രചന : ഷാജു വി വി✍️

സന്ധ്യ പോലത്തെ ഉച്ചയാണ് .
അയയിൽ കൊളുത്തി വച്ചതുകൊണ്ടു മാത്രം
തൂങ്ങി നിൽക്കുന്ന ഫാൻസിഡ്രസുകൾ പോലെ കനത്തിരുണ്ടു തൂങ്ങിയ മേഘങ്ങൾ.
നിശ്ചലതയെക്കുറിച്ചുള്ള ഹ്രസ്വചിത്രമെടുക്കാൻ വേണ്ടി
സ്വയമടക്കിപ്പിടിച്ചു നിൽക്കുന്ന , കാഴ്ചയിലില്ലാത്ത
കാറ്റിൻ്റെ ഉൺമ,


കുട്ടിക്കാലത്തെ കേരളപാഠാവലിയിലെ ചിത്രം പോലെ ചലനമറ്റ നീണ്ടു വളഞ്ഞ് പുഴക്കണ്ണാടിയിലേക്ക് തങ്ങളെ നോക്കി അന്തം വിട്ടു നിൽക്കുന്ന നാർസിസിസ്റ്റ് തെങ്ങുകളിൽ സൂക്ഷ്മമായി നോക്കിയാൽ കാണാം.
ഞാൻ പുഴയിൽ മണിക്കൂറുകളായി ചൂണ്ടലിട്ടിരിക്കുകയാണ്. വടക്കോട്ടും തെക്കോട്ടും ഒരേ സമയം സഞ്ചരിക്കുന്ന തീവണ്ടി പോലെ
രണ്ടു വശത്തേക്കും മാറി മാറി ഒഴുകുന്ന പുഴ!


ഞാനിരിക്കുന്ന ഇടത്തു നിന്ന് അൽപ്പം വിട്ടുമാറി എൺപതോളം വയസ്സുള്ള ഒരാൾ ചൂണ്ടലിട്ടിരിക്കുന്നുണ്ട്. അയാൾ ചൂണ്ടലിൻ്റെ കണ്ണി വായിൽ കടിച്ചു പിടിച്ചിരിക്കുകയാണ്.
മെലിഞ്ഞിരുണ്ടുണങ്ങി വളഞ്ഞ ആ മനുഷ്യൻ എൻ്റെ കാഴ്ചയിൽ, പുഴയ്ക്കകത്തെ ഏതോ അദൃശ്യനായ ചൂണ്ടൽക്കാരൻ്റെ ചൂണ്ടലിൽ കുരുങ്ങിയ ചെമ്മീനിനെപ്പോലെ തോന്നിച്ചു.
ഞങ്ങളിരിക്കുന്നയിടത്തു നിന്നു നോക്കിയാൽ കുറച്ചു ദൂരെയായി പാലം കാണാം. പരസ്പര വിനിമയമേയില്ലാത്ത ദമ്പതികൾക്കു നടുവിലെ ടേബിൾ പോലെ ആ പാലം വാഹനശൂന്യമായി കാണപ്പെട്ടു.


നിശ്ചലത എന്നെ മത്തുപിടിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ രണ്ടു പേരുടെയും ചൂണ്ടലുകളിൽ മീനുകൾ കൊത്തല്ലേയെന്ന് ഞാൻ പ്രാർത്ഥിച്ചു.
ആ ഫ്രെയിം അനശ്വരമായി നിന്നെങ്കിൽ!
ദൂരെ നിന്നും ഒരു ബൈക്ക് വരുന്നതിൻ്റെ ശബ്ദം കേട്ടു. പഴയ യെസ്ഡി ബൈക്കിൻ്റെ ഒച്ച. അത് എന്നിൽ കൗതുകമുണർത്തി.
മാർക്കറ്റിലില്ലാത്ത പഴയ ആ വണ്ടി പുതിയ ലോകം കാണാൻ സ്വയം ഓടിച്ചു വരികയാണോ?


പാലത്തിനു മുകളിൽ ബൈക്കു കാണാനായി. വണ്ടിയോടിക്കുന്ന മനുഷ്യൻ ഇടതു വശം തിരിഞ്ഞ് പുഴയിലേക്ക് നോക്കി. ഞങ്ങളെ കണ്ടാവണം ബൈക്കുനിന്നു.
എന്താണയാൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ ഇട കിട്ടും മുമ്പയാൾ പോക്കറ്റിൽ നിന്ന് തോക്കെടുത്ത് എനിക്കു നേരെ അലക്ഷ്യമായി നൊടിയിടയിൽ വെടിയുതിർത്തു.വെടികൊണ്ടോ എന്നു പോലും നോക്കാൻ മെനക്കെടാതെ ബൈക്ക് മുന്നോട്ട് പോയി.
വെടിയുണ്ട എൻ്റെ നെഞ്ചിനെ തുളച്ച് പുറത്തു കടന്ന് ചൂണ്ടൽക്കാരൻ വൃദ്ധൻ്റെ നെഞ്ചിനെയും തുളച്ച് കടന്നു പോയി.
ഞാൻ വെടിയുതിർത്ത മനുഷ്യനെ ശപിച്ച് ഉറക്കെ നിലവിളിച്ചു. അപ്പോൾ വൃദ്ധൻ എന്നെ ശാസിച്ചു:


“വെടിവച്ചവൻ്റെ ദൗത്യം അവസാനിച്ചു, ഇനി അവനെ വെറുതെ അലട്ടുന്നതെന്തിനാണ്?’
ഉണ്ട നെഞ്ചിൻ കൂട് തുളച്ചു കടന്നു പോയെങ്കിലും എനിക്ക് ശാരീരികമായി വേദന അനുഭവപ്പെട്ടില്ല.മാനസികമായി അസഹ്യമായ വേദന ഉണ്ട് താനും.
ഹൃദയമെന്നാൽ രണ്ടുണ്ടെന്ന് ഇതോടെ തീർച്ചയായി.
ഞാൻ വൃദ്ധനെ നോക്കി. അയാൾ വെടിയുണ്ട കടന്നു പോയി തുള വീണ തൻ്റെ നെഞ്ചിൻ കൂടിലേക്ക് വിരലുകൾ കയറ്റി വിസ്മയം കൊള്ളുകയാണ്.
പൊടുന്നനെ അയാൾ തിരിഞ്ഞു നിന്നു.
അയാളുടെ പുറം ഭാഗത്തിലെ സുഷിരത്തിലൂടെ കൈകൾ പുറത്തു വന്ന് എൻ്റെ നേരെ തംസ് അപ്പ് ചിഹ്നം കാണിച്ചു.


വൃദ്ധൻ എൻ്റെ അടുത്തേക്ക് ആശ്ചര്യത്തോടെ ഓടി വന്നു പറഞ്ഞു:
” നോക്കൂ. എനിക്കു ഹൃദയമില്ലായിരുന്നു”
ഞാൻ നോക്കുമ്പോൾ ശരിയാണ്. അയാൾക്ക് ഹൃദയമില്ല!
” എൻ്റെ ഭാര്യ കഴിഞ്ഞ അമ്പതു വർഷമായി പറയുന്നുണ്ട്, എനിക്കു ഹൃദയമില്ലെന്ന്. ഞാനത് ഒരിക്കലും സമ്മതിച്ചു കൊടുത്തിട്ടില്ല. ഞാൻ ഉടൻ അവളോട് ചെന്നു പറയട്ടെ, കഴിഞ്ഞ അമ്പത് വർഷമായി ഞങ്ങൾക്കിടയിലെ തർക്കത്തിൽ അവളായിരുന്നു ശരിയെന്ന് .
വൈകിയാൽ വൈകിപ്പോകും.!


ഞാൻ ചൂണ്ടലുമായിറങ്ങുമ്പോൾ അവൾ ഊർധ്വൻവലിച്ചു തുടങ്ങിയിരുന്നു”
അയാൾ ധൃതിയിൽ തൻ്റെ സൈക്കിളുമായി കുതിച്ചു പോയി.
വലിയ ഒറ്റച്ചക്രം മാത്രമുള്ള വിചിത്രമായ സൈക്കിളായിരുന്നു അത്.
ഞാനിനി എന്തു ചെയ്യും? രക്തം ഒഴുകുന്നുണ്ട്. അന്നേരം ആ യെസ്ഡി ബൈക്കിൻ്റെ ശബ്ദം വീണ്ടും കേട്ടു.
പാലത്തിൻ്റെ മേലെ അത് കാണപ്പെട്ടു.


അയാൾ വണ്ടി നിർത്തി, പുഴക്കരയിലേക്കുള്ള ഒതുക്കുകൾ ഇറങ്ങി എൻ്റെ അടുത്തെത്തി.
അയാൾ എന്നെ നോക്കി അനുഭാവത്തോടെ മന്ദഹസിച്ചു:
”നിങ്ങൾ നിലവിളിച്ചതുകൊണ്ടാണ് എനിക്കു തിരിച്ചു വരേണ്ടി വന്നത്.സാധാരണ വെടിയുതിർത്താൽ അതുണ്ടാവാറില്ല.ഞാൻ നോക്കുക പോലും ചെയ്യാറില്ല. പിറ്റന്നാൾ ചരമ കോളത്തിൽ കാണുമ്പോൾ മരണമുറപ്പിക്കുകയാണ് പതിവ്. “
അയാൾ കുറ്റപ്പെടുത്തും പോലെ നീരസത്തോടെ പറഞ്ഞു.
”നിങ്ങളെന്തിനാണെന്നെ വെടിവച്ചത്? മീൻ വേട്ടയിൽ വിയോജിപ്പുള്ള അഹിംസാവാദിയാണോ താങ്കൾ? അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ?”
അയാൾ ചിരിച്ചു:


”അതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണം വേണമെന്നുണ്ടോ? ഞാനാ പാലത്തിൻ്റെ മുകളിൽ നിന്ന് നിങ്ങൾക്ക് ഒരു ആപ്പിൾ എറിഞ്ഞു തന്നുവെന്ന് വിചാരിക്കുക. അത്തരം ഇംപൾസിൽ കവിഞ്ഞ് ഒന്നുമില്ല എനിക്ക് ”
അയാൾ ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു.
ഞാൻ എൻ്റെ കയ്യിലുണ്ടായിരുന്ന തോർത്തുകൊണ്ട് നെഞ്ചു മറച്ച് വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ മനോജും മെഹജൂബും സിദ്ദിക്കും വന്നു.
” ഞാനിനിയെങ്ങനെ പുറത്തിറങ്ങും. നെഞ്ചിൽ ചോരയൊലിക്കുന്ന ഒരു ദ്വാരവുമായി ഞാനിറങ്ങി നടന്നാൽ കൊല്ലപ്പെട്ട പരേതാത്മാവ് എന്ന് ആളുകൾ ഭയക്കില്ലേ .അതല്ലെങ്കിൽ ഹൊറർ സിനിമയിലെ ഒരു ദൃശ്യമായി തെറ്റിദ്ധരിക്കില്ലേ ?”
എനിക്കു കരച്ചിലടക്കാനായില്ല.


” ഇപ്പോൾ ഓൺ ലൈൻ
ക്ലാസല്ലേയുള്ളൂ.എഫ് ബി യിൽ കവിത അവതരിപ്പിക്കുമ്പോൾ ക്യാമറ അഡ്ജസ്റ്റ് ചെയ്തു വച്ചാൽ മതി. ഇനിയുള്ള കാലം ക്ലബ് ഹൗസിൽ ജീവിക്ക് .അവിടെ ശരീരം വേണ്ടല്ലോ, ശാരീരം പോരേ? “
സിദ്ദിക്ക് ആശ്വസിപ്പിച്ചു.
പെട്ടന്ന് മെഹജൂബും മനോജും ഒറ്റ സ്വരത്തിൽ പറഞ്ഞു.
” നമ്മുടെ കാലത്ത് അസാധാരണമായി ഒന്നുമില്ല ഈ സംഭവത്തിൽ.വിചിത്രം, അസാധാരണം എന്നീ വാക്കുകൾ നിഘണ്ടുവിൽ നിന്നു തുടച്ചു നീക്കേണ്ടിയിരിക്കുന്നു .
നീ സമാധാനിക്ക്.
ഞങ്ങൾ കൂടെയുണ്ട് ”
അപ്പോൾ വാതിലിൽ ഒരു മുട്ടുകേട്ടു.


തുറന്നപ്പോൾ പോലീസാണ്.
” നിങ്ങളൊക്കെ ആരാണ്? ഈ വീട് അനിശ്ചിതമായി കണ്ടെയിൻമെൻ്റ് സോണിലാണെന്ന് അറിയില്ലേ? ഉടൻ പിരിഞ്ഞു പോണം”
പോലീസുകാരൻ വെടിയുതിർത്തു.
അത് എൻ്റെ ടി വി യി ലാണ് ചെന്ന് കൊണ്ടത്. പ്രൈം വീഡിയോ സിനിമയിൽ ഒരു പാർക്കിലെ ബെഞ്ചിൽ ഒരു കാമുകൻ കാമുകിയെ ഉമ്മ വെക്കുകയായിരുന്നു. അയാളുടെ നെഞ്ചിലാണ് വെടിയേറ്റത്.
കാമുകൻ പെൺകുട്ടിയുടെ മടിയിലേക്ക് ഇല കൊഴിയും പോലെ വീണു. അവൾ അതൊരു പ്രണയ ശൃംഗാരമായാണ് കരുതിയത്. അവൾ ആ മുടിയിൽ തലോടി.
തൻ്റെ വെളുത്ത ഉടുപ്പിൽ ചോര പടർന്നു തുടങ്ങിയപ്പോൾ അലമുറയോടെ അവൾ ഞെട്ടിയെഴുന്നേറ്റു.


ടി വി യുടെ ചില്ലുതകർന്ന് കാമുകൻ്റെ മൃതദേഹം എൻ്റെ തറയിലേക്ക് വീണു.
പോലീസ് മെഹജൂബിനെയും സിദ്ദിക്കിനെയും മനോജിനെയും വലിച്ചിഴച്ച് അപ്രത്യക്ഷമായി.പോകും നേരം മെഹജൂബ് വിളിച്ചു പറഞ്ഞു:
” ഒരു വെടിയുണ്ട കൊണ്ടൊന്നും ഒന്നും അവസാനിക്കില്ല. നീ ധൈര്യമായിരിക്ക് ”
കുറച്ചു നേരം കഴിഞ്ഞപ്പോൾ എൻ്റെ മുറിവിലെ രക്തമൊഴുക്ക് കുറഞ്ഞു തുടങ്ങി. എനിക്ക് എന്നോട്‌ പിണങ്ങിയിരിക്കുന്ന പ്രീയപ്പെട്ട കൂട്ടുകാരിയെ വിളിക്കാൻ തോന്നി.
മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു:


” എന്തിനാണിത്ര വ്യവസ്ഥാപരമായി ശരീരത്തെക്കുറിച്ച് ആകുലപ്പെടുന്നത്? ഒരു ദ്വാരം പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടാക്കില്ല.ഞാൻ വന്ന് നിന്നെ കൊണ്ടു പോകാം. ആദ്യം ഈ നിലവിളി നിർത്ത്.അതിനു ശേഷം മാത്രം എന്നെ വിളിച്ചാൽ മതി. നിൻ്റെ നിലവിളി ക്ലീഷെ ആയിട്ടുണ്ട് .”
ഫോൺ നിശബ്ദമായി.
ഞാൻ ടി വി യിൽ നിന്നു വീണു മരിച്ച കാമുകൻ്റെ കമിഴ്ന്ന ശരീരം നേരെയാക്കി. വിസ്മയം തന്നെ .അയാളുടെ നെഞ്ചിലെ ദ്വാരത്തിൽ മൂന്നു റോസാപ്പൂക്കൾ അതിനെ ഭംഗിയായി മറച്ചു കിടക്കുന്നു .അയാളുടെ വിരലുകൾ പൂക്കളുടെ മേലെയാണ്.
അപ്പോൾ വീണ്ടും വാതിൽ മുട്ടി.പനോളിയും റമ്പൂസും അകത്തു കടന്നു:
” സാരമില്ല, അല്ലെങ്കിലും മനുഷ്യരുടെ ശരീരം മുഴുവൻ കോടാനുകോടി സുഷിരങ്ങളല്ലേ ”
സീന നെഞ്ചിൽ തലോടിക്കൊണ്ട് പറഞ്ഞു. റമ്പു കൗതുകത്തോടെ എൻ്റെ നെഞ്ചിലെ തുളയിൽ നോക്കി.


ഞാനവളെ വാരിയെടുത്തു. അവൾ എൻ്റെ നെഞ്ചിലെ ദ്വാരത്തിലൂടെ വെളിയിലേക്ക് നോക്കി. ഒരു ക്യാമറക്കണ്ണിലൂടെ നോക്കും പോലെ.
അതോ ഒരു തോക്കിൻ കുഴലിലൂടെ നോക്കുന്നതു പോലെയോ?
അവളുടെ നോട്ടപ്പാടിലുള്ള മതിലിൻ മുകളിലെ പൂച്ചയെ ഞാനൊരു ഗൺ പോയിൻ്റിലെന്ന പോലെ കണ്ടു.
അത്ഭുതം!
പെട്ടന്ന് പൂച്ചയുടെ ശിരസ്സിൽ ഒരു തൊപ്പിയുണ്ടായി വന്നു.
എൻ്റെ മകൾ ഉണ്ടാക്കാനിരിക്കുന്ന മാജിക്കൽ ചലച്ചിത്രങ്ങൾക്കുള്ള ക്യാമറയാണോ എൻ്റെ നെഞ്ചിലെ തുള?


അപ്പോഴേക്കും നേരത്തെ വന്ന പോലീസുകാർ വീണ്ടും വന്നു.അവർ പനുവിനെയും റമ്പുവിനെയും ബലപ്രയോഗത്തോടെ കൊണ്ടുപോയി.
ഞാനും ,കാമുകിയെ ഉമ്മ വെക്കുന്നതിനിടയിൽ കേരള പോലീസിൻ്റെ വെടികൊണ്ടു ടി വി യിൽ നിന്നു തെറിച്ചു വീണ ഏതോ യൂറോപ്യൻ സിനിമയിലെ യുവ കാമുകൻ്റെ മൃതദേഹവും മാത്രമായി.
എൻ്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്.
അപ്പോൾ വാതിലിൽ ഒരു മുട്ടുകേട്ടു .ആ ഒച്ചയിൽ ഞാൻ സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നു.
ആ വാതിലിൽ മുട്ടിയത് ആരാകും കൂട്ടുകാരേ?
( സൈക്യാട്രിസ്റ്റിനെ വീണ്ടും കാണേണ്ടി വരും. കുറേക്കാലമായി ദു:സ്വപ്നങ്ങൾ ഇല്ലായിരുന്നു)

ഷാജു വി വി

By ivayana