രചന : ഉണ്ണി കെ ടി ✍

മന്ദനല്ലേ ഞാൻ…,
സ്വപനങ്ങളിലത്രേ വാസം!
വിശ്വാസമാണെന്റെ ദൗർബല്യം
അവാസ്തവങ്ങളെ വിശിഷ്ടഭോജ്യങ്ങളാക്കി
വിളമ്പിയാൽ വയറുനിറയെ വിശ്വസിച്ചുണ്ണും ഞാൻ
മായംകലർന്നൊരന്നംതിന്നജീർണ്ണം പിടിച്ച് ദാഹനോപാധികളിലും ശാന്തിയന്യമാകുമ്പോൾ വീണ്ടുവിചാരത്തിന്റെ
ഉത്തോലകം കൊണ്ടൊരു മൗഢ്യത്തെക്കുത്തിക്കുണ്ടിലെറിഞ്ഞു കൈകുടഞ്ഞു നെഞ്ചുഴിഞ്ഞു സ്വാസ്ഥ്യംനടിക്കും ഞാൻ…!
വീണ്ടുമൊരിടവേള…., അതിനിടയിലെനിക്കായൊരു കളംപിന്നെയുമൊരുങ്ങും! കഴുത്തിൽക്കുരുക്കിയ കയറിന്റെയറ്റത്തു പിടിച്ചെന്നെത്തെളിച്ചുകേറ്റുന്ന ബലിത്തറയിൽ ചിരിയുടെ മൂർച്ചയുള്ളവാളുരാകിനില്പുണ്ടാരാച്ചാർ…!
സുഹൃത്താണവൻ…!
തട്ടിയും തോണ്ടിയുമിക്കിളിയിട്ടും സരസവചനങ്ങളാലുള്ളംകുളിർപ്പിച്ചും നടനാലുംകൂച്ചി തള്ളിവീഴ്ത്തുമ്പോളാണ് നടുക്കമറിയുക….!
ഓ, വെറുതെ..,
വെറും വിനോദമല്ലേ,
ദുശ്ചിന്തയിൽ കൂട്ടുകാരാ ദുഷിച്ചുനിന്നെ, പാപി ഞാൻ ..!
പച്ചയിറച്ചിയല്ലേ, പതിയെ
മുറിക്കെന്റെ കൂട്ടേയെന്നൊരു കൂറൽകേട്ടവനൂറിച്ചിരിക്കും…
കണ്ടംതുണ്ടം കണ്ണടച്ചങ്ങായുധം കലിനൃത്തംചവിട്ടും. അതാണവനുമോദം…! ഞാനോ പരാതിയില്ലാതെ ശമിക്കണം. ശമിച്ചുദാരമതിയാകണം!
നീയെടുത്തോ എന്റെകരളെന്റെ ഹൃദയം, കോരിക്കുടിച്ചോ കടുംചോര,ക്കഴുത്തിലണിഞ്ഞോ മാല്യമായ് നീയെന്റെ ഞരമ്പുകൾ എങ്കിലും രൗദ്രം ചിരിക്കരുത് നിന്റെ കൺകളി,ലെത്രനൊന്താലെന്തെന്റെ സതീർത്ഥ്യനല്ലേ നീ…!
എത്ര നൊന്താലെന്ത്…., കൂട്ടുവിട്ടു കൂട്ടുതേടിപ്പോകയില്ല …
നിന്റെ വിരസതകളെ സരസമാക്കും കളിപ്പാട്ടം ഞാൻ…!
എന്റെ നിലവറത്താക്കോൽ നീയെടുത്തോ, നിറയെ നിധിയിരിക്കുമിടം തേടി നിരാശനാകേണ്ട, നിറഞ്ഞിരിക്കും ചാറകളിലെല്ലാമുണ്ടുസ്വർണ്ണ നിഷ്കങ്ങൾ,
കുതികുത്തുമാശയടക്കി
എന്റെ കുലംമുടിക്കും കിനാവുകണ്ടൂറിച്ചിരിക്കുന്നുവോ കൂട്ടുകാരാ..?!!
കഥ കഥ കസ്തൂരി…!
കണകൊണ്ടൊരിളമാനല്ലേ ഞാൻ, കലമ്പിക്കരഞ്ഞെന്റെ,
കത്തുംനോവുതിളക്കും
മുറിവിന്നാഴം നക്കിയുണക്കാ-
നിണയില്ലാത്തയേകാകി-
യെന്നെയിനിയും പ്രലോഭിപ്പിക്കാതെ നീയെന്റെ ജീവിതമേ….,
ഇക്കസ്തൂരി മണക്കും കനവുകളല്ലേയെന്റെ
ഏദൻതോട്ടം??!
സ്നേഹിക്കയാണു ഞാൻ, നീ വിതുമ്പിക്കരയാത്തൊരുകാലവും നോവെനിക്കേല്ക്കില്ല തോഴാ…!!!

ഉണ്ണി കെ ടി

By ivayana