രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍

പണിമുടക്കാതെ തൊഴിലാളിക്ക് രക്ഷയില്ല.
ബ്രിട്ടണിലെ റെയിൽവേ തൊഴിലാളികൾ പണിമുടക്ക് നടത്തുകയാണ്‌.
ലോകത്തിലെ അതിസമ്പന്നമായ മുതലാളിത്ത രാഷ്ട്രത്തിലെ തൊഴിലാളികൾക്കും പണിമുടക്കി സമരം ചേയ്യേണ്ടി വരുന്നുവെന്ന യാഥാർത്ഥ്യം,
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് വലിയ തിരിച്ചറിവാകേണ്ടതാണ്.
പ്രത്യേകിച്ചും ഇന്ത്യൻ റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർക്ക്.


സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും, സമീപഭാവിയിൽ തങ്ങൾക്കും തൊഴിലാളിവർഗ്ഗത്തിനു പൊതുവേയും സംഭവിക്കാൻ പോകുന്ന
അപകടത്തിൻ്റെ വ്യാപ്തി ഇവർ കാണുന്നില്ല.
എന്തുകൊണ്ട് ഇന്ത്യൻ തൊഴിലാളികളുടെ ജീവിതാവസ്ഥ ദിനംപ്രതി കൂടുതൽ ശോചനീയമായിക്കൊണ്ടിരിക്കുന്നു?
സ്ഥിരം വരുമാനവും,
മറ്റു ജീവിതസാഹചര്യങ്ങളും അനുവദിക്കപ്പെടാതെ ‘താൽക്കാലിക കൂലി പണിക്കാരാക്കി’, എല്ലാവരേയും മാറ്റുന്ന മനുഷ്യത്വമില്ലാത്ത നയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിരുന്ന റെയിൽവേ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലക്ക് വിറ്റഴിച്ച്, തൊഴിലാളി ക്ഷേമനിയമങ്ങളൊക്കെ കാറ്റിൽ പറത്തുന്നു.
1974-ലെ റെയിൽവേ ദേശീയ പണിമുടക്ക്,
ഇന്ത്യയിലെ സമസ്തമേഖലയിലുമുള്ള
തൊഴിലാളികളുടെ സേവനവേതന ക്ഷേമനിലവാരം മെച്ചപ്പെടുത്തിയെന്ന സത്യം മറക്കരുത്.


തൊഴിലാളി വർഗ്ഗം എക്കാലത്തും, എവിടെയും, സമരസന്നദ്ധതയും
പോരാട്ടവീര്യവും ഒട്ടും കെടാതെ നിലനിർത്തേണ്ടത്
അത്യാന്താപേക്ഷിതമാണ്.
ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന
തൊഴിലാളിവിരുദ്ധ സാമ്പത്തികനയം
തുടർന്നാൽ, ഇന്ത്യൻ തൊഴിലാളികളുടെ ജീവിതാവസ്ഥ, നൂറ്റാണ്ടുകൾക്കു മുമ്പുള്ള അടിമവ്യവസ്ഥക്കു തുല്യമാകും.


ദേശീയതലത്തിൽ തൊഴിലാളികൾ പണിമുടക്ക് ഉൾപ്പെടെയുള്ള സമര പോരാട്ടങ്ങൾക്ക് തയ്യാറാകുക തന്നെ വേണം.
റെയിൽവേയുടെ ചക്രങ്ങൾ നിശ്ചലമാക്കുന്ന സമരമാർഗ്ഗങ്ങൾ പോലും സ്വീകരിക്കാൻ മടിക്കരുത്.

By ivayana