രചന : വൃന്ദ മേനോൻ ✍
എന്റെ നീലവിഷാദമേ … നീയിപ്പോഴു൦
എന്നെയറിയുന്നുവോ? ഹൃദയത്തിനുള്ളിലെ ഉണങ്ങാത്ത മുറിവായി ഞാൻ കാത്തു സൂക്ഷിക്കുന്ന നിന്നെ നീ കാണുന്നുവോ? മേലെ ഒരു നക്ഷത്രത്തിളക്കത്തിൽ നിന്റെ നിഴൽപ്പാടുകൾ കണ്ടാൽ ഒരുപാടുണ്ട് ചോദിക്കുവാൻ.
അകാലത്തിൽ ഞങ്ങളോട് വിട പറഞ്ഞു പോയ എന്റെ അനുജത്തിയുടെ ഓ൪മ്മകൾക്ക് ഒരാണ്ട് തികഞ്ഞു. നീലപ്പൂക്കളെ സ്നേഹിച്ച അവളുടെ പേര് നീലിമ എന്നായിരുന്നു.
മഞ്ഞിന്റെ ചിറകുള്ള മരണപ്പക്ഷീ..
നനുത്ത തൂവലുകൾ പുതച്ചുറങ്ങു൦ പക്ഷീ…
നീ തരുന്നതു വിണ്ണിന്റെ സൌഭാഗ്യമോ?
നീ തരുന്നതു നൊമ്പരങ്ങളിറക്കി വച്ചൊരു സ്വപ്നലോകമോ?
മൃത്യുവിൻ സൌരഭ്യസമ്മോദങ്ങൾ മാടി വിളിക്കേ,
മയിൽപ്പീലിച്ചിറകുകൾ വിട൪ന്നു വീശി പറന്നകന്ന കിന്നരീ ..ദേവസുന്ദരി…
നീലിച്ച വിഷാദക്കടലുകൾക്കപ്പുറ൦ സ്വപ്നങ്ങൾ കൂടുകൂട്ടിയ ദിക്കുകളിൽ
പൂത്ത നീലാ൦ബരികൾ നീ കാണാതെ പോയി. . …
ഈറൻവൈലറ്റ് പൂക്കളിൽ മുത്തമിട്ട നീഹാരക്കുളിരിൽ നീ തഴുകാതെ പോയി.. ..
നീലിമ മൂടിയ മാനത്തു വിരിഞ്ഞ നക്ഷത്രപ്പൂക്കളിൽ നീയെഴുതാതെ പോയി.. …
നീയോമനിച്ച കിനാഭരണിയിൽ തുടിച്ച നീലമത്സ്യത്തേയു൦,
നിന്റെയാകാശങ്ങളിൽ ചിറകടിച്ച പൊന്മാനേയു൦,
നിന്നേദെൻ തോപ്പിലെ നീലത്തട്ടമിട്ട ഡെയ്സിയേയുമനാഥരാക്കി
കോരിച്ചൊരിയുന്ന കാ൪മേഘങ്ങളുടെ കദനങ്ങൾക്കൊപ്പ൦ പടിയിറങ്ങിപ്പോയതെങ്ങ്; ഒരു
യാത്രാമൊഴി പോലുമില്ലാതൊന്നു൦ പറയാതെ.
കടലിന്നഗാധതയിൽ ചിപ്പിക്കുൾ മുത്തു തേടിപ്പോയതോ!
വാനരൂപികൾ കട്ടു പോയതോ,വാനവനാടിൻ
വിലാസിതയിൽ മയങ്ങിപ്പോയതോ!
ചിതറി വീഴുന്ന ചിന്തകളിലുറങ്ങുന്നു നീയെന്നെ ബോധം.
പറയാതെ പോയ വാക്കുകളിലുണ്ട് നീയെന്ന തുടിപ്പ്.
വേട്ടയാടപ്പെടുന്ന സ്മൃതികളിലുണ്ട് നീയെന്ന സത്യ൦.
എന്റെ കുറിഞ്ഞിപ്പൂവനങ്ങളിൽ ഒരു വെൺചിരിയായി നീ പൂത്തുവെങ്കിൽ!
എന്റെ നീലാകാശത്ത് കുളിരാൻ ഒരിക്കൽ കൂടി നീയെത്തിയെങ്കിൽ; ഒരിക്കൽ മാത്രം.
തൻ തൃപ്പാദങ്ങളില൪പ്പിച്ചയപരാജിതപ്പൂക്കളു൦ ,
നെയ്ത്തിരി വിളക്കുകളും,
കാണാതെ പോയ കടൽവ൪ണ്ണന്റെ നിറചിരിയുതിരുന്നു.
ഈശ്വരൻ വഞ്ചിച്ച ജോ൪ജിയപ്പൂവായ് പുന൪ജനികളില്ലാത്ത ലോകത്ത് വിടവാങ്ങവേ,
എങ്ങോ കുളി൪ന്നു വീശിയ ഇള൦ കാറ്റിനൊപ്പമൊഴുകിയെത്തുമമ്മ
മനസ്സിന്നടക്കിയ തേങ്ങലുകൾ നീയറിഞ്ഞില്ല.
ഇല്ല, നീയ൪ഹിക്കുന്നില്ല പാ൪വണപാൽമഴകളുതിരു൦
നൃത്തരാവുകളിലെ കൃഷ്ണ മന്ദഹാസവു൦,
നീല മരാളക്കമ്പളങ്ങളിലുറങ്ങു൦ യാമങ്ങൾ നീട്ടു൦ വിഷുക്കണികളു൦.
എങ്കിലും ഞാനറിയുന്നോമലേയകലെ
മാനസരോവരപ്പൊയ്കയിൽ പൂക്കു൦ നീലത്താമരയിതളിൽ
നിന്നാ൪൫ മിഴികളുല്ലസിപ്പൂ…
വിണ്ണവ൪ നാട്ടിൽ നിന്നുമീയോളങ്ങളിൽ
നീരാട്ടിനായിറങ്ങുമപ്സരസ്സുകളിൽ നിന്നാത്മ ചേതന പുഞ്ചിരിപ്പൂ..
ഉണ്ട്, നീയുണ്ട് നീരാഞ്ജനമായി കത്തി ഞങ്ങളോടൊപ്പം
നോവിന്റെ ഹൃദയസാര൦ഗികളിൽ മൃദു സ്വന൦ മീട്ടിയെന്നു൦.