രചന : മുത്തു കസു ✍️

ഇന്ന് കണ്ട ഒരു വാർത്ത.
അത് വല്ലാത്തൊരു വാർത്തയായിരുന്നു.
മനസ്സും. ശരീരവും. ഒരു പോലെ നോവറിഞ്ഞ വാർത്ത.
അച്ഛനെ പേടിച്ചു മക്കൾ ഇരുട്ടിന്റെ മറവിൽ ഒളിച്ച കഥ. അച്ചനെക്കാളും തങ്ങൾക്കഭയം തരിക അച്ഛനുറങ്ങുന്ന പുരയുടെ പിന്നിലെ തൊടിയിലാണെന്നറിഞ്ഞ മക്കളുടെ കഥ.


ഇരുട്ടിനെയോ. ഇരുട്ടിന്റെ മറവിൽ വരുന്ന ആപത്തുകളെയോ കുറിച്ച് അവർക്ക് ആശങ്കയുണ്ടായി കാണില്ലേ. ഉണ്ടായിരിക്കും. പക്ഷേ അവരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ജന്മം കൊടുത്ത പിതാവ് തന്നെയായിരുന്നു.
പലവിള സ്വദേശി 3 മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥൻ. പക്ഷേ അച്ഛനെന്ന് കേൾക്കുമ്പോൾ തന്നെ ആ കുഞ്ഞുമനസ്സുകൾ പിടയും. കേട്ടറിഞ്ഞിടത്തോളം ക്രൂരനാണയാൽ മദ്യപാനി. കള്ളിന്റെ പുറത്ത് വീട്ടിൽ അതിക്രമം അഴിച്ചു വിടുന്ന കൊലയാളി. ഒരു കാരുണ്യവുമില്ലാതെ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാനേ ഈ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിരുന്നുള്ളൂ.


പൈശാചിക മുഖമവുമായി വരുന്ന അച്ഛനെ അവർക്ക് ഭയമായിരുന്നു. മുന്നിൽ പെടാതെ കണ്ണിൽ കൊടുക്കാതെ. അവരെപ്പോഴും ശ്രദ്ധയോടെ നീങ്ങുമായിരുന്നു. വഴക്കിന്റെ വക്കത്തായിരുന്നു ആ കുടുംബം എന്നും.
പിടിച്ചു നിൽക്കാൻ പറ്റാത്ത ഘട്ടങ്ങളിൽ 12 വയസ്സുകാരനായ ചേട്ടൻ തന്റെ 9ഉം.4ഉം. വയസ്സുള്ള കുഞ്ഞനുജത്തിമാരെ ചേർത്തു പിടിച്ചു ഇരുട്ടിന്റെ മാറിലേക്ക് ഇറങ്ങും. പിറന്നു വീണ കൂരയേക്കാൾ അവർ ആ ഇരുട്ടിനെ അന്നേരം ഇഷ്ടപ്പെട്ടിരുന്നു.
അയാളുടെ പതിവ് ആറാട്ട് അരങ്ങേറിയ കഴിഞ്ഞ ദിവസവും അവർ അഭയം തേടിയത് ആ ഇരുട്ടിനെ തന്നെയായിരുന്നു.


കുഞ്ഞു പെങ്ങളുടെ കൈ പിടിച്ചിറങ്ങിയപ്പോൾ അവർ കരുതികാണില്ല കൂട്ടത്തിൽ ഇളയതിന്റെ അവസാന നിമിഷങ്ങൾ അടുത്തുവെന്ന്.
നാലു വയസ്സുകാരി അച്ഛനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചിന്തകൾ മനസ്സിലിട്ട് വിങ്ങുന്ന നേരം കൂരിരുട്ടിന്റെ മറവിൽ ആ തൊടിയിലൂടെ ഒരു സർപ്പം ഇഴഞ്ഞടുക്കുന്നുണ്ടായിരുന്നു.
സർപ്പദംശമേറ്റുവാങ്ങി..
മറഞ്ഞൊരു….
മകളേ.
🌹പ്രണാമം.


☝️ ഇങ്ങനത്തെ അച്ചന്മാർ ഇന്നും ഇവിടെ വിലസുന്നു. അത് തുടർന്ന് കൊണ്ടേയിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ ഒന്നെന്നുള്ളത് പത്തായി ഇവർ വീണ്ടും വീണ്ടും പുനർ ജനിക്കും.
ലജ്ജിക്കുന്നു..
മലയാള മണ്ണേ…
നിന്നെയോർത്ത്.

By ivayana