രചന : ശ്രീ. ചന്ദ്രൻ തലപ്പിള്ളി ✍

“സംഗീതമപി സാഹിത്യം
സരസ്വതാ സ്തന ദ്വയ :
ഏകമാപാത മധുരം,
അന്യത് ആലോചനാമൃതം “
സംഗീതത്തേയും സാഹിത്യത്തേയും കുറിച് നമ്മുടെ പൂർവ്വികരിൽചിലർക്കുള്ള, ധാരണഓർമ്മയിൽനിന്നും ഉദ്ധരിച്ചതാണ്. സംഗീതം ശ്രവിക്കുമ്പോൾത്തന്നെ നമുക്കത് അനുഭവവേദ്യമാകുന്നു, എന്നാൽ സാഹിത്യമാകട്ടെ ആലോചിക്കുംതോറും അമൃതം പൊഴിയുന്നു.


സംഗീതത്തിന്റെ കാര്യം വിടുന്നു. മറിച്ച് സാഹിത്യം എന്നത് മധുരതരമായ ഒന്നുമാത്രമാണോ? ഒരു കവിതയുടെ അലങ്കാരം, രസം, ധ്വനി,പ്രതിബിംബങ്ങൾ, ഇവ മാത്രം ആസ്വദിച്ച്, അവശ്യം ആവശ്യമായ സംഗതികൾ തന്നെയാണ് ഇവ, അനുവാചകൻ ആത്മഹർഷം കൊള്ളണമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അതല്ല സാഹിത്യമെന്നു തന്നെ പറയേണ്ടിവരും
സാഹിത്യത്തിൽ ജീവിതത്തിന് ഒരു സ്ഥാനവുമില്ലേ?1930കളിൽ സജീവ ചർച്ചാവിഷയമായിരുന്നു ഈ സംഗതി. അതിലേക്ക് കൂടുതലായി കടക്കുന്നില്ല.മനുഷ്യന്റെ ജീവിതം തന്നെയാണ് കവികളുടെ പ്രതിപാദ്യവിഷയം പ്രകൃതി, ഇതരചാരാചാരങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും കവിയുടെ പ്രപഞ്ചവീക്ഷണം നമുക്കതിൽ കാണാനാകും.


എറണാകുളം ടൗൺഹാളിൽ, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വൈലോപ്പിള്ളി പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു
“എന്റെ മാമ്പഴം എന്നകവിതയിൽ കമ്മ്യൂണിസം ഉണ്ടോ?,”
തീർച്ചയായുമുണ്ട്. കമ്മ്യൂണിസം എന്നുകേൾക്കുമ്പോൾത്തന്നെ കേരളത്തിലെ സിപിഎം എന്ന പാർട്ടിയെന്നു വിറളികൊള്ളുന്നവർക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല
എന്താണുജീവിതം? വെർജിന വൂൾഫ് തന്റെ The Years എന്ന നോവലിൽ ഈ ചോദ്യം ഉന്നയിക്കുന്നു. അതിനുത്തരവും അവർതന്നെ കണ്ടെത്തുന്നു. “Life is nothing but life “
അതെ, ജീവിതം ജീവിതമല്ലാതെ മറ്റൊന്നുമല്ല
മനുഷ്യജീവിതത്തിലെ സംഭവങ്ങൾ, അനുഭവങ്ങൾ വിളംബരം ചെയ്യകയല്ല, അവ തന്റെ ഹൃദയത്തിലുളവാക്കിയ വികാരവിക്ഷോഭങ്ങൾ അനുവാചകന് അനുഭവപ്പെടുത്തിക്കൊടുക്കുക എന്നതിലാണ് ഒരെഴുത്തുകാരന്റെ കഴിവിരിക്കുന്നത്.ഇതു കേവലം വായനകൊണ്ടുമാത്രം ലഭിക്കുന്നതല്ല.

മറിച്ച് താനാർജ്ജിച്ച ജീവിതാവബോധം തന്റെ കാവ്യ സൃഷ്ടിയിൽ സന്നിവേശിപ്പിക്കുമ്പോൾ സംജാതമാകുന്ന ഒരു ജീവിതസംസ്കാരമുണ്ടല്ലോ,ആ സംസ്കാരമാണ് ഒരുരചനയുടെ മാറ്റുരക്കുന്നത്. കഥയിലായാലും, കവിതയിലായാലും അതങ്ങിനെയൊക്കെത്തന്നെയാണ്.


ഷാജിയുടെ ‘അഹല്യ ‘താനനുഭവിച്ച അപമാനത്തിന്റെയും, വേദനയുടെയും, കുടിച്ചക്കണ്ണീരിന്റെയും കണക്കുകൾ ആരോടും ചോദിക്കുന്നില്ല.സ്ത്രീകൾ ഒരു ഭോഗ സാധനം മാത്രമായിക്കാണുന്ന, ചോദ്യം ചോദിക്കുന്നവർ ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന, ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ നാമത് പ്രതീക്ഷിക്കുന്നതേയില്ല
എന്നാൽ അഹല്യയുടെ കീറിമുറിച്ച വികാരവിക്ഷോഭങ്ങൾ കണ്ടിട്ടും കാണാതെയിരിക്കേണ്ടിവന്ന, അതിനെക്കുറിച്ചൊരുവാക്കുപോലും ഉരിയാടാനാവാതെ നിൽക്കുന്ന ആദികവിയുടെ ധർമ്മസങ്കട ക്കടലിൽ നിന്നുംമുങ്ങിയെടുത്ത അമൂല്യമായ മുത്താകുന്നു ശ്രീഷാജി നായരമ്പലത്തിന്റെ ‘അഹല്യ’
“ഏതു വിധേനയാ സീതയെക്കൈവിട്ടു
രാമൻ പടുത്തു മഹത്വം മഹീതലേ?
മാനിനിമാരുടെ മാനസം കണ്ടിടാ –
നാദരിച്ചീടുവാൻ രാമൻ മറന്നുവോ?
രാവണൻ രാക്ഷസരാജൻ ശരിക്കെന്തു
പാതകം ചെയ്തു പറഞ്ഞുവോ മൈഥിലി?”
എന്നാരംഭിക്കുന്ന കവിത ഉത്തരഭാഗത്തെത്തുമ്പോൾ
“കല്ലുകൾ നീ വന്നുടച്ചു, അഹല്യതൻ
മെയ്യും വിശുദ്ധമായ്‌, കാലം കനക്കവേ
ഏതു വിശുദ്ധി ഉടച്ചു? ഹാ സീതതൻ
പാതിവൃത്യത്തീയെരിച്ചതും നീയെടോ!”
തുടർന്ന് എഴുത്തച്ഛൻ ആദ്ധ്യാമിക രാമായണത്തിൽ സ്വീകരിച്ച ശൈലിയിലൊരു എടുത്തുചാട്ടം കവി നടത്തുന്നു, ബോധപൂർവംതന്നെ
“പാരായണം ചെയ്ക രാമായണം മഹാ –
നാചാര്യനേയും സ്മരിക്കണം സന്തതം “
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ
. എഴുത്തച്ഛന്റെ ആദ്ധ്യത്മാരാമായണത്തിൽ 348വരികളിലായിക്കിടക്കുന്ന ‘അഹല്യാ മോക്ഷ’ത്തിൽ നിന്നും ഒരു ത്രഡ് എടുത്ത് 14ഈരടികളിൽ ഷാജി രചിച്ച അപൂർവ്വസുന്ദരമായകൃതിയാകുന്നു ‘അഹല്യ ”
“മിതം ച സാരം ച
വചോഹി വാഗ്മിതാ “
മലയാളം അറിയാവുന്ന ഏതൊരാൾക്കും ഈ കവിത വായിക്കുവാനാകും. കാവ്യനുശീലഗുണമില്ലാത്തവർ ഉൾക്കൊള്ളണമെന്നില്ല ..
Fb യിലെ സുഹൃത്തുക്കളോട് ഒരപേക്ഷ
“പാരായണം ചെയ്ക രാമായണം മഹാ –
നാചാര്യനേയും സ്മരിക്കണം സന്തതം “
ഒപ്പം ശ്രീ ഷാജി നായരമ്പലം രചിച്ച ‘രാമായനക്കാഴ്ചകൾ ‘എന്ന കവിതയും.

ചന്ദ്രൻ തലപ്പിള്ളി

By ivayana