നിൻ്റെ കൻമതിൽ ചാരി
മരണം നിൽക്കയാണിന്നെൻ്റെയീ പ്പടിപ്പുരവാതിൽപ്പാളികൾ നോക്കി .
അടഞ്ഞഹൃദയങ്ങൾ തുറന്നുപകയുടെ പക്ഷികൾ മാത്രമെത്ര പാറി… ആകാശങ്ങൾ ദ്രവിച്ചു … നമ്മൾ തൊടുത്തവാക്കുകൾ തമ്മിൽ കടിച്ചുകുടഞ്ഞൊട്ടിമരിച്ചൊടുങ്ങിയ കൊലക്കളമെന്നുമെരിഞ്ഞുനിന്നീടവേ …
മരണം മുഖം നോക്കിച്ചിരിച്ചുകുഴയുന്നു,
പഴയ നമ്മൾ തമ്മിൽ ചിരിച്ച ചിരികളോ മരിച്ചു മറയുന്നു .
പഴയകഞ്ഞിക്കലം, മൺചട്ടിയുമുപ്പുകുടുക്കയിലിട്ട പട്ടിണിപ്പുളിപ്പുമാ
ച്ചിരികളോർക്കുന്നുവോ ..
ജീവിതം പുളഞ്ഞെത്തി മുറിഞ്ഞുനീറിപ്പിടഞ്ഞപ്പോഴും
തെളിഞ്ഞവ
ഇരുട്ടുവഴിയിട്ടഗ്രാമരാവുകൾ .. നമ്മേ തിരിച്ചുവിളിയ്ക്കവേ
മടിച്ചുനിൽക്കുന്നുവോ …
കറുത്ത മുലഞെട്ടിൽ കടിച്ചുകുടയുന്ന
പനിച്ചകുഞ്ഞുകളെ
നനച്ചതുണികൊണ്ടു തുടച്ചൊരയൽക്കാലം .
വിറച്ചുതുള്ളും ജ്വരരാത്രികൾ ..പ്രളയത്തിലൊലിച്ചലിഞ്ഞ മൺചുമരുകൾ തടുത്തുവാരിനെഞ്ചിലടക്കിപ്പിടിച്ചകൈവലിച്ചടർത്തിപ്പാഞ്ഞമൈത്രിതൻ വെളിച്ചങ്ങൾ ..
ഈറയുമോലയും ചേർത്തുമെടഞ്ഞമറവുകൾ കാറ്റിനെ വാരിത്തിരിച്ചെറിഞ്ഞ് വിറപൂണ്ട് തെറിച്ചുമറഞ്ഞപ്പോൾ
അനാഥമായിത്തീർന്ന
നഗ്നദേഹങ്ങൾ മണ്ണിലൊലിച്ചുപോകുന്നതിലലറിക്കരഞ്ഞവർ ..
നിൻ്റെ കൻമതിൽ ചാരി
മരണം നിൽക്കയാണിന്നെൻ്റെയീ പ്പടിപ്പുരവാതിൽപ്പാളികൾ നോക്കി .
എത്രമേൽ സ്വാർത്ഥം പൂണ്ടുപഴുത്ത കണ്ണുകൾ പറിച്ചടർത്തിയെറിഞ്ഞു ദീനം തുറിച്ചുനിന്നീടുമ്പോൾ
അത്രമേൽ ക്ഷാരംവാരിത്തേച്ചിട്ടും തെളിയാത്ത കൈകളാൽ തമ്മിൽത്തള്ളിയകറ്റി നമ്മൾ വീണ്ടും നിറച്ചധാന്യപ്പുരച്ചുമരിൽ കൺപീലികൾ വളർത്തും സർപ്പങ്ങളെ കാവലേല്പിക്കുമ്പൊഴും …
നിൻ്റെ കന്മതിൽ ചാരി മരണം നിൽക്കയാണിൻ്റെയീ പ്പടിപ്പുരവാതിൽപ്പാളികൾ നോക്കി …