രചന : ഹുസൈൻ പാണ്ടിക്കാട്.✍

മൂന്നുംകൂടിയോടമല്ല ഞങ്ങളുടെ കവല.
നാൽക്കവലയുമല്ല.
തൊട്ടപ്പുറമുള്ള മൂന്നുറോഡിനുമിപ്പുറം മൂന്നു കെട്ടിടങ്ങളിലായി നീണ്ടുകിടക്കുന്ന കാഴ്ചയുടെ ചെറിയതെരുവാണ് ‘എന്റെ മനസ്സിലെ വലിയങ്ങാടി’…
രണ്ടു പലചരക്കു പീടികയും ബാർബർഷോപ്പും ഒരു സ്റ്റേഷനറിക്കടയും, പലനേരത്ത് ആഘോഷങ്ങളും നിറങ്ങളും നൽകുകയും
അതോടൊപ്പം പരിസരവാസികൾക്ക് താങ്ങുംതണലുമായി നിൽക്കുന്ന യുവതയുടെ സാന്റോസ്ക്‌ളബ്ബും, അഖിലേന്ത്യാപാർട്ടികളുടേതായി തെരഞ്ഞെടുപ്പു കാലത്ത് സജീവമാകുന്ന രണ്ട് ഓഫീസുകളും ഒതുങ്ങിയ ആർപ്പിനിക്കുന്ന്.
വടക്ക്ഭാഗം മരാട്ടുമനയ്ക്കലെ നെൽപ്പാടത്തിന്റെ അങ്ങേക്കരക്ക് അരികിലൂടെ ഒഴുകുന്ന കാക്കത്തോട്.


കോയാട്ടിക്കുണ്ടിലൂടെയുള്ള കളകളാരവം കേട്ടിരുന്ന പഴയകാലഓർമ്മകൾ.
പീട്യേകോലായയിൽ നട്ടപ്പാതിരാക്കും അസ്‌ലംബീഡിയുടെ പുകയൂതിപ്പറപ്പിക്കുന്ന കുഞ്ഞാപ്പു.
അതിനുംപിന്നിലുള്ളൊരു കാലം വീണ്ടുംപറയുമ്പോൾ, മുഹമ്മദുണ്ണിക്കാന്റെ ചായമക്കാനി. തടുക്കുപുരയ്ക്കുള്ളിൽ നിരപ്പൊളികൾക്ക് ഓടോമ്പൽകുടുക്കിയ വലിയപെട്ടി, നാട്ടുകാരുടെ ഒത്തുച്ചേരലിന്റെയിടം.
മുതിർന്നവരായ കുപ്പ-ഏട്ടനും കുഞ്ഞലവിക്കയും, തൊട്ടുതാഴോട്ടുള്ള പല പ്രായക്കാരും സ്വറപറയുന്ന കാര്യംപങ്കുവക്കുന്ന ഒറ്റയിടമായ വലിയയിടം.
കാലംമാറി,
കഥമാറി, കൂട്ടത്തിൽത്തന്നെ കുന്നും മാറി.


ആദ്യത്തെ ഓട്പാകിയ പുരയിലേക്ക് സുഹൃത്ത് സിദ്ദീഖിന്റെ പലചരക്കുകച്ചവടം വന്നെത്തി, അവിടെ നീളത്തിലുള്ള ഒറ്റത്തിണ്ടിലേക്ക് കുഞ്ഞാപ്പുവും സ്ഥലംമാറി.
കാവി മുണ്ടായിരുന്നു അവന്റെ വേഷം,
ആരുടെ കുഞ്ഞാപ്പൂന്റെ. എനിക്കും പുറത്തിറങ്ങിനിരങ്ങാൻ അതേനിറത്തിലുള്ള രണ്ടേരണ്ടു മുണ്ടുകളായിരുന്നെന്ന് ഓർക്കപ്പെടുന്നു.
കാവിത്തുണിയോടുള്ള ഇഷ്ടം പിന്നെയുമെന്നിൽ ബാക്കിയായി, ഇന്നും ഒരു ചന്തി വക്കാനെങ്കിലും കാവിയെ കൂടെക്കൂട്ടിയ സത്യം പറയാതിരിക്കുവതെങ്ങനെ.
വർഷക്കാലം കൊടികുത്തിവാഴുന്ന നേരങ്ങൾ. കരകവിഞ്ഞ കാക്കത്തോടിന്റെ പിരിമുറുക്കം പീടികയുടെ ഒറ്റത്തിണ്ടിലേക്കും കേൾക്കാം.


സിദ്ദീഖ് കട അടച്ചു പോവുമ്പോൾ ബാക്കിവരുന്ന അംഗങ്ങളാണ് ഞാനും ലിയാക്കുവും.
പാതിരാക്കൂറ്റന്മാരെന്ന പഴമക്കാരുടെ വാക്കിന് പകർന്നാടാൻ എനിക്കൊപ്പം എല്ലായിടങ്ങളിലും തോളൊത്തുണ്ടായിരുന്ന പ്രിയപ്പെട്ട ലിയാക്കത്ത് അലി എന്ന യാക്കു.
നീണ്ട തിണ്ടിലായുള്ള തെക്കേതൂണിൽ കുഞ്ഞാപ്പു പുറംചാരി ഇരുന്നങ്ങനെ വലിച്ചൂതുന്ന പുകയ്ക്ക് അസ്‌ലംബീഡിയിൽനിന്നും വേറിട്ടൊരു ചൂരുണ്ടാവാറുള്ള ചിലദിനങ്ങൾ.


നാട്ടുവർത്താനത്തിലും
മഴ ആർത്തലച്ചുപെയ്‌ത കുളിരുള്ളദിവസം അലി അറിയാതെ അലിയോട് പറയാതെ, ഞാനെന്നോട് പറയുന്ന കാര്യമാണ് “മൺനിറത്തിൽ നിറഞ്ഞൊഴുകുന്ന കാക്കത്തോടിന്റെ കോയാട്ടിക്കുണ്ടുലൊരു തോണി ഇറക്കുന്ന കാര്യം”….
കരയിൽ തോണിക്കാരൻ ഇരിക്കുന്നുണ്ട്, കടവിൽ തോണിയുണ്ട്. കാത്തിരുപ്പുപുരയും അവിടെ ബുദ്ധിഭ്രമം വന്ന ഞാനും.
അതെ ആരും പറഞ്ഞിരുന്നില്ലെങ്കിലും എന്റുള്ളിൽ ഒന്നുമില്ലായ്മയുടെ ഭ്രാന്ത്‌ കൊടുമ്പിരികൊള്ളുന്ന കാലം.


ചിന്തകൾ അങ്ങനെ ചന്തമില്ലാതെ ചുറ്റും വട്ടമിടുമ്പോൾ വീണ്ടുമെത്തട്ടെ പീട്യേത്തിണ്ടിലേക്ക്.
കുഞ്ഞാപ്പു നീട്ടിത്തന്ന ബീഡിക്ക് വേറിട്ട ചുവയുണ്ടെന്ന് അറിഞ്ഞ ഒത്തിരിദിനരാത്രങ്ങൾ.
പൂവിടാനുണ്ടായിരുന്ന സ്വപ്‌നങ്ങൾ ഓരോന്നും പൊഴിഞ്ഞടർന്ന സ്ഥലത്തുണ്ട് ഇക്കാലത്തായി വലിയൊരു ഗുൽമോഹർമരം.


ഹൈദ്രുപ്പാന്റെ അടുത്താണ് ഇന്നുള്ള പീടിക. സിദ്ദിഖിന്റെ പ്രവാസത്തിലേക്കുള്ള യാത്രയും ജേഷ്ടൻ ഹൈദ്രുപ്പാന്റെ തിരിച്ചുവരവും മാറ്റം വരുത്തിയമാറ്റം. കുടുംബഅനിയൻ ബാപ്പുട്ടി പിന്നെ പലചരക്കുകടയുമായി ഇന്നിന്റെ കാലത്തിൽ കുന്നിലേക്ക് കാലെടുത്തുവച്ചത് ‘ഉപ്പയുടെ പിൻഗാമിയായി’….
പ്രിയപ്പെട്ട മൻസൂർമാനൂന്റെ ബാർബർഷോപ്പ്. അനിയൻ വാപ്പനുവിന്റെ സ്റ്റേഷനറിയും നാടിന്റെ സ്പന്ദനമായി സാന്റോസ്ക്‌ളബ്ബും. മുമ്പേ പറഞ്ഞതുപോലെ ഞങ്ങളുടെയെല്ലാം ആശയവും ആവേശവുമായി രണ്ടുപാർട്ടികളുടെ അല്ലെങ്കിൽ രണ്ടുമുന്നണിയുടെ ഓഫീസുകളും.


കാലം എങ്ങനെ മാറിയാലും, കഥയിലെ കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞും അരങ്ങത്തുമായി മാഞ്ഞും വാണും നിലനിന്നാലും, എന്റെ കണ്ണുകളിലെ കൃഷ്ണമണികൾക്കുള്ളിൽ നോവിന്റെ നീരൊഴുക്കിലായി താളംചവിട്ടി ഇറ്റുവീഴും ഉപ്പുരസമുണ്ടിന്നും പിന്നെയെന്നോ പുതുതായെത്തിയ ഗുൽമോഹറിന്റെ ചുവട്ടിൽ, പണ്ടുകാലം കരകവിഞ്ഞൊഴുകിയ കാക്കത്തോടിന്റെ പിരിമുറുക്കത്തിനപ്പുറം അസ്വസ്ഥതയോടെ.!!

ഹുസൈൻ പാണ്ടിക്കാട്

By ivayana