രചന : തോമസ് കാവാലം ✍

സതിയോളം ചെന്നെത്തുന്നു,ചതി
പത്തിവിടർത്തുമൊരുവിഷസർപ്പമായ്
മനുഷ്യ സങ്കൽപ്പകാർക്കോടകൻ
ഏകാന്തം നിശബ്ദം,മനവനമതിൽ.

ഉൾക്കൊള്ളുവാനതാകില്ലൊട്ടുമേ
ഉള്ളുപൊള്ളിക്കുന്നാ ചിതയിന്നുമേ
പൊള്ളയായ സ്നേഹവെയിലിലവൾ
പൊള്ളിയുരുകുന്നുമെഴുകുപോലവേ.

പാമ്പുകൾ,പാഷാണ,മഗ്നിയിത്യാദി
കുഴിയിൽവീഴ്ത്തി ചതിച്ചിടുന്നു ചിലർ
അഴലും നിഴലും നിറയ്ക്കുന്നവർ
ഏഴയാമവൾക്കു ജീവിത പാതയിൽ.

ചിരിച്ചുചിരിച്ചങ്ങിരിക്കും ജനങ്ങളും
ചതിക്കുഴികൾ പലതും നിരത്തിടാം
ആലിംഗനത്തിലമർത്തിടുന്നോർ
അമർദ്ദത്തിൽ കൊന്നു തള്ളിടാം.

സുമാംഗികളായെത്തും ലഹരികൾ
രസമുകുളം പോലെ രസിപ്പിക്കും
മനം മയക്കി ഭ്രമിപ്പിക്കും മരീചിക
ചതിക്കുഴിയിൽ വീഴ്ത്തുന്നു വിദ്രുതം.


മഞ്ഞലോഹം കണ്ടു മയങ്ങിയോർ
മോഹച്ചുതിയിൽ വീഴ്ത്തുന്നവളെ
അഹംഭാവത്താലവളെ മറന്നവർ
ലോകപാപക്കുടുക്കിൽ വീഴ്ത്തുന്നു.

വില്പനച്ചരക്കാക്കുന്നു സ്ത്രീകളെ
അൽപ്പവും സങ്കോചമില്ലാതെവിലപേശി
അൽപനേരം കുനിഞ്ഞു നിന്നെന്നാൽ
വൃഷണവും കൊണ്ടു പോയീടുമവർ.

വളപ്പൊട്ടുകൾ പടർന്ന പൊട്ടുകൾ
ചിതൽപ്പുറ്റുപോൽ കൂടുന്നനുസ്യൂതം
നാഗരികതാകാടുകൾ മറയ്ക്കുന്നു
ചാപിള്ളകൾ നിറയും ചതിക്കുഴി .

തീവണ്ടിപ്പാതയിലരഞ്ഞ ദേഹവും
തീയിലെരിഞ്ഞ സ്വപ്നവും ദേഹിയും
തരിച്ചുനിൽക്കുന്നു ചരിത്രമാത്രയിൽ
തുറിച്ചുനോക്കുന്നാ ചതിക്കുഴികളെ !

പണമാണു പാരിൽ വമ്പൻ ചതിക്കുഴി
നിണമൊഴുക്കിയും നാമതു നേടുന്നു
നന്മതൻ പാത തേടാതെ മന്നിതിൽ
വമ്പന്മാരുമതിൽ വീണു വിലപിക്കും.

ചിരിയിലൊളിപ്പിച്ചു തുടങ്ങും സൗഹൃദം
ചതിയിൽപ്പെടുത്തി പ്രണയമാക്കുന്നു
അക്കളി തീക്കളി ജീവിതാന്ത്യമായി
അടുക്കളയിൽ പൊട്ടിചിതറുന്നു.

നന്മ ചിതറിക്കിടക്കുന്ന പാതകൾ
തിന്മയാം ചതിക്കുഴിയാൽ വിതാനമാം
ഭൂതകാലം വഴികാട്ടിയാകുകിൽ
ഭാവിയെ ഭയത്താൽ കാണേണ്ടതില്ല, ഹോ!

ചതിയൻ ചന്തുമാർ പതിയിരിക്കുന്നു
മുതലയിരയെ പിടിക്കാനെന്നപോൽ
മതവും ചതിക്കുഴിയാകുമവനിയിൽ
പതനം എത്രയോ ഭീകരം മനുഷ്യന്.

തോമസ് കാവാലം

By ivayana