രചന : ജയേഷ് പണിക്കർ✍

മായാതെ ഇന്നുമെന്നോർമ്മയിലുണ്ടതാ
ബാല്യകാലത്തിൻ്റെ ചിത്രങ്ങളും
അമ്മതൻ കൈ പിടിച്ചന്നൊരു നാളിലാ
വിദ്യാലയത്തിലെത്തിയ നേരവും
അദ്ധ്യാപികയന്നെൻ്റെ കൈ പിടിച്ചീടവേ
അത്ഭുത മോടങ്ങലറിക്കരഞ്ഞതും
ഒപ്പമങ്ങുള്ളോരാക്കുട്ടികളൊത്തു ഞാൻ
ഒത്തിരിയോടിക്കളിച്ചതോർപ്പൂ
പുത്തനാം സ്ലേറ്റതിൽ കല്ലുപെൻസിനാലെ
അക്ഷരമെത്രയെഴുതി മായ്ച്ചു
കുത്തി ഞാനൊന്നെഴുതിയ നേരമോ
പത്തായൊടിഞ്ഞതാ പെൻസിലന്ന്
പൊട്ടിക്കരഞ്ഞു ഞാൻ ഭയമേറിയന്നതാ
കിട്ടുവാൻ നീളമേറിടുമാ പെൻസിലും
ഒത്തിരിയിന്നു വളർന്നു ഞാനിന്നുമായോർമ്മകൾ
പൊട്ടിച്ചിരിയെനിക്കേകിടുന്നു.

ജയേഷ് പണിക്കർ

By ivayana