമേറ്റ്
വിഭാര്യനായ ഞാൻ,
വിജനതയുടെ തുരുത്തിൽ
ചിന്താമഗ്നനായ് മരുവുന്നു .
കാലത്തിൻ കുത്തൊഴുക്കിൽ
മൗനവൃതം പൂണ്ടയെൻ
മനോവാഞ്ഛകൾ എന്തോ
തിരയുകയാണിന്നു വീണ്ടും നിനവിൽ.
രാജകീയ മകുടം ചൂടി വിരാജിച്ച
യൗവനത്തിന്റെ കടന്നുപോയകാലം,
സ്മൃതിയെ പലവുരു ആനന്ദ
തരളിതമാക്കീടുന്നു.
വാർദ്ധക്യം ചുട്ടെരിച്ച
എൻ സൗകുമാര്യത്തിനു
ചിറകറ്റു പോയീടവേ..
കൂടെയൊട്ടിനിന്ന സ്നേഹബന്ധങ്ങളിന്നു
എനിയ്ക്കു നേരെ പരിഹാസ
വാക്യങ്ങളുതിർക്കുന്നു.
പരാതിയില്ലൊട്ടുമേ,പരിഭവമില്ലയാരോടും.
ഊർജ്ജമില്ലാതെ തളർന്നുപോയൊരീ
ദേഹിക്കിന്നു വേണമൊരത്താണി.
വിശ്വാസത്തിന്റെ ബലമുള്ള
ഊന്നുവടിയാണെനിയ്ക്കാശ്രയം.
മനവും തനുവും തേടുന്ന
ഉദാത്തമായ ശക്തിപകരുന്ന,
ആത്മബലമെന്ന അത്താണി!!.

വിദ്യാ രാജീവ്

By ivayana