രചന : ബാബുരാജ് കെ ജി ✍
ഇത് ചാന്ത് വീണ് ചുവന്ന ചക്രവാളങ്ങളുടെസൂര്യഹൃദയമാണ്. സംഗീതസരസ്സു
കളുടെ സോപാനങ്ങളിൽ നിന്നിറങ്ങി വന്ന രാഗദേവനം!
അവിടെയാണ് പൂവച്ചൽ ഖാദർ എന്ന മലയാള സിനിമാ ………. ഗാനരചയിതാവിൻ്റെ സ്മരണയെപ്രതീപ് സാരണി നിങ്ങളുടെ മുന്നിലേക്കു സമർപ്പിക്കുന്നത്! എൻ്റെ
സുഹൃത്തായ ഇദ്ദേഹം സിനിമ, ലളിതഗാന സംഗീതമേഖലയിൽപ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.
ഭക്തിഗാനരംഗത്ത് വിവിധ മനോഹരങ്ങളായ ആൽബങ്ങൾ ഇറക്കുകയും ചെയ്തഇദ്ദേഹം ഗാന രചനാ രംഗത്ത്ശ്രദ്ദേയനായിരുന്ന അനശ്വര വ്യക്തിത്വത്തെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുകയാണ്. സ്വീകരിച്ചാലും…….
‘അജ്ഞാത വാസം കഴിഞ്ഞു, മണിമുകിലിന്റെ തേരിലൊരുങ്ങിയിറങ്ങിയ ‘മഴവില്ലി’ന്റെ ചേലുള്ള പാട്ടുകെട്ടി മലയാളിയെ വിസ്മയിപ്പിച്ച,ആരോരും അറിയാതിരുന്ന ‘പൂവ്വച്ചൽ’എന്ന ഗ്രാമത്തിനു,പാട്ടിന്റെ പരകോടിയിലിടം നേടി കൊടുത്ത, പിറന്ന നാടിന്റെ പേര് മലയാള ചലച്ചിത്ര ചരിത്രത്തിലും തന്റെ പേരിനുമുമ്പിലും ഹൃദയപൂർവ്വമെഴുതി ചേർത്ത ഗാനകവി’പൂവ്വച്ചൽ ഖാദർ’
ഗാനത്തിനു കാവ്യ ചാരുതയേകി,കാവ്യത്തിനു ഗാന ഭംഗി നല്കി തന്റെ ‘കളിവീണ’ മുറുക്കി പാട്ടിന്റെ ‘ചിത്തിരത്തോണി’ തുഴഞ്ഞു വന്ന,ആ കാവ്യ താപസൻ മലയാള ചലച്ചിത്ര സംഗീത സരസ്സിനക്കരെയിക്കരെ തുഴഞ്ഞു നടന്ന നാലു പതിറ്റാണ്ടിനുള്ളിൽ പാടിതീർത്തത് ഏകദേശം രണ്ടായിരത്തോളം പാട്ടുകളായിരുന്നു!
മിക്കവാറും, ഈണം നല്കി ചിട്ടപ്പെടുത്തിയ ഗാന സ്വരൂപത്തിലേക്ക് കഥാ സന്ദർഭം ആവശ്യപ്പെടുന്ന വികാരത്തിന്റെ ഭാഷ ഭാവാത്മകമായി കാവ്യത്മകമായി എഴുതി ചേർത്തു പാട്ടാക്കുക എന്ന ഏറെ ശ്രമകരമായ പണിയായിരുന്നു അന്നു സിനിമാ പാട്ടെഴുത്ത്! ഇന്നും ആ രീതിയ്ക്ക് മാറ്റമൊന്നുമില്ല!
കവിത്വത്തിനും രചനാപരമായ സ്വാതന്ത്ര്യത്തിനും പദ സന്നിവേശത്തിനും പരിമിതി കല്പിക്കപ്പെട്ടുഴലുമ്പൊഴും അർത്ഥ സമ്പൂർണ്ണമായ കാവ്യ സുരഭിലമായ പദസമ്പുഷ്ടമായ വൈവിദ്ധ്യമാർന്ന എത്രയെത്ര ഗാനങ്ങളാണ് ആ,ഭാവനയിലുരുവം കൊണ്ടത്!
1973 ൽ പുറത്തിറങ്ങിയ ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിന് ഈണം നല്കിയ’പീറ്റർറൂബൻ’ മുതൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാ ധനന്മാരായ,പ്രഗത്ഭരായ ഒട്ടുമിക്ക സംഗീത സംവിധായകരുമൊത്ത് അപൂർവ്വ സുന്ദരങ്ങളായ എത്രയെത്രഗാനങ്ങൾ’ പൂവ്വച്ച’ൽ എഴുതി ഒരുക്കി!,’പൂവ്വച്ചൽ’ എന്ന ചുരുക്കപ്പേര് അക്കാലത്ത്,ഹിറ്റു ഗാനങ്ങളുടെ ശില്പി എന്നതിന്റെ പര്യായ പദമായിരുന്നു!
ശരറാന്തൽ തിരി താഴ്ത്തിവച്ചു മുകിലിൻ കുടിലിൻ ഉറങ്ങാൻ കിടന്ന മൂവന്തിപ്പെണ്ണും,കരളിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് അനുരാഗണിക്കു പ്രണയോപഹാരമേകുന്ന കാമുകനും,നാഥന്റെ കാലൊച്ചയ്ക്കു കാതോർത്തിരിക്കുന്ന പ്രണയിനിയും, വികാര വിക്ഷുബ്ധമായ മനസ്സ് നിശബ്ദമാകുമ്പോൾ ‘നിറയുന്ന മൗനവും’, നീലവാനച്ചോലയിൽ നീന്തുന്ന ചന്ദ്രികയിൽ കാമുകിയെ തേടുന്ന കാമുക ഹൃദയവുമെല്ലാം പൂവ്വച്ചലിന്റെ കാല്പനാ ജാലത്തിന്റെ ചില ചിരാതൊളികൾ മാത്രം!
നാടിന്റെ ചൂടും ചൂരുമുള്ള വികാരവായ്പുകൾക്കു മൊഴിയേകി തുടവും തൂക്കവുമുള്ള ഈരടികളാക്കി”പാടുവാൻ പഠിയ്ക്കുവാൻ”പാട്ടു കെട്ടി തന്ന മലയാളത്തിന്റെ മണ്മറഞ്ഞ ഗാനകവി ആദരണീയനായ പൂവ്വച്ചൽ ഖാദറിന് എന്റെ ഹൃദയാഞ്ജലി സ്മരണാഞ്ജലി.