രചന : മൻസൂർ നൈന ✍️

ചരിത്രത്തിലും  ,സാഹിത്യത്തിലും  

ഇടം പിടിച്ച വാചകമാണ് ‘ ചുമടുതാങ്ങി ‘.
ഫോർട്ടുക്കൊച്ചി ബീച്ചിലേക്ക് സുഹൃത്ത് ഫാരിഷിന് ഒപ്പമുള്ള യാത്രയിലാണ് വെളിയിലെ എഡ്വേർഡ് സ്ക്കൂളിന് സമീപം ചരിത്ര ശേഷിപ്പായ ചുമടുതാങ്ങി ശ്രദ്ധയിൽപ്പെട്ടത്.
എഡ്വേർഡ് സ്ക്കൂളും ചരിത്രത്തിന്റെ ഭാഗമാണ് . 1937 മെയ് 12 ന് ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ് നടന്നപ്പോൾ . ബ്രിട്ടീഷ് കൊച്ചിയായ ഫോർട്ടുക്കൊച്ചിയും ഈ ചടങ്ങുകളുടെ ഭാഗമായി മാറി . ചടങ്ങ് നടന്ന അവസരത്തിൽ തത്സംബന്ധമായ ആഘോഷചടങ്ങുകൾക്ക് ഫോർട്ടുക്കൊച്ചി മുൻസിപ്പാലിറ്റിയും വേദിയായി. തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂളിന് ബ്രിട്ടീഷ് രാജാവിന്റെ പേരായ എഡ്വേർഡ് സ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു .


ചരിത്രം പറയുന്ന സ്കൂളിന് അരികെ ചരിത്രത്തിൽ ഒരു പാട് ആളുകൾക്ക് ആശ്വാസമായി മാറിയ ചുമടുതാങ്ങി കാലത്തിന്റെ മാറ്റങ്ങൾ കണ്ടു കൊണ്ട് ഇന്നും സാക്ഷിയായി നിൽക്കുന്നു .
അൻപതുകളിൽ വരെ സജീവമായിരുന്നു ചുമടുതാങ്ങികൾ.
ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ച് കരിങ്കല്ലിലാണ് ഇവ നിർമ്മിക്കുന്നത്.
ഓരോ നാട്ടിലും പല പേരുകളിൽ ഇത് അറിയപ്പെട്ടു . “ചുമടുതാങ്ങി ” ,
“അത്താണി” , ” ഇളപ്പ് കല്ല്” , “സ്രാമ്പി കല്ല് “, തുടങ്ങി പല പേരുകളിലും , തമിഴിൽ ഇതിന് ” സുമയ് താങ്കി “എന്നറിയപ്പെട്ടു .


വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടയ്ക്ക് പരസഹായമില്ലാതെ ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ ഇവ നാട്ടി നിർത്തിയിരുന്നു . പൊടി പറത്തി ഇടയ്ക്കിടെ കാളവണ്ടികൾ കടന്നു പോകുന്ന ചെമ്മൺ പാതയ്ക്കരികെ മരത്തണലിലാവും ചുമടുതാങ്ങികൾ ഉണ്ടാവുക , ഒപ്പം തണ്ണീർപ്പന്തലും . ദീർഘദൂരം ചുമടും താങ്ങി നടന്നു വരുന്നവർക്ക് ആശ്വാസമായി ഓല മേഞ്ഞ തണ്ണീർ പന്തലിൽ വെള്ളമോ , സംഭാരമോ ഉണ്ടാകും . അൽപ്പനേരം വിശ്രമിച്ച ശേഷമാണ് യാത്ര തുടരുക . കാലം കുറച്ചു കൂടി പിന്നിട്ടപ്പോ വഴിയമ്പലങ്ങളുമുണ്ടായി (സത്രം ) .


അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറു കച്ചവടകേന്ദ്രങ്ങളാവുകയും അവ
“അത്താണി “, “ഇളപ്പുങ്കൽ “എന്ന സ്ഥലപ്പേരുകളിലൊക്കെ അറിയപ്പെടുകയും ചെയ്തു . മലപ്പുറം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഈ പേരിൽ പ്രദേശങ്ങളൂണ്ട് .
കുടുംബത്തിലെ എല്ലാ പ്രാരാബ്ദങ്ങളും കനത്ത ഭാരമായി ഏറ്റെടുത്ത് കുടുംബത്തിന് ആശ്വാസമായി തീരുന്നവരെ കുടുംബത്തിന്റെ അത്താണി എന്നും അയാളുടെ ജീവിതത്തെ ചുമടുതാങ്ങി എന്നും പ്രയോഗിക്കാറുണ്ട് .


ഹിന്ദിയിൽ ഹിറ്റായ ‘ ദോ രാസ്തേ ‘ എന്ന സിനിമയുടെ റീ മേക്കാണ് 1975 -ൽ ശ്രീകുമാരൻ തമ്പി തിരക്കഥയും , സംഭാഷണവും , ദക്ഷിണമൂർത്തി സംഗീത സംവിധാനവും നിർവ്വഹിച്ച് , പി. ഭാസ്ക്കരൻ സംവിധാനം ചെയ്ത മലയാള സിനിമയായ ‘ചുമടുതാങ്ങി ‘ .
” വലിയൊരു കുടുംബത്തിന്റെ കനത്ത ഭാരവും താങ്ങി സ്വന്തം ദുഖം കടിച്ചമർത്തി ജീവിക്കേണ്ടി വന്ന ആദർശ ധീരനായ ഒരു യുവാവിന്റെ കരളലയിക്കുന്ന കഥ ! ” എന്നാണ് ‘ചുമടുതാങ്ങി ‘ എന്ന സിനിമയുടെ പോസ്റ്ററിലെ വാചകം . 1962 -ൽ ജെമിനി ഗണേഷൻ അഭിനയിച്ച തമിഴ് സിനിമയാണ് ‘ സുമയ് താങ്കി ‘.


ചരിത്രത്തിലും , സാഹിത്യ സൃഷ്ട്ടികളിലും ഒരു പോലെ സ്വാധീനം ചെലുത്തിയ വാചകമാണ് ‘ ചുമടുതാങ്ങി’ . വയലാറിന്റെ വരികളിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചാൽ ,
“ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി
ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍
നില്‍ക്കുന്നവരേ……”
കുറച്ചു നാളുകൾക്ക് മുൻപ് വരെ കൊച്ചിയിൽ പലയിടത്തും , ചുമടുതാങ്ങി കണ്ടിരുന്നു. അമരാവതിയിലും , ചുള്ളിക്കലുമെല്ലാം മുൻപ് ഇത് കണ്ടിരുന്നുവെന്ന് പറയപ്പെടുന്നു . എന്നാൽ ഇപ്പോ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. തെരുവുകളിൽ പലയിടത്തായി അശ്രദ്ധയോടെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന ചില ചരിത്ര ശേഷിപ്പുകൾ ഡെ. തഹസിൽദാർ ഹെർട്ടിസ് ആന്റണിയുടെ ശ്രമഫലമായി കൊച്ചി താലൂക്ക് ഓഫീസിൽ എത്തിച്ച് സൂക്ഷിച്ചിട്ടുണ്ട്.


‘ ചുമടുതാങ്ങി ‘ എന്ന ഈ ചരിത്ര ശേഷിപ്പ് സംരക്ഷിക്കപ്പെടണം .
അതിനായി ഈയുള്ളവനും , കൊച്ചിൻ ഷിപ്പ്യാർഡിലെ പി.ആർ.ഒ. ആയിരുന്ന സീമ .സി.ആർ. എന്നിവർ ചീഫ് കോഡിനേറ്റേർസ് ആയിട്ടുള്ള QAS (Queen of Arabian Sea) എന്ന കൊച്ചിയുടെ കൂട്ടായ്മ ഫോർട്ടുക്കൊച്ചി – മട്ടാഞ്ചേരി പ്രദേശത്ത് ഇപ്പോൾ ആകെ കാണപ്പെടുന്ന ഈ ചുമടുതാങ്ങി സംരക്ഷിക്കപ്പെടണം എന്ന് അഭ്യർത്ഥിച്ച് ഫോർട്ടുക്കൊച്ചിയിലെ ബഹു : സബ്ബ് കളക്ടർ വിഷ്ണു രാജ് I.A.S ന് കത്ത് നൽകി. കത്ത് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ അതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകാൻ ബഹു: സബ്ബ് കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകി എന്നത് ഏറെ സന്തോഷം നൽകുന്നു .


“ലിവിങ്ങ് മ്യൂസിയം ” എന്ന് വിളിക്കപ്പെടുന്ന കൊച്ചിയുടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയോടെ ……..

By ivayana