രചന : ദിലീപ്✍

ഇരുണ്ടമഴമേഘങ്ങളിൽ
ഞാൻ നിന്റെ പേരെഴുതിച്ചേർക്കട്ടെ,
നീ പെയ്യുന്ന രാവുകളിൽ
ഒറ്റയാക്കപ്പെടുന്നതിന്റെ
അസ്വസ്ഥതകളെ
ഒഴുക്കിക്കളയട്ടെ,
വരിതെറ്റിയ ഒരു
കവിതയായി ഞാൻ
പച്ചമണ്ണിൽ മഴയ്ക്കുതാഴെ
നിശ്ചലമാവട്ടെ,
നീയറ്റുവീഴുന്ന മണ്ണിൽ
മരണവും
എനിക്ക് കവിതയാണ്,
വ്യാമോഹങ്ങളുടെ
എഴുതിച്ചേർക്കലുകളില്ലാത്ത
കാല്പനികതയുടെ
അതിമനോഹരമായൊരു കവിത,
ഖബറിൽ മുളച്ചുപൊന്താൻ
ലാവണ്ടർ പൂക്കളുടെ
സുഗന്ധം വേണ്ട,
ചുവന്നു കത്തുന്ന
ഗുൽമോഹറും വേണ്ട,
പടർന്നുപിടിക്കുന്ന
ശവംനാറി പൂക്കളുണ്ടാവും
അവയെനിക്ക് പുതപ്പാവും,
ഇരുട്ടിന്റെ ഒളിയിടങ്ങളിൽ
എന്റെ ഓർമ്മയുടെ
മൺപുറ്റുകളുയരും,
ഖബറിലെ കവിതതിന്ന്
ചിതലുകൾക്കും
ചിറകുമുളച്ചേക്കാം,
അവ രാപ്പാടികളുടെ
ഈണത്തിന്
കാത്തിരുന്നേക്കാം,
നിലാവ് ഞെട്ടറ്റു വീഴുമ്പോൾ
കടൽ, തീരങ്ങളെ പ്രാപിക്കുമ്പോൾ
നദികൾ മൗനം തിന്നുമ്പോൾ
ഖബറിൽ നിന്നും
നീലവെളിച്ചം ഉയരും,
അത് മലമുകളിൽ നിന്നും
മഴമേഘങ്ങളോട് സല്ലപിക്കും,
നീ മഴയാണ്
ഞാൻ മരിച്ചവനും
നീ പെയ്തിറങ്ങുന്ന
രാവുകളെ മാത്രമേ
എനിക്ക് പ്രണയിക്കാനാവു,
എന്റെ ഖബറിലേക്ക്
നിന്റെ അവസാനതുള്ളിയും
ഒലിച്ചിറങ്ങും,
നിശബ്ദമായ
ആലിംഗനങ്ങളിലാണ്
മരിച്ചവന്റെ പ്രണയം
ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്…..
നിനക്കു മാത്രം
വായിച്ചെടുക്കുവാനാകുന്ന
അതിപുരാതന ഭാഷയിൽ…..

ദിലീപ്

By ivayana