രചന : രാജീവ് ചേമഞ്ചേരി✍
വ്യാഴവട്ടക്കാലമെത്ര കഴിഞ്ഞാലും….
വ്യതിയാനമില്ലാതെ ഒത്തുചേരും!
വാതായനങ്ങളെത്രയടച്ചാലും-
വാതിൽക്കലെത്തി ചിരിതൂകിടും!
വിധികൾക്കു മീതെ പറക്കുന്നു ശാസത്രം…
വ്യാധിക്കു നേരെ പരക്കുന്നു വൈദ്യം…
ആധിയാലുഴറുന്ന മനസ്സിൻ്റെ ബലമോ?
ആശങ്കയാലാടിയുലയുന്നു മുന്നിൽ!
പല നിറത്തിലായ് കീഴടക്കാം വിപണിയേ?
പുതുവീര്യത്തിലായ് കുഴക്കാം മനുജരേ….
എത്രയോകാലം ക്രമം തെറ്റാതെ കഴിച്ചിട്ടും –
എന്തൊക്കെയോ കാലക്രമം തെറ്റി വീഴുന്നു?
ആത്മനൊമ്പരത്തിന്നൂഞ്ഞാലിലാടിയെന്നും-
ആത്മധൈര്യം ചുഴിയിലകപ്പെട്ടുഴലുകയായ്!
അസ്ഥികൾ നുറുങ്ങുന്നു മജ്ജയും വറ്റുന്നു –
അസ്ഥിത്തറകളിൽ പൂവെറിയുന്നുയേവരും?