രചന : മൻസൂർ നൈന ✍

എന്ത് കൊണ്ടൊ ഏറെ താമസിച്ചു പോയി ഇതെഴുതാൻ . കഴിഞ്ഞ ഡിസംബറിലായിരുന്നു കുളിരുള്ള ഓർമ്മകൾ നൽകിയ ആ കൂടിക്കാഴ്ച്ച . എഴുതാൻ ഏറെ താമസിച്ചുവെന്ന ഖേദത്തോടെയും ക്ഷമാപണത്തോടെയും നിങ്ങൾക്കായി …….
ഒരു ദേശത്തിന്റെ കഥ ….


അതിരാണിപ്പാടം ഗ്രാമത്തിൽ നിന്നു തുടങ്ങുന്ന കഥ ആ ദേശത്തിന്റെ അതിരുകൾ കടന്ന് പോകുന്നു …
‘ ഒരു ദേശത്തിന്‍റെ കഥ ‘ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ് ; മനുഷ്യരുടെ കഥയാണ് ….
എസ്.കെ. പൊറ്റക്കാടിന്റെ കഥാപാത്രമായ ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കുമ്പോൾ തന്റെ ബാല്യകാലം ഓർക്കുന്നതാണ്
‘ഒരു ദേശത്തിന്റെ കഥ ‘ …..


എൻ.പി. മുഹമ്മദിന്റെ ‘എണ്ണപ്പാടം ‘ കുറ്റിച്ചിറയിലെ സാധാരണക്കാരുടെ കഥ പറഞ്ഞപ്പോൾ , പി.എ. മുഹമ്മദ് കോയയുടെ ‘സുൽത്താൻ വീട് ‘ ഈയടുത്തകാലം വരെ നിലനിന്നിരുന്ന കുറ്റിച്ചിറയിലെ മരുമക്കത്തായ സമ്പ്രദായവും , ഭാര്യ വീട്ടിൽ തന്നെ താമസിക്കുന്ന പുതിയാപ്ലമാരും അവരുടെ ജീവിതങ്ങളും പറഞ്ഞു . കോഴിക്കോട് കുറ്റച്ചിറയില രണ്ട് സംസ്ക്കാരങ്ങളുടെ പരിച്ചേദമാണ് ഈ രണ്ട് കഥകളും .
ഡിസംബറിലെ തണുപ്പും കുളിരും ആസ്വദിച്ച് കോഴിക്കോട് എത്തിയ എന്നേ ഇവിടുത്തെ കൂടിക്കാഴ്ച വർഷങ്ങൾ പിന്നിലേക്കുള്ള കുളിരുന്ന ഓർമ്മകളിലേക്ക് കൊണ്ടു പോയി …..


ചരിത്രകാരനും , കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് ചെയർ ഓഫീസറുമായ അബ്ദുറഹിമാൻ മങ്ങാടിന്റെ മകനും
പത്രപ്രവർത്തകനും , സാംസ്ക്കാരിക പ്രവർത്തകനുമായ നൗഷാദ് മങ്ങാട് എന്നേ വിളിച്ചിട്ട് പറഞ്ഞു
” മലബാർ മഅ്ബർ ബന്ധങ്ങളുടെ ചരിത്രം ഓർമ്മപ്പെടുത്തി മൻസൂർക്ക നമുക്കാന്ന് കോഴിക്കോട് കൂടണം ” .


തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനടുത്തുള്ള കായൽപ്പട്ടണം അതു പോലെ കീഴക്കര ഉൾക്കൊള്ളുന്ന വിശാലമായ മഅ്ബർ പ്രദേശവും മലബാറും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . മഖ്ദൂമുകൾ, മരക്കാർ – നൈനാമാർ , റാവുത്തർമാർ , ലബ്ബമാർ തുടങ്ങി മുസ്ലിം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ കേരളത്തിലേയ്ക്ക് പടർന്നത് കായൽ പട്ടണത്തു നിന്നാണ്.


തൂത്തുക്കുടിയിലെ ഈ ചെറിയ തീരദേശ നഗരത്തിൽ നിന്ന് ഏതാനും സാംസ്ക്കാരിക പ്രവർത്തകർ കോഴിക്കോട് സന്ദർശനത്തിനെത്തിയപ്പോൾ
ഒരു കാലത്ത് ശക്തമായിരുന്ന
മലബാർ -മഅബർ സൗഹൃദത്തിൻ്റെ കളഞ്ഞുപോയ പൊൻകണ്ണികൾ വിളക്കിചേർക്കപ്പെടുകയായിരുന്നു .


കായൽപ്പട്ടണത്ത് നിന്ന് എഴുത്തുകാരനും , ചരിത്ര നിരീക്ഷകനുമായ സാലെ ബഷീറിന്റെയും കോഴിക്കോട് കുറ്റിക്കാട്ടൂർ അറബി കോളേജിലെ അധ്യാപകനും , എഴുത്തുകാരനും , ചരിത്ര നിരീക്ഷകനുമായ കായൽപ്പട്ടണത്തുകാരൻ മുഹമ്മദ് സുൽത്താൻ ബാഖവിയുടെയും നേതൃത്വത്തിൽ കായപ്പട്ടണത്ത് നിന്നുള്ള ചരിത്ര വിദ്യാർത്ഥികളടങ്ങുന്ന ഒരു സംഘവും . കോഴിക്കോട് നിന്നും മുതിർന്ന പത്രപ്രവർത്തകനും , എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി , ഗ്രന്ഥകാരനും വിവർത്തകനുമായ എ.പി. കുഞ്ഞാമുവും പിന്നെ ഒരു സംഘം ഗായകർ , കലാകാരന്മാർ , ‘സുഡാനി ഫ്രം നൈജീരിയ ‘ എന്ന സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദ് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ , അങ്ങനെ അതൊരു വലിയ സംഘമായി . 10 – 20 പേരിൽ കൂടുതലൊന്നും ഞാനും പ്രതീക്ഷിച്ചില്ലായിരുന്നു .


കോഴിക്കോട് കടലിനോട് മുഖം ചേർത്തു വെച്ച , മനോഹരമായി ഒരുക്കിയിട്ടുള്ള Kgrart ആർട്ട് ഗാലറിയുടെ ഹാളിൽ …. നൂറ്റാണ്ടുകൾക്കപ്പുറത്ത് ദേശവും കടന്ന് ഹൃദയങ്ങൾ ചേർക്കപ്പെട്ട ബന്ധങ്ങളുടെ ചരിത്രമറിയാൻ കോഴിക്കോടുള്ള സുന്ദരന്മാരും , സുന്ദരികളും തിങ്ങി നിറഞ്ഞിരുന്നു . മലബാറിലെ കലാകാരന്മാരും സഹൃദയരും ഒത്തുചേർന്നു. സമീർ ബിൻസി, സദക്കത്തുള്ള തുടങ്ങിയവർ പാടി.
ചിലർ കായൽ പട്ടണത്തെ യാത്രാനുഭവങ്ങൾ വിവരിച്ചു. അഭൂതപൂർവ്വമായ ഒരു മലബാർ – മഅബർ കൂടിച്ചേരൽ.


കോഴിക്കോട് സ്പാൻ ഹോട്ടലിൽ നിന്നും കായൽപ്പട്ടണത്തെ സംഘവുമായി ജമാൽ കൊച്ചങ്ങാടിയും , നൗഷാദ് മങ്ങാടും , ഈയുള്ളവനും , മിട്ടായിത്തെരുവിൽ കലന്തൻസിൽ നിന്ന് മുസമ്പി ജ്യൂസ് കുടിച്ചു കൊണ്ട് മധുരമൂറുന്ന ഹൽവയുടെ തെരുവായ മിഠായിത്തെരുവിലൂടെ തുടർന്ന യാത്ര
പിന്നെ കുറ്റിച്ചിറയിലേക്ക്… ചരിത്രമുറങ്ങാത്ത മിഷ്ക്കാൽ പള്ളിയും മുച്ചുന്തിപ്പള്ളിയും ജിഫ്രി ഹൗസും സന്ദർശിച്ചു , സുന്ദരമായ ചിറയുടെ കാറ്റേറ്റ് കിടക്കുന്ന മിശ്ക്കാൽ പള്ളിയുടെ വിശേഷങ്ങൾ പറയുന്നതിന് മുൻപ് . കൊച്ചിയിലെ നൈനാമാരുമായി വർഷങ്ങളായി ഉണ്ടായിരുന്ന ഒളിമങ്ങാത്ത ബന്ധത്തിന്റെ കഥ പറയുന്ന കുറ്റിച്ചിറയിലെ ജിഫ്രി ഹൗസ് സന്ദർശിച്ച വിശേഷം പറയാം ….


ജിഫ്രി ഹൗസിലേക്ക് കയറുന്നതിന് മുൻപ് ഞാൻ സയ്യിദ് അബ്ദുല്ല ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ചു . പരിചയമുള്ള ആരെങ്കിലും അവിടെയുണ്ടാകുമൊ എന്നായിരുന്നു എന്റെ സംശയം . അബ്ദുല്ല ജിഫ്രി തങ്ങൾ പറഞ്ഞു ” മൻസൂറെ നിങ്ങളുടെ ഉപ്പയുടെ അടുത്ത സുഹൃത്ത് ഫസൽ പൂക്കോയ തങ്ങളുടെ മക്കളായ സ്വാലിഹ് , അനസ് അങ്ങനെ ആരെങ്കിലും അവിടെയുണ്ടാകും ” . ശരിയായിരുന്നു സ്വാലിഹ് ഷിഹാബുദ്ദീൻ തങ്ങൾ അവിടെയുണ്ടായിരുന്നു , സ്വാലിഹും സഹോദരങ്ങളും കുടുംബവുമാണ് ഇപ്പോ അവിടെ താമസം . നിരവധി മുറികളോട് കൂടിയ , ഏറെ ചരിത്രം പറയാൻ കഴിയുന്ന ഒരു വലിയ തറവാട് വീട് ….


എന്റെ ഉപ്പയുടെ ( പിതാവിന്റെ ) സുഹൃത്തിന്റെ മകനോപ്പം ചേർന്നു നിന്നു , ചരിത്രത്തിന്റെ നിയോഗമെന്നോണം ആ കൂടിക്കാഴ്ച ….
കോഴിക്കോട് ജിഫ്രി കുടുംബത്തിൽ നിന്നും തങ്ങന്മാർ ആലപ്പുഴയിൽ എത്താറുണ്ടായിരുന്നു . പണ്ട് കാലം മുതൽക്കെ കച്ചവട സംബന്ധമായും മറ്റും അങ്ങനെയൊരു ബന്ധം അവർക്ക് ആലപ്പുഴയുമായി ഉണ്ടായിരുന്നു . ആലപ്പുഴയിലേക്കുള്ള യാത്രാ വേളകളിൽ യാത്രാ മദ്ധ്യേ കൊച്ചിയിലെത്തി നൈനാ കുടുംബങ്ങളുടെ ആതിഥ്യം സ്വീകരിച്ച ശേഷം മാത്രമെ ആലപ്പുഴയിലേക്ക് അവർ യാത്ര തിരിക്കാറുള്ളു . അതു പോലെ തന്നെ കൊച്ചിയിലെ
നൈനാമാർ മലബാറിലേക്ക് യാത്ര പോകുമ്പോൾ കോഴിക്കോട് ഇന്നും തലയുയർത്തി നിൽക്കുന്ന ജിഫ്രി ഹൗസിൽ തങ്ങന്മാരുടെ ആതിഥ്യം സ്വീകരിച്ച് വിശ്രമിച്ച ശേഷം മാത്രമേ കൊച്ചിയിലേക്ക് മടങ്ങാറുള്ളു . എന്റെ ഉപ്പ ഷാഫി നൈന ജിഫ്രി ഹൗസിലെ സ്ഥിരം സന്ദർശകനായിരുന്നു .


കൊച്ചി തക്യാവിലെ തങ്ങന്മാരെ കോഴിക്കോട് ജിഫ്രി ഹൗസുമായും കോഴിക്കോടുള്ള മറ്റു തങ്ങന്മാരുമായി ബന്ധിപ്പിച്ചത് കൊച്ചിയിലെ നൈനാമാരായിരുന്നു . വലിയൊരു ബന്ധം തന്നെ തങ്ങന്മാരും നൈനാമാരും തമ്മിൽ ഉണ്ടായിരുന്നു . കുറച്ച് കൂടി വ്യക്തമാക്കിയാൽ ഇവർ തമ്മിൽ മുലകുടി ബന്ധം വരെ ഉണ്ടായിരുന്നു . പണ്ട് നൈനാമാരുടെ കല്യാണങ്ങൾക്ക് കാർമികത്വം വഹിക്കുക തക്യാവിൽ നിന്നുള്ള തങ്ങന്മാരായിരുന്നു .
കോഴിക്കോടുള്ള തങ്ങന്മാരുടെ ജിഫ്രി ഹൗസും അതുമായി ബന്ധപ്പെട്ട സ്ഥലവും കോഴിക്കോട് സാമൂതിരി രാജാവ് അറേബ്യയിൽ നിന്നെത്തിയ സെയ്യിദ് ശൈഖ് ജിഫ്രി തങ്ങൾക്ക് എഴുതി കൊടുത്തതാണ് .


സാമൂതിരി രാജാവിന്റെ നാവിക പടയിലെ പ്രശസ്തരായിരുന്ന
മരയ്ക്കാർമാരും , ധീരയോദ്ധാവായ കുഞ്ഞാലി നൈനയും കൊച്ചിയിൽ ഉണ്ടായിരുന്ന കാലത്ത് കൊച്ചിയിലെ തങ്ങന്മാരും കോഴിക്കോട് തങ്ങന്മാരും തമ്മിൽ ബന്ധങ്ങളില്ലായിരുന്നു . നൈനാമാരിലെ പിൻതലമുറക്കാരാണ് കൊച്ചിയിലെ തങ്ങന്മാരെയും കോഴിക്കോട്ടുള്ള ജിഫ്രി തങ്ങന്മാരെയും തമ്മിൽ ബന്ധപ്പെടുത്തുന്നത് . കൊച്ചിയിലെയും കോഴിക്കോടുമുള്ള വിവാഹ ബന്ധങ്ങൾ വരെ നൈനാമാരിലൂടെയായിരുന്നു അവരായിരുന്നു മദ്ധ്യവർത്തികൾ . ആ ബന്ധം ഊട്ടിയുറപ്പിച്ചതിലൂടെയാണ് കോഴിക്കോടുള്ള ജിഫ്രി കുടുംബവും , കൊച്ചിയിലുള്ള തങ്ങൾ കുടുംബവും തമ്മിലുള്ള ബന്ധം ഇന്നത്തെ നിലയിൽ പടർന്ന് പന്തലിച്ചത് .
മലബാറിനെ കുറിച്ച് മാന്വൽ രചിച്ച സ്കോട്ലന്റുകാരനായ വില്യം ലോഗൻ , തങ്ങൾ കുടുംബവുമായി വലിയ ബന്ധം പുലർത്തിയിരുന്നു . ഇന്ത്യൻ സിവിൽ സർവീസ് നേടിയ ലോഗൻ മലബാറിലെ ഭരണാധികാരിയും , ജില്ലാ ജഡ്ജിയുമായിരുന്നു . 1876 – ൽ കോഴിക്കോട് ജിഫ്രി ഹൗസിൽ നിന്ന് ഹജജിന് പുറപ്പെട്ട സെയ്ദ് അഹമ്മദ് ബിൻ അലവി ഇബ്നു ആറ്റക്കോയ തങ്ങൾ . അദ്ദേഹത്തിന്റെ സഹോദരൻ സെയ്ദ് അബ്ദുറഹിമാൻ എന്നിവർക്ക് വില്യം ലോഗൻ യാത്രാ മംഗളങ്ങൾ നേർന്ന് മംഗളപത്രം കൊടുത്തിട്ടുണ്ട് .
അറബി കപ്പിത്താൻ നിർമ്മിച്ച പള്ളി ……


കുറ്റിച്ചിറ നാഖൂദാ മിശ്ക്കാൽ പള്ളിയുടെ ചരിത്രം നിരവധിയാളുകൾ പറഞ്ഞു കഴിഞ്ഞു . ഞാനും അതു തന്നേ ആവർത്തിച്ചാൽ നിങ്ങൾക്കത്
ഒരുപക്ഷെ വിരസതയാവും . പക്ഷെ ഞാൻ മനസിലാക്കിയത് ചിലത് പറയാതെ വയ്യ .
മതം പറയാത്തൊരു വാർത്തയും , മതമല്ലാത്തൊരു രാഷ്ട്രീയവും ഇല്ലാതായിരിക്കുന്നു , മത വിഭാഗീയതയുടെ പേരിലെ വെറുപ്പിന്റെ ഇരുൾ വീണിരിക്കുന്നു നാടെങ്ങും …..
മത വിഭാഗീയതയുടെ വെറുപ്പിന്റെ ചിന്തകളില്ലാതെ മാനവ സ്നേഹത്തിന്റെ മഹത്തായ സംസ്ക്കാരമുണ്ടായിരുന്നു ഈ നാടിന് , ഇല്ല ഇപ്പോഴുമുണ്ടത് …..


AD 1300 – 330 കോഴിക്കോടെത്തിയ നാഖൂദാ മിശ്ക്കാൽ എന്ന കപ്പിത്താനും അറബി വ്യാപാരിയുമായ വ്യക്തി നിർമ്മിച്ച പള്ളി . ഒരു കപ്പിത്താൻ നിർമ്മിച്ചതിനാലാവാം എന്റെ കാഴ്ച്ചയിൽ മിശ്ക്കാൽ പള്ളി ഒരു കപ്പൽ പോലെ തോന്നി . 1510 ജനുവരി മൂന്നിന് വാസ്കോ ഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിൻെറ നേതൃത്വത്തില് പള്ളി ആക്രമിച്ചു . റമദാൻ 22 നായിരുന്നു കല്ലായിപ്പുഴയിലൂടെ വന്ന പോർച്ചുഗീസുകാർ മിശ്ക്കാൽ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ‍പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. മുസ്ലിംകളെ തുരത്തുകയായിരുന്നു ആക്രമണത്തിൻെറ ലക്ഷ്യം. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ രണ്ടും മൂന്നും നിലകൾ കത്തി നശിക്കുകയും ‘മിഅ്‌റാബ്’ തകർക്കപ്പെടുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്.

പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്
മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക അകലെയുള്ള തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം . വടക്ക് ബേപ്പൂർ പുഴയും , തെക്ക് കടലുണ്ടി പുഴയും , പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയം . അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് പോർച്ചുഗീസുകാർ ചാലിയത്ത് കോട്ട പണിതത് .
1571 -ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം ചാലിയം പോർച്ചുഗീസ് കോട്ടയ്ക്കുനേരേ അറബി കടലിന്റെ സിംഹം എന്ന അപരനാമത്താൽ അറിയപ്പെട്ട പട്ടു മരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമന്റെ നേതൃത്വത്തിൽ സൈനികനീക്കമുണ്ടായി. പറങ്കിപ്പടയെ തുരത്തി കുഞ്ഞാലിമരയ്ക്കാറും
കൂട്ടരും ചാലിയം പോർച്ചുഗീസ് കോട്ട തകർത്തു .


ഹിന്ദുവായ സാമൂതിരിയുടെ നിർദ്ദേശപ്രകാരം സാമൂതിരിയുടെ സാന്നിദ്ധ്യത്തിൽ കുറ്റിച്ചിറയിൽ തന്നേയുള്ള വലിയ ജമാഅത്ത് പള്ളിയിൽ യോഗം കൂടി അങ്ങനെ തീരുമാനിച്ചതാണ് ചാലിയം കോട്ടയുടെ നിർമ്മാണത്തിനുപയോഗിച്ച കല്ലുകൾ ചാലിയം പുഴക്കരപ്പള്ളിയുടെയും ,
മര ഉരുപ്പടികൾ കുറ്റിച്ചിറയിലെ മിശ്കാൽ പള്ളിയുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നത് . അന്ന് സാമൂതിരിയുടെ നേതൃത്വത്തിൽ യോഗം കൂടിയ കുറ്റിച്ചിറ വലിയ ജമാഅത്ത് പള്ളിയുടെ മരത്തിന്റെ മേൽക്കുരയിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ കൊത്തി വെച്ച അറബി ഭാഷയിലെഴുതിയ കവിതകൾ ഇന്നും കാണാം..


നാടിന്റെ മോചനത്തിനായി പോരാടുക എന്നത് മതപരമായ വിശ്വാസത്തിന്റെ ഭാഗമായ അവർ കണ്ടു ….
മത വിഭാഗീയ ചിന്തകൾക്കപ്പുറം മാനവസ്നേഹത്തിന്റെ കഥകൾ പറയുന്ന നമ്മുടെ ദേശത്തിന്റെ കഥ ….
കുറ്റിച്ചിറ ബിരിയാണി സെന്ററിലെ ബിരിയാണിയുടെയും , Kgrart ആർട്ട് ഗാലറിയുടെ താഴേയുള്ള കടയിൽ നിന്നുള്ള മസാല ചായയുടെയും രുചിയും , ഉണർവ്വിനും ഒപ്പം നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു ദിനം …..

By ivayana