രചന : രാമചന്ദ്രൻ, ഏഴിക്കര.✍
ഉറങ്ങുന്നു,നീ തനിയേ,ശാന്തമായൊരു
നാളു, മുണരാത്ത മൃത്യു ഭൂവിൽ…
കൺപീലികൾ മെല്ലെ നനഞ്ഞിരുന്നോ
നിന്റെ കണ്ണാം കുരുന്നിനെ കണ്ടുവോ നീ..
ആറ്റുനോറ്റുണ്ടായൊരുണ്ണിക്കു ചാർത്തു-
വാനേറെ തുകിൽപ്പട്ടൊരുക്കുമ്പോഴും
ആശകളായിരം മാരിവിൽ വർണ്ണത്തിൽ
ആകാശഗോപുരം തീർക്കുമ്പോഴും
കാതിൽ രഹസ്യം നീ ചൊല്ലിയില്ലേ,എൻ
കാതരയായെന്നും അരികിലില്ലേ..
ആരോരും കാണാതെ, യമൃതേത്തിൻ
പാൽനുര,തുള്ളികൾ കുഞ്ഞിളം ചുണ്ടിൽ
നൽകേ..
കണ്ണു തുറന്നവൻ നിന്നിളം മാറത്തു
കുഞ്ഞു കൈവിരലാൽ ചിത്രം വരച്ചതെന്തേ..
കരിവളക്കൈകളിൽ കുളിരുമ്മ ചാർത്തി
നീ, ഒരുവേള മുങ്ങി നിവർന്നീടുമ്പോൾ
അറിയാതെ പൂത്തുവോ,നിൻ മനതാരിൽ
പാതിരാ കുളിർമുല്ല നൽകും മാതൃ സുഗന്ധരാഗം…
സ്വപ്‌നങ്ങൾ, സ്വർഗ്ഗത്തിൻ വാതിൽ തുറ –
ന്നിട്ടു, കെട്ടിപ്പുണരുവാനെത്തുന്നേരം
ഓടി മറഞ്ഞു എൻ ചാരത്തു, നീ തന്ന
ഓമനയേ, ഒന്നു നോക്കീടാതെ..
തൊട്ടിലിൽ,കൈവിരൽ ചപ്പിക്കുടിച്ചു
കൊണ്ടമ്പിളിക്കുഞ്ഞു പോൽ,മോൻ
ചിരിക്കേ..
എന്തു ഞാൻ നൽകും എൻ ആരോമൽ
താരകപ്പൊന്നിന്റെ ചുണ്ടിൽ അമൃതമായി..
കണ്ണീരിൻ ഉപ്പിട്ടു, കാലങ്ങൾ മായുമ്പോൾ
എൻ കണ്മണി,തായെ, തിരഞ്ഞീടുമ്പോൾ
എന്തു പറയേണം..ചൊല്ലുമോ നീയെന്റെ
ഉൾമനം തേങ്ങി തളർന്നീടുന്നു…
ഒരുനാളും പിരിയില്ല, യെന്നുനീ, അന്നെന്റെ
വിരിമാറിൽ മുഖം ചേർത്തു മൊഴിഞ്ഞ-
നേരം..
കുറുനിര മാടിയൊതുക്കി ഞാൻ നല്കിയ
മധുരമാം ചുംബന, മോർക്കുന്നുവോ..
പോകുവതെങ്ങനെ നീ സഖീ, ഞങ്ങൾക്കു
പാരിതിൽ ദുഃഖങ്ങളേറെ നൽകി..
പാടിത്തരുമോ നീ,പാടാൻ കൊതിച്ചോരാ
പാട്ടിന്റെ പല്ലവി,യതൊന്നു മാത്രം…..