രചന : മധു നമ്പ്യാർ, മാതമംഗലം✍
കനകസമാനം കാലേ വാനിൽ
വന്നു ജ്വലിക്കും പകലോൻ
പാരിൽ പരിഭവമൊട്ടും ഇല്ലാ-
തരിമണി തന്നിൽ അന്നജം
ഊട്ടിനിറയ്ക്കും നിത്യം നിത്യം.
പതിവായ് പലവിധ ശോഭ
നിറയ്ക്കും പച്ചപ്പടിമുടിമാറ്റും
ഭൂവിൻ സ്പന്ദനമവനിൽ
കാത്തു കിടപ്പൂ, കൗതുകമല്ലോ
കാണുമ്പോളീ പാരിൽ നിറയും
പ്രകടനമയോ ശിവ ശിവ!
പേരിന്നെങ്കിലും ചുമ്മാതൊന്നു
തൊഴു കയ്യാൽ നേരെ ചൊവ്വേ
കാലേ അവനെ നോക്കുകിൽ
മേനിക്കിത്തിരിയെങ്കിലും കാന്തി
നിറയും ദുർമ്മേദസ്സ് പാടേ ഒഴിയും.
ദിക്കുകൾ തേടും ദിനകരാ നിന്നെ
തൊഴുതു കൈകൾ ചേർത്തു
നിവർന്നു നിന്നിട്ടിത്തിരി വടിവായ്
മുന്നേ പിന്നെ അഭ്യാസങ്ങൾ കാട്ടും
ഇവനോടെന്നും കനിവുണ്ടാവാൻ
പരിപാവനമാം പ്രാർത്ഥന മാത്രം🙏