രചന : അശോകൻ പുത്തൂർ .✍
ഒരിക്കൽ
നീ പറഞ്ഞതോർക്കുന്നു
ഉമ്മകളുടെ ശബ്ദതാരാവലി
നീയെഴുതുമ്പോൾ
എന്റെ ഉമ്മകളുടെ ഒച്ചകൾക്ക്
പ്രാക്കളുടെ കുറുകലെന്നോ
കൂമന്റെ മൂളലെന്നോ
പേരിടുമെന്ന് കരുതണ്ട……
ഓരോ ദിവസവും
ഓരോ ഇടങ്ങളിലും
നിന്റെ ഉമ്മകൾ
ഒളിച്ചുവെച്ച മുറുക്കങ്ങളായിരിക്കാം
ചുഴലിയും വർഷപാതവുമായി
കാലങ്ങൾ കഴിഞ്ഞിട്ടും
എന്നിലിങ്ങനെ പെയ്തുനിറയുന്നതെന്ന്
ഞാനെങ്ങിനെ എന്നെതന്നെ
പറഞ്ഞു സമ്മതിപ്പിക്കുമെന്ന്
നീ ആലോചിച്ചിട്ടുണ്ടോ………….,
ഓരോരോ ഇടങ്ങളിലും
ഓരോരോ ഒച്ചകൾ…….
ഞാനതെല്ലാം പരിഭാഷപ്പെടുത്തുകയാണ്
എനിക്കും നിനക്കുംമാത്രം
വായിക്കാവുന്ന ഭാഷയിൽ……….
എന്നെങ്കിലും കാണുമ്പോൾ തന്നേക്കാം
തെറ്റുണ്ടെങ്കിൽ തിരുത്തിത്തരുമല്ലോ.