കൊറോണ വന്നപ്പോ പിള്ളകൾടെ പഠിത്തം മൊത്തം ഓൺലൈൻ , ഇ- ലേർണിംഗ് ആയി.

പക്ഷേങ്കി രണ്ടും കൂടി വീടെടുത്ത് തിരിച്ച് വയ്ക്കും വിധം കടിപിടി കൂടുമ്പോ ഇതുങ്ങളെ പള്ളിക്കുടത്തിലെങ്ങാനും പറഞ്ഞു വിട്ടാൽ മതിയാരുന്നുന്ന് തോന്നും.
പ്രധാനമായും ടി.വി യിലെ പ്രോഗ്രാം കാണുന്നതിലാണടി .

ഒരേ സമയം ഒരാൾക്ക് കാർട്ടൂൺ കാണണം അതേ സമയം മറ്റേതിന് സിനിമയോ , പാട്ടോ കാണണം. അങ്ങോട്ട് പിടിച്ചിങ്ങോട്ട് പിടിച്ച് ഒരു ദിവസം ടി.വി യുടെ റിമോർട്ട് താഴെ വീണ് വാപൊളന്നു.

സഹികെട്ട് ശ്യാമേട്ടൻ രണ്ടിനേം പിടിച്ച് നന്നായി കുടഞ്ഞു. അതോടെ ടി.വി കാണാനുളള അഹങ്കാരം തീർന്നു. മാത്രമല്ല, പിടിച്ച് കുടയുന്നതിനോടൊപ്പം ടിവിടെ ഏഴയലത്ത് എങ്ങാനും രണ്ടിനേം കണ്ടാൽ വെടിവച്ചിട്ടുകളയുമെന്ന ഒരു ചെറു വാഗ്ദാനം കൂടി കൊടുത്തപ്പോ രണ്ടും കൂടി ഒന്നു മറിയാത്ത പോലെ വള്ളിക്കയ്യും പിടിച്ച് , ഒരുമയുടെ മാലാഖമാരായി ലല്ലലം പാടി മുറിക്കുള്ളിൽ പതുങ്ങി.

എന്നിരുന്നാലും മണിക്കൂർ മൂന്ന് തികയും മുൻപേ മാലാഖമാർ വേറെന്തിനെങ്കിലും അടി കൂടി തുടങ്ങിരിക്കും. എന്നാലൊരു മിനിട്ട് രണ്ടിനും പരസ്പരം കാണാണ്ടിരിക്കാനും പറ്റത്തുമില്ല.

അങ്ങനെയിരിക്കെയാണ് സ്കൂൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചതും ഇ – ലേർണിംഗ് തുടങ്ങിയതും.

ആദ്യമത് കേട്ടപ്പോ എന്റേം ചേട്ടന്റെം മനസിൽ ഒരു മഞ്ഞു മഴ പെയ്തു.. കുറച്ചു നേരമെങ്കിലും ചെവി തല കേട്ടിരിക്കാലോ.

പക്‌ഷേ ഇളയത് പഠിക്കാൻ എന്റെ ഫോണും മൂത്തവൾക്ക് ചേട്ടന്റ ഫോണും വേണ്ടി വന്നപ്പോ . ഞങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്ന് ഗദ്ഗദപ്പെട്ടു.
രാവിലെ 9 മണിക്ക് ക്ലാസ് തുടങ്ങി ഉച്ചയ്ക്ക് ക്ലാസ് തീരും വരെ മുണ്ട് കടം കൊടുത്ത അലക്കുകാരനെ പോലെ താടിയ്ക്ക് കൈയ്യും കൊടുത്ത് ഞാനും ചേട്ടനും ഫോൺ കിട്ടുന്നിടം നോക്കിയിരുപ്പായി. പഠിക്കുന്ന എല്ലാ പാഠങ്ങളും ഡൗൺ ലോഡ് ചെയ്ത് പഠിത്തം കഴിഞ്ഞ് ഫോൺ കൈയ്യിൽ കിട്ടുമ്പോ മണി 4 ആവും അപ്പോഴേയ്ക്കും അതിന്റെ പാതി പ്രാണൻ ടച്ച് ചെയ്ത് ടച്ച് ചെയ്ത പിള്ളകൾ തീർത്തിട്ടുണ്ടാകും.

അതൊക്കെ പോട്ടെ ലോട്ടറി അടിച്ച തെനിക്കാണ്. എന്താന്നോ നേരം വെളുക്കുന്നത് മുൻപെണീറ്റ് രാവിലത്തെ കാപ്പി, ഊണ് എല്ലാം റെഡിയാക്കി 9 മണിയ്ക്ക് മുന്നേ ഞാനും റെഡിയാകണം എങ്കിലേ ഇളയവൾ പഠിക്കാനിരിക്കത്തൊള്ളൂ.
അവൾക്കൊപ്പമിരുന്ന് ശ്രദ്ധിച്ചാലേ അവൾ പഠിക്കൂ.
പഠിപ്പിക്കുന്ന അദ്ധ്യാപകരാണേൽ ഓൺലൈൻ വന്നയുടൻ തലേന്ന് പഠിക്കുന്നതെല്ലാം കല്ലു പറക്കി എറിയുന്ന തരത്തിൽ ചാട പടാ ചോദ്യങ്ങൾ ചോദിച്ചിട് ഉത്തരം കിട്ടിയിട്ടേ അടുത്തതിലേയ്ക്ക് പോകൂ .

എന്റെ കൊച്ച് ഉത്തരം പറയാതെ ഇരിക്കുമ്പോ “ബേട്ടാ … ആർ യു ദെർ? ആം ഐ ഓഡിബിൾ ? അൺ മ്യൂട്ട് ആൻഡ് ആൻസർ ദ കൊസ്റ്റ്യൻ ബേട്ടാ .. “എന്നും പറഞ്ഞ് പാവങ്ങൾ തൊണ്ടയിലെ വെള്ളം വറ്റിക്കും. അന്നേരമാണെങ്കിൽ ഉത്തരം അറിയാത്ത എന്റെ ഇളയ കാന്താരി എന്നെ നോക്കി കണ്ണിറുക്കിയിട്ട്
“മിണ്ടണ്ടമ്മച്ചി, വിളിച്ച് വിളിച്ച് തൊണ്ടയിലെ വെള്ളം വറ്റുമ്പോ ടീച്ചറമ്മമാർ പൊക്കോളും, ഹല്ല പിന്നെ ” എന്നാംഗ്യം കാണിച്ചങ്ങ് പതുങ്ങുന്ന കാണാം. ഏതാണ്ട് കടക്കാരൻ അണ്ണാച്ചി വീട്ടിന്റെ മുറ്റത്ത് വന്ന് ബഹളം വയ്ക്കുമ്പോ ഒളിച്ചിരിക്കും പോലെ.

പിന്നെ പിന്നെ അത് ഒഴിവാക്കാനായി ഞാനും കൂടി ഇരുന്ന് പഠിച്ച് അവളെ പഠിപ്പിച്ച് മണിമണിയായി ഉത്തരം പറയിപ്പിക്കാൻ തുടങ്ങി.

എല്ലാം കൂടി തട്ടിക്കുട്ടി ഒരു പരുവത്തിന് കൊണ്ടു പൊക്കോണ്ടിരുന്നപ്പോഴാണ് വെള്ളിടി പോലെ ഗുജറാത്തിയും ഒരു വിഷയമായി പഠിക്കാനീ വർഷം മുതൽ ആഡ് ചെയ്തത്.
ആഴ്ചയിൽ രണ്ടു ദിവസം ഗുജറാത്തിയുമുണ്ട് പഠിക്കാൻ. എനിക്കാണെങ്കിൽ കേട്ടാൽ പോലും മനസിലാവാത്ത ഭാഷ അതെങ്ങനെ എന്റെ ഹിന്ദി തന്നെ ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കണതാണ്, അതിന്റെ മണ്ടേലാണീ ഗുജറാത്തി.

ആദ്യം വന്ന ദിവസം നമസ്തേ, ബച്ചോം . എന്ന് ഗുജൂടീച്ചർ പറഞ്ഞപ്പോ ഓൺ ലൈനിലിൽ കിടന്ന എന്റെ കൊച്ചും, ഞാനുമുൾപ്പടെ രണ്ടു മൂന്ന് പിള്ളേർ ഏടുത്ത് ചാടിയോടി. അറിയാവുന്ന ബാക്കി പുള്ളകൾ നമസ്കാർ ,അധ്യാപികാ ജി എന്ന് പറഞ്ഞ് കോറം നിറച്ചു. ഞാനെന്റെ പുള്ളയോട് മറ്റുള്ള പുള്ളകൾ പറയുന്നതേറ്റു പിടിച്ചോളാൻ പറഞ്ഞു.
ഗത്യന്തരമില്ലാതെ അവൾടെ നാവിൽ നിന്നും നമസ്തേ അധ്യാപകച്ചീ ജീ ന്നങ്ങ് വീണു.
അവരത് കേട്ട് “തമേ അധ്യാപികാജി ബോള്, മ്പേട്ടാ ” എന്നും പറഞ്ഞവരതിൽ കേറി പിടിച്ചു.
അതിനെ കൊണ്ടത്രേ പറ്റൂന്ന് ടീച്ചറമ്മേ ഞാനേത് ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ. ഒടുക്കമവളത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നു വേണം പറയാൻ.

പിന്നീടവർ ഗുജറാത്തി സ്വരങ്ങൾ എഴുതിക്കാണിച്ച് റിവൈസ് ചെയ്തു. കൊച്ചിനേക്കാളുച്ചത്തിൽ ഞാനാണ് സ്വരങ്ങൾ പറഞ്ഞത്.
ഋ എന്ന മലയാള അക്ഷര സ്ഥാന ഉച്ചാരണം അവരുടെ ഭാഷയിൽ “ഉറു ” എന്നു വേണം പറയാൻ. എനിക്കാദ്യം ചിരി വന്നു.

അതിനിടയ്ക്ക് കച്ചിലു പുച്ചിലാ എന്തൊക്കൊയോ ഗുജറാത്തിയിൽ ഇൻസ്ട്രക്ഷനും തരുന്നുണ്ടവർ. കൊച്ചെന്നെ നോക്കി ചോദിച്ചു ” എന്തോന്നമ്മാ, ഇവരീ പറയുന്നത് ?”

എനിക്കറിയാമോ ,
ഞാൻ വായ പൊളിച്ച് “ആ… ആർക്കറിയാം” . എന്ന് മൊഴിഞ്ഞു.
അതിനിടയ്ക്ക് ഒരെണ്ണം പഠിച്ചു. ഗദേഡു എന്നു വച്ചാ കഴുത എന്നർത്ഥം. ഇടയ്ക്ക് രണ്ടുവട്ടം ഞങ്ങളെ നോക്കിയാണെന്ന് തോന്നുന്നു, ടീച്ചറമ്മ പറയുന്ന കേട്ടതാണ്.

ഒടുക്കം രണ്ടു കൈയ്യും കുപ്പി ടീച്ചറമ്മേന്റെ കാൽക്കൽ വീണ് ഞങ്ങൾക്കൊരു കുന്തോം അറീല്ല, മനസിലാവുന്നില്ല എന്ന ആ സത്യം ഞാൻ തുറന്നു പറഞ്ഞു. ടീച്ചറമ്മ ഒരു നിമിഷം മിണ്ടാതിരുന്നു , ഞാനും ,മോളും എന്താണോ അവർ പറയാൻ പോകുന്നതെന്നാകാംഷയോടെ നോക്കിയിരിക്കവേ,
ടീച്ചർ പറയുവാണേ ; “ഡോന്റ് വറി മാഡം. ഗുജറാത്തി മനെ മാലും ഛെ…” ന്ന് എന്നു വച്ചാ അവർക്കാ ഭാഷയറിയാം അതോണ്ട് കുഴപ്പമില്ലെന്ന് : ,

ഞാനന്തം വിട്ടു, ഞാൻ പറഞ്ഞു. ” പർ ടീച്ചർ ഗുജറാത്തി ഭാഷ ബച്ചി കൊ നഹി മാലും. “
അവർ പിന്നെയും പഴയ പല്ലവി തന്നെ തുടർന്നു… അവർക്കാ ഭാഷയറിയാം അതോണ്ട് കുഴപ്പമില്ലെന്ന്.

ഞാൻ പിന്നേം ; പർ ടീച്ചർ മേരി ബച്ചി കൊ ഗുജറാത്തി പരീക്ഷ അറ്റന്റ് കർനാ ഹേ നാ…?” അവർ പിന്നേം പഴയ പടി തന്നെ.
എന്റെയവസ്ഥ കിലുക്കത്തിലെ ജഗതിച്ചേനെപ്പോലെ ” ഈ മറുതയോടാരെങ്കിലും ഒന്നും പറയു ഹെ … മുഛേ ഗുജറാത്തി നഹി മാലും…” അതീ മുറിക്കുള്ളിൽ എക്കോയടിച്ച് താഴെ വീണുടഞ്ഞു. ഫോണിൽ നോക്കുമ്പോ ടീച്ചറമ്മ തഥൈവ…

പിന്നെ യു ട്യൂബായ നമഹ: എന്ന മന്ത്രമുരുവിട്ട് ഞാനും കൊച്ചും ഗുജറാത്തി അക്ഷര മാലകൾ പഠിച്ചോണ്ടിരിക്കുവാണിപ്പോ .
അങ്ങനെ അത് ശ്രമകരമായി മുന്നോട് പൊയ്ക്കോണ്ടേയിരിക്കുന്നു.

രാത്രിയിവിടെ ഹോം വർക്കു ചെയ്യുന്നതും , അ, ആ ……. ഉറു ….. ഊൻ ..എന്നിങ്ങനെ ഉച്ചത്തിൽ വായിച്ച ക്ഷരങ്ങൾ പഠിക്കുന്നതും എന്നേം കൂട്ടി 3 തലകളാണ്. …

By ivayana