രചന : ഷൈലകുമാരി ✍️

ഇടയ്ക്കിടയ്ക്കവൻ ചാരെ വന്നിട്ടെന്നെ വിളിക്കും,
മധുര സ്വപ്‌നങ്ങൾ കൊണ്ടെൻ മനസ്സു നിറയ്ക്കും.
കൈയിൽ തൂലികതന്നിട്ടെന്റെയരികിലിരിക്കും,
കണ്ണിൽക്കണ്ണിൽ നോക്കി ഞങ്ങൾ,
കഥകൾ പറയും.
രോഗം, ദുരിതമൊന്നുമപ്പോൾ,
ഒാർമ്മയിലെത്തില്ല,
മായികമായൊരു ലോകത്തേക്കെൻ,
മനസ്സു പറന്നീടും.
ഈണം ചുണ്ടിൽ മൂളിയടുക്കും,
നോവതു മാറീടും,
ഞാനറിയാതെ ആത്മാവിലൊരു,
കവിത പിറന്നീടും.
കവിതേ നീയണയുമ്പോൾ,
ഞാനെന്നെ മറന്നീടും,
പ്രണയമിങ്ങനെ നറുംനിലാവായ്,
വിരിഞ്ഞുനിന്നീടും.
ഇടമുറിയാതെ വരികളിങ്ങനെ,
പിറന്നു വീഴുമ്പോൾ,
മാഞ്ഞുപോകരുതേ നീയെൻ,
കൂട്ടിനിരിക്കേണം.

ഷൈലകുമാരി

By ivayana