രചന : സുദേവ്. ബി ✍

ഭോഗം വേണമെന്നേയില്ല
വേണ്ടെന്നതോന്നലുമില്ല
വരുന്നതുവന്നിടട്ടേ
പോകുന്നവപോയിടട്ടേ

ബോധമുള്ളിലില്ലെന്നാകിൽ
ഇല്ല വസ്തു, പ്രലോഭനം.
അനുഭവിപ്പീലന്ധത
രൂപലാവണ്യഭംഗികൾ

ഞാനതിനിസ്സാരൻ, മൂഢൻ
ദു:ഖിയെന്നുള്ളചിന്തകൾ
ബുദ്ധിയിൽ വന്നു ചേരുമ്പോൾ
ഹിതമാകുന്നു മൃത്യുവും

ഞാനെന്ന ഭാവമില്ലായ്മ,
കർമ്മഫല പരിത്യാഗം,
സർവ്വത്തിലുമൊരേ സത്യം
കാണുന്നോൻ,മോദദായകൻ

രാഗദ്വേഷമില്ലാതുള്ള
ശാന്തശീതള ബുദ്ധിയാൽ
ജഗത്തിനെ കാണുന്നോനും
ലോകത്താനന്ദമേകുന്നു

വേണ്ടതെന്തെന്നുവ്യക്തമാ
യറിവുള്ളോൻ സ്വചിത്തത്തേ
ആത്മാവിലുറപ്പിച്ചേകും
പരമാനന്ദമെല്ലാർക്കും

പ്രാരബ്ധം തീരുവാൻ മാത്രം
വിലയിക്കാതിരിപ്പവർ
വറുത്ത വിത്തു പിന്നുണ്ടോ
മുളയ്ക്കുന്നു നനയ്ക്കു കിൽ

പ്രാരബ്ധം ബാക്കിയെന്നാകിൽ
വീണ്ടും വീണ്ടും ജനിച്ചിടും
നിർവ്വികൽപ്പമിരുന്നാലും
ആയിരം വർഷമിപ്പുറം

പ്രപഞ്ചം ചിത്തനിർമ്മിതി,
സ്ഥിതി ചെയ്യുന്നു ചിത്തത്തിൽ.
ഒരിക്കലും പുറത്തല്ല
സ്വപ്നമതിന്നു ദൃഷ്ടാന്തം

ഒരേ ഭ്രമമതെല്ലാർക്കും
ഒരേസമയമെത്തിടാം
കാകതാളീയ ബന്ധം പോൽ
പ്രപഞ്ചം ഹാ മനോഗതി

സംസൃതിയെന്നു പേരുള്ള
അവസാനിക്കാത്ത മായയേ
ആത്മതത്വവിചാരത്താൽ
ക്ഷയിപ്പിച്ചു ശമിക്കുക

വിഭാഗഭാവനാ ശല്യം
സർവ്വാനർത്ഥ കാരണം
ആത്മതത്വമറിയുമ്പോൾ
ഭ്രമമോഹം നശിച്ചിടും

മായാ ചക്ര കേന്ദ്രം ചിത്തം
അതിനെകീഴടക്കുക
പിന്നെങ്ങോട്ടു തിരിഞ്ഞാലും
ശല്യമില്ലാതിരുന്നിടാം
. ! .

സുദേവ്. ബി

By ivayana