രചന : സിമ്മി കുറ്റിക്കാട്ട് ✍

ഓ പി യിൽ ഇരിക്കുമ്പോൾ
തൊട്ടരികത്തൊരു പെൺകുട്ടി.
ഉപ്പ്‌ തൊട്ട ഒച്ചിനെപ്പോലെ
അവൾക്കുള്ളിലെന്തോ
പിടയുന്നുണ്ടെന്ന്‌ തോന്നി .
അവളുടെ കണ്ണ് നിറയെ
അല്പം മുൻപ് വരെ
ചിന്തിച്ചുകൂട്ടിയ ജീവിതത്തിന്റെ
വിളർച്ചയും അമ്പരപ്പും .
ബാഗിന്റെ വള്ളിയിൽ
അവളിട്ടു കൂട്ടിയ കടുംകെട്ടുകൾ.
വലിച്ചിട്ടിട്ടും ഇടയ്ക്കിടെ
ഊർന്ന് പോകുന്ന
ഷോള് പോലുമവളെ
ഭയപ്പെടുത്തുന്ന പോലെ .
ഇടത്തെ കൈയുടെ
അറ്റം മുട്ടുന്ന ഉടുപ്പില്ലാത്തതിന്റെ
അസ്വസ്ഥതയെ തെരുപ്പിടിച്ചവൾ
തല കുനിച്ചിരുന്നു ഉരുകി .
എത്ര ഒളിപ്പിച്ചിട്ടും
തല നീട്ടുന്ന അതിന്റെ
അധികം പഴക്കമില്ലാത്ത
കുത്തിക്കെട്ടിയ മുറിവ്.
എനിക്കവളെ പരിചയം തോന്നി.
നിറയെ വടുക്കളുള്ള
തെറുത്തുവച്ച എന്റെ ഇടംകൈ
ഞാനവൾക്ക് നേരെ നീട്ടി വെച്ചു.
വിടർന്ന കണ്ണുയർത്തി
ഒരു നിമിഷമവളെന്നെ നോക്കി.
ശേഷം, തണൽമരം കണ്ടവളെപ്പോലെ
അടുത്തേയ്ക്കു ചാഞ്ഞിരുന്നു.
ഞങ്ങൾ മിണ്ടിയതേയില്ല ….

സിമ്മി കുറ്റിക്കാട്ട്

വാക്കനൽ

By ivayana