രാവിലെ തന്നെ മഴ തുടങ്ങി….
മഴയോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെനിക്ക്. പക്ഷെ ഇന്ന് ഒന്ന് മാറി നില്കാമായിരുന്നില്ലേ നിനക്ക് !അല്ലെങ്കിലും എന്റെ പരിഭവം നിനക്കല്ല എല്ലാർക്കും തമാശയാണ് സന്ധ്യേ… എടീസന്ധ്യേ… ഈ പെണ്ണ് എന്തെടുക്കുവാ.അമ്മയുടെ വിളികേട്ട് ഞാൻ
പെട്ടെന്ന് അടുക്കളയിലേക്ക്ചെന്നു…അമ്മ അപ്പോഴും പിറു പിറുക്കുകയാണ് രാവിലെ നീ മൊബൈലിൽകുത്തികൊണ്ടിരുന്നോ ഇവിടെ
വന്ന് ഒരു കൈ സഹായിക്കാൻ നിനക്ക് സമയമില്ല, ഏത് നേരവും മൊബൈലും നോക്കിയിരുന്നോ അമ്മക്ക് എപ്പോഴും പരാതിയാണ് .ദേഷ്യം അത്രയും എന്റെ മൊബൈലിനോടാണെന്നു മാത്രം !പാവം അമ്മ !അതിരാവിലെ എഴുന്നേറ്റു തുടങ്ങുന്ന ജോലിയാണ് !അച്ഛനും, ചേട്ടനും ഊണ് കൊടുത്തു വിടണം .പിന്നെ രണ്ട് പശുക്കളുണ്ട് അതിന്റെ കാര്യം നോക്കണം. ചുരുക്കി പറഞ്ഞാൽ പകലിന്റെ ദൈർഘ്യം കുറച്ച് കൂടി കൂട്ടിയാലെ അമ്മ ഓടിയെത്തുള്ളൂ !എനിക്കിന്ന് വിദ്യയുടെ വിവാഹത്തിന് പോകണം.. അമ്മേ..അമ്മേ അച്ഛനെവിടെ? മഴയും നനഞ്ഞു വല്ല ചെടിയുടെയും കൂടെ കാണും ഇനി പോകാറാവുമ്പോൾ ഒരു പിടച്ചടി ആണ് !
അച്ഛന്റെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് !പൂക്കളും, ചെടികളുമായി ഒരു സല്ലാപം, അതിന് ശേഷം ഒരു ചായ കുടിയും, പത്രം വായനയും കഴിഞ്ഞാൽ പിന്നെ ഓഫീസിൽ പോകാനുള്ള തയാറെടുപ്പ് !..മഴതോർന്നുവെങ്കിലും, ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. എല്ലാ മൂഡും കളഞ്ഞു !ഇനിയിപ്പഒരുങ്ങി അവിടെ ചെന്നാലും ചെളിയും, വെള്ളവും ആയിരിക്കും.. എന്നാലും പോകാതെ പറ്റില്ല !
എന്നെ കണ്ടില്ലെങ്കിൽ അവൾ പിണങ്ങും.
ഇപ്പോഴേ കുളിച്ചാലേ പോകാന്നേരം മുടി ഉണങ്ങുള്ളൂ, അല്ലെങ്കിൽ അതിനുള്ള ചീത്ത കൂടി അമ്മേടെന്നു കേൾക്കേണ്ടി വരും !.
അച്ഛനും, ചേട്ടനും കാപ്പി കുടിക്കാൻ ഇരുന്നു !എടീ മോളെന്തിയെ? അവളേതോ കൂട്ടുകാരിയുടെ കല്യാണത്തിന് പോകണമെന്ന് പറഞ്ഞല്ലോ? അവള് കുളിക്കാൻ കയറിക്കാണും.അമ്മ പറയുന്നത് കേട്ടു. പിന്നെ നിങ്ങൾ എന്ത് ഭാവിച്ചാ? മോളുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ വിവാഹമാ ഇന്ന് നടക്കുന്നത് . നമ്മുടെ മോളും വലുതായി മറക്കണ്ടാ …
അതിനെന്താ നടക്കട്ടെ !എന്റെ മോള് പഠിച്ചു
ഒരു ജോലികിട്ടി സ്വന്തം കാലിൽ നിന്നിട്ടെ ഞാൻ അവളുടെ വിവാഹക്കാര്യം ആലോചിക്കൂ.
ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് ഒരു ജോലിയോ, സ്ഥിരവരുമാനമോ അത്യാവശ്യം ആണ്
അച്ഛൻ എപ്പോഴും അങ്ങനെ ആണ് .ജോലിയില്ലാതെ വിവാഹം കഴിപ്പിച്ചു വിടുന്നത് ഒട്ടും സേഫ് അല്ലെന്നാണ് അച്ഛന്റെ നിലപാട്
വളരെ ശരിയാണെന്നു എനിക്കും തോന്നിയിട്ടുണ്ട് !ഒറ്റക്ക് ചിലവുകൾ താങ്ങാതെ വരുന്നതാ പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്
ചേട്ടനോടും അച്ഛൻ പറയും മോനെ പെണ്ണിന്റെ
വീട്ടുകാരെ ആശ്രയിച്ചു ജീവിക്കുന്നവനാകരുത്
അവർക്ക് നീ മകനായി തോന്നണം . വിവാഹ
ത്തിന് നീ കെട്ടുന്ന താലിക്ക് നിന്റെ വിയർപ്പിന്റെ
മണം ഉണ്ടാകണം, എന്നാലേ ആ പവിത്ര ബന്ധത്തിന് അർത്ഥം ഉണ്ടാകൂ
ചേട്ടനും അച്ഛന്റെ നിലപാട് തന്നെയാണ്
അന്തരീക്ഷം ഒന്ന് തെളിഞ്ഞിട്ടുണ്ട്
ഞാൻ റെഡിയായി വന്നപ്പോൾ അച്ഛനും, ചേട്ടനും
പോകാൻ ഇറങ്ങി…ഇന്ന് തേങ്ങയിടാൻ വരുന്നെങ്കിൽ ശനിയാഴ്ച്ച വന്നാൽ മതിയെന്ന് പറയ് . മഴപെയ്ത് തെങ്ങു ആകെ വഴുക്കലാണ്. വെറുതെ അപകടം ഉണ്ടാക്കണ്ട.വൈകുന്നേരം വല്ലതും വാങ്ങണമെങ്കിൽ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്താൽ മതി..
അവർ കണ്ണിൽ നിന്ന് മറയുന്നത് വഴിയിൽ നോക്കി നില്കും അമ്മ.. നിഴലും, നിലാവും പോലെയാണ് അച്ഛനും അമ്മയും, ഒരിക്കലും പിണങ്ങുന്നത് കണ്ടിട്ടേ യില്ല !വാ കാപ്പികുടിച്ചിട്ട് പെട്ടെന്ന് പോകാൻ നോക്ക് അടുത്തമഴ എപ്പോഴാണ് അറിയില്ല
കാപ്പികുടിക്കാനിരുന്നപ്പോൾ അമ്മ പറഞ്ഞു.. ഇന്നിനി ഉച്ചക്ക് കഴിക്കാൻ നീ പോലും ഇല്ല, ഞാൻ ഒറ്റയ്ക്ക് . ഞാൻ പെട്ടെന്ന് വരാം അമ്മേ.. ഒരുങ്ങിയിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു !മനസ്സിൽ നിറയുന്ന സന്തോഷം മുഖത്തു കാണാം.ഞാൻ അമ്മക്കൊരു മുത്തം കൊടുത്തു യാത്ര പറഞ്ഞു… വഴി മറയുന്നിടത്തു ഞാൻ തിരിഞ്ഞ് നോക്കി.. അമ്മ അപ്പോഴും നോക്കി നിൽക്കുകയാണ് !…..

By ivayana