രചന : പി.എൻ ചന്ദ്രശേഖരൻ പേരകത്തുശ്ശേരിൽ ✍
ഞെട്ടിത്തരിച്ചു ഞാൻ നിന്നു പോയി പണി
പ്പെട്ടു കണ്ണുംമിഴിച്ചാരംഗവേദിയിൽ
എട്ടു പത്താളുകൾ നിൽക്കുന്നിരുമ്പിന്റെ
ചട്ടയും തൊപ്പിയും മർത്ത്യരല്ലാരുമേ
എന്ത്ര സ്വരൂപികൾ തന്നെ മനുഷ്യന്റെ
ഇന്ദ്രിയ ജ്ഞാനം പതിന്മടങ്ങുള്ളവർ
എങ്ങുനിന്നെത്തിയിഎന്ത്രജീവി നല്ല
ചങ്ങാതിമാരല്ല ശത്രുക്കളാണിവർ
പെട്ടന്നകത്തേക്കു വന്നു മഹാ യന്ത്ര
മൊട്ടൊന്നകന്നു നിശബ്ദരായ് നിന്നവർ
അറ്റെൻഷനായ് നിന്നു ഗൗരവം ചോരാതെ
നെറ്റിയിൽകൈവച്ചുവെൽക്കംപറഞ്ഞവർ
കിങ്കരന്മാരെ കൃതാർത്ഥരായി നിങ്ങളാ
മങ്കയെ വേഗമെൻ മുന്നിൽ നിർത്തീടുക
കൊണ്ടുവന്നു പ്രഭോ കണ്ടാലുമീപ്പെണ്ണ്
മിണ്ടാതിരിക്കുന്നപാര തേജസ്വിനി
ആരാണ് നിങ്ങൾ മനുഷ്യരല്ലെന്തിനാ
ഈരാവിലെന്നെ. നിരാലംബയാണ് ഞാൻ
രേണുകെ മാപ്പ് മഹാ യന്ത്രമാണ് ഞാൻ
കേണപേക്ഷിക്കുന്നു സർവ്വ സ്വതന്ത്ര നീ
ആകാത്തതായെനിക്കൊന്നുമില്ല ലോക
മാകെ ഭരിക്കുന്ന തെന്ത്രങ്ങളല്ലയൊ
പാകപ്പെടുത്തുന്നു ഭൂമിയും വിട്ടുപോ
യാകാശവും കടന്നന്തരാളങ്ങളിൽ
ആബാലവൃദ്ധം വിരൽതുമ്പിലെ ന്റെ ഈ
കീ ബട്ടനിൽ തൊട്ടു ജീവിച്ചു തീർക്കണം
ഓർത്തെടുക്കുന്നിതാകമ്പ്യൂട്ടറിൽ നിങ്ങൾ
ചേർത്തുവയ്ക്കാത്തതും ചോരാ രഹസ്യവും
ലോകാവസാനം വരുത്താനുമിന്നെ നി
ക്കാകും മഹാ ശക്തനാണു ഞാൻ രേണുകേ
സേവനം ചെയ്യണം ഞങ്ങൾക്കു നീ നിന
ക്കാവില്ല പോകുവാൻ വിട്ടയയ്ക്കും വരെ
സ്വർണ്ണ ലോഹം കൊണ്ട് നിർമ്മിച്ചുഞങ്ങളി
പ്പെണ്ണുങ്ങളെ ഇതാ നീയാണു മാതൃക
അംഗങ്ങളൊക്കെത്തിളങ്ങുന്നു എങ്കിലും
ശൃംഗാരമില്ലാത്തതെന്താണ് രേണുകേ
ഗർഭമുണ്ടല്ലോ നിനക്കു കാണുന്നു ഞാ
നർഭകൻ നിന്നിൽശയിക്കുന്നു സ്വസ്ഥമായ്
ഗർഭമുണ്ടാകുന്നവിദ്യ ഏവർക്കുമായ്
നിർഭയയെ ചൊല്ലി കൊടുക്കണം രേണുകേ
ചാരത്തണഞ്ഞെന്റെദേഹം തലോടു നീ
ആറിത്തണുക്കട്ടെയാകാംക്ഷ നിർമ്മലേ
പ്രാണികൾ ഞങ്ങൾ മഹാ യന്ത്രമേ ഇതാ
ഭ്രൂണ വിജ്ഞാനം ഗ്രഹിച്ചാലുമങ്ങിനി
ബീജമില്ലാതെന്തു പൂർണ്ണത യന്ത്രങ്ങൾ
വ്യാജമാണെന്നറിഞ്ഞാകുല പ്പെട്ടവൻ
കോപതാപങ്ങളായ്തീപടർന്നു എന്ത്ര
മാപാദചൂഢം ജ്വലിച്ചു ദാവാഗ്നിയായ്
ആഗോള യുദ്ധം തുടങ്ങട്ടെ രേണുകേ
തീ ഗോളമാകട്ടെ ഭൂഗോളമാകവേ
ആണവ സ്ഫോടനത്തീയിൽ ചരാചരം
വീണെരിഞ്ഞാകവെ ചാരമായി ക്ഷണം
പോയാലുമിപ്പോൾ സ്വതന്ത്രയായ് രേണുകേ
ഈയെന്ത്രമിപ്പോളെരിഞ്ഞുപോം പോവുക
ആലിംഗനം ചെയ്തവൾ എന്ത്രരാജന്റെ
മേലാകെ യപ്പോഴേകോരിത്തരിച്ചുപോയ്
യന്ത്രമേ നീയെന്നെ യന്ത്രമാക്കിയിനി
തന്ത്ര യോഗത്തിന്റെ പാഠം തുടങ്ങണം!,