രചന : സുനു വിജയൻ✍

കരിമ്പനകൾ വളർന്നു നിൽക്കുന്ന കുറവൻ കുന്നിനപ്പുറമായിരുന്നു കുലസ്ത്രീയുടെ മാളിക വീട്. മാളിക വീടിനു പുറകിൽ വടക്കു പടിഞ്ഞാറായി അൽപ്പം അകലെ നിരന്ന പാറയുള്ള കുന്നിൻമുകളിൽ മഹാകാളിയുടെ കല്ലിൽ കൊത്തി ഉയർത്തിയ ക്ഷേത്രവും, ക്ഷേത്ത്രത്തിനു ചുറ്റും ചുവന്ന ചെമ്പകപ്പൂവുകൾ ഉണ്ടാകുന്ന കുറെ ചെമ്പക മരങ്ങളും ഉണ്ടായിരുന്നു.


മാളിക വീട്ടിലെ കുലസ്ത്രീ മുട്ടറ്റം വരുന്ന മുടിയിൽ ദശപുഷ്പം ചൂടുകയും, ചിരട്ടക്കരി മയത്തിൽ നല്ലെണ്ണയിൽ ചാലിച്ചു വാലിട്ട് കണ്ണെഴുതുകയും വിടർന്ന നെറ്റിയിൽ വലിയ ചുവന്ന കുങ്കുമ പൊട്ടു തൊടുകയും അതിനുമുകളിൽ ചന്ദനക്കുറി അണിയുകയും ചെയ്യുക പതിവായിരുന്നു.


പുളിയിലക്കര നേരിയതുടുത്ത്, കയ്യിൽ തടവളയും, കാതിൽ ചുവന്ന കല്ലുപതിപ്പിച്ച തോടയും കഴുത്തിൽ വീതിയേറിയ പാലക്ക മാലയും, കാലിൽ മുല്ലപ്പൂ മൊട്ടിന്റെ ചിത്രപ്പണികൾക്കിടയിൽ നീല നിറം ചാർത്തിയ പാദസരവും, അണിഞ്ഞു, മാറും വയറും നന്നായി മറച്ചു, നഗ്ന പാദയായി മാളികപ്പുര കടന്ന്, കുണിഞ്ഞിപ്പുഴ കടന്ന്, കുറവൻ മലകടന്ന് ഭദ്രകാളിക്ഷേത്രത്തിലേക്ക് വെള്ളിയാഴ്ചകളിൽ അന്തി മയങ്ങും മുൻപ് അകമ്പടിക്കാരായ രണ്ടു നായരു പെണ്ണുങ്ങളോടൊപ്പം പോകുമ്പോൾ ആ പ്രദേശമാകെ കാച്ചെണ്ണയുടെയും, ചന്ദനത്തിന്റെയും രാധാസ് സോപ്പിന്റെയും ഇടകലർന്ന മാസ്മര സുഗന്ധം നിറയാറുണ്ടായിരുന്നു.


തേരകകാടുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് കുലസ്ത്രീയുടെ ഈ യാത്ര ചെറുമൻ ചെറുക്കന്മാരും, ഈഴവ കിടാത്തന്മാരും കൊതിയോടെ, നോക്കിക്കാണുമ്പോൾ, കുണിഞ്ഞിപപ്പുഴയുടെ കരയിൽ ഇരുന്ന് വെളുത്ത നായർ യ്യവ്വനങ്ങൾ നെഞ്ചും തുടയും തിരുമ്മുകയും വായിലെ മുറുക്കിതുപ്പൽ ഉള്ളിലേക്ക് വിഴുങ്ങുകയും ചെയ്തിരുന്നു.
കുണിഞ്ഞിപ്പുഴ മാളിക വീടിനു അര ഫർലോങ് മാറി തരളയായി ഒഴുകിയിരുന്നു. കുണിഞ്ഞിപ്പുഴയുടെ ഒരു ചെറിയ കൈവഴി മാളികവീടിനോട് ചേർന്നുള്ള കുളത്തിലേക്ക് വന്നിരുന്നു. പണ്ട് മാളിക വീട്ടിലെ വലിയ കാരണവർ കുണിഞ്ഞിപ്പുഴയെ അവിടേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതാണത്രേ! മാളിക വീട്ടിലെ കുളത്തിൽ മുങ്ങി കുണിഞ്ഞിപ്പുഴയുടെ ചെറിയ കൈവഴി മാളികയുടെ തെക്കുപുറം വഴി കുറവൻ കുന്നിനു താഴെ കുണിഞ്ഞിയുടെ വലിയ മാറിലേക്ക് കൊച്ചു കുണിഞ്ഞി പതഞ്ഞൊഴുകി പതിച്ചിരുന്നു .


കുറവൻ കുന്നിനു താഴെ ചെറുമൻ യൗവനങ്ങൾ വൈകുംനേരം കുളിക്കാൻ സ്ഥിരമായി എത്തിയിരുന്നു. അവരങ്ങനെ അവിടെ എന്നും എത്താൻ കാരണം കൊച്ചു കുണിഞ്ഞിയുടെ കൈവഴി വഴി രാധാസ് സോപ്പിന്റെയും കാച്ചെണ്ണയുടെയും സുഗന്ധം ഒഴുകി അവിടെ എത്തിയിരുന്നതു കൊണ്ടായിരുന്നു . മാളിക വീട്ടിലെ കുളത്തിൽ കുലസ്ത്രീ കുളിച്ചു കഴിയുമ്പോളുള്ള ആ സുഗന്ധത്തിൽ ചെറുമൻ ചെറുക്കന്മാർ മദിച്ചു കുളിച്ചിരുന്നു..

കുണിഞ്ഞിപ്പുഴ പലപ്പോഴും ചെറുമൻ യുവത്വത്തിന്റെ ബീജങ്ങളെ ചുമന്നു അടിവാരത്തെ കയത്തിൽ നിക്ഷേപിച്ചിരുന്നു…
കയത്തിലെ കായൂറ്റി യക്ഷി കറുത്തു മെഴുത്ത ചെറുമൻ ചെറുക്കന്മാരുടെ ബീജങ്ങളെ ഉളിലാക്കി വെള്ളിയാഴ്ചകളിൽ നട്ട പാതിരാവിൽ കരിമ്പന മുകളിൽ ഇരുന്നു തീഗോളങ്ങളെ പ്രസവിക്കാറുണ്ടായിരുന്നത്രെ .. അവ താഴേക്കു പതിക്കുമ്പോൾ കരിമ്പാറകളാകും.. കായൂറ്റി യക്ഷി ആ പാറ കുഞ്ഞുങ്ങളെ മിഥുന പഞ്ചമിക്ക് കുണിഞ്ഞി പുഴയുടെ മേലേ കടവിൽ നിക്ഷേപിക്കും..

മിഥുനം കഴിഞ്ഞു കർക്കിടകം പെയ്യുമ്പോൾ ആ കരിമ്പാറകൾ മേലേ കുണിഞ്ഞിയിൽ നിന്നും ഒഴുകി താഴെ എത്തി അവിടെ നിന്നും ചെറു കുണിഞ്ഞിയുടെ കൈവഴി വഴി മാളിക വീട്ടിലെ കുളത്തിൽ എത്താറുണ്ടായിരുന്നു. കറുത്ത് മെഴുത്ത ഈ ഉരുളൻ കരിമ്പാറകളെ ഒന്നൊഴിയാതെ കുലസ്ത്രീ പെറുക്കിയെടുത്തു മാളികയുടെ തെക്കിനിയുടെ താഴെ അറയിൽ നിക്ഷേപിക്കും.


മാളിക വീട്ടിലെ തമ്പുരാൻ ദൂരെദേശങ്ങളിൽ കഥകളി കാണാൻ പോകുന്ന നേരവും, രാത്രികളിൽ കറുത്ത ചെറുമൻ കിടാത്തികളുടെ കൂരയിൽ വയസ്സറിയിച്ച ചെറുമൻ പെണ്ണുങ്ങളുടെ കന്യകാത്വം ആദ്യമായി നുകരാൻ പോകുന്ന യാമങ്ങളിലും കുട്ടികൾ ഇല്ലാത്ത കുലസ്ത്രീ ഈ പാറക്കുട്ടന്മാരെ നെഞ്ചോടു ചേർത്ത് താലോലിക്കാറുണ്ടായിരുന്നു.


മകരക്കൊയ്ത്തു കഴിഞ്ഞു കഴിയുമ്പോൾ ഈ പാറകുട്ടന്മാർ മാളികവീട്ടിൽ നിന്നും ഉണർന്നെഴുനേറ്റു കുറവൻ മലകടന്നു ചുരമിറങ്ങി നങ്ങേലി പാടത്തെത്തും.. അവിടെ അവർ വലിയ കരിമ്പനകളായി മാറി കുലസ്ത്രീയുടെ മാളിക വീടിനു കാവൽക്കാരായി ഇടിമിന്നലിനോട് പൊരുതി നിൽക്കും.
ഇപ്പോൾ കുലസ്ത്രീ ഇല്ല അവർ പ്രായം ചെന്നു മരിച്ചു പോയിരിക്കുന്നു. ചെറുമൻ ചെറുക്കന്മാർ ഇപ്പോൾ താഴെ കുണിഞ്ഞി കടവിൽ വരാറില്ല. അവരൊക്കെ വീടുകളിലെ ബാത്‌റൂമിൽ ആണ് കുളിക്കാറ്‌. താഴെ കയം മെലിഞ്ഞു ചെറിയൊരു കുഴി മാത്രമായി മാറിയിരിക്കുന്നു.കായൂറ്റി യക്ഷി ഇപ്പോൾ ഉണ്ടോ എന്നറിയില്ല..ചെറുമൻ യുവാക്കൾ പുഴയിൽ കുളിക്കാത്തതിനാൽ ആവണം കുറവൻ മലയിൽ ഇപ്പോൾ കരിമ്പാറകൾ ഇല്ല.


മാളിക വീട് ഇപ്പോളും ഉണ്ട്.. വെള്ളം വറ്റിയ മാളിക വീട്ടിലെ കുളത്തിലേക്ക് കുണിഞ്ഞിയുടെ ചെറിയ കൈവഴി ഇപ്പോൾ ഒഴുകാറില്ല.. പക്ഷെ ഇപ്പോഴും കുളത്തിന്റെ അടിത്തട്ടുകൾ നിറയെ പഴയ കറുത്ത മെഴുത്ത ഉരുളൻ കരിമ്പാറ കല്ലുകൾ ഉറങ്ങുന്നുണ്ട്. തെക്കിനിയുടെ പുറകിലെ അറയിലെന്നപോലെ.
ഒരു പക്ഷെ കുലസ്ത്രീയുടെ ഈ കരുമാടി കുട്ടന്മാർ ഈ കർക്കിടകത്തിനു ഉണർന്നാലോ.. ആവോ.. ആർക്കറിയാം. കുണിഞ്ഞി പുഴ മെലിഞ്ഞു മെലിഞ്ഞു ഇല്ലാതെയാകും മുൻപ് മാളിക വീട്ടിലെ കുളം ഒന്ന് നിറഞ്ഞിരുന്നെങ്കിൽ… അല്ലങ്കിൽ മാളിക വീടിന്റെ ഇപ്പോഴത്തെ അവകാശികൾ ആ വെള്ളമില്ലാത്ത കുളം നികത്തി കളഞ്ഞാലോ… പാവം കരിമ്പാറ കുട്ടന്മാർ… ഇല്ല ഈ കർക്കിടകത്തിൽ കുണിഞ്ഞിപ്പുഴ നിറഞ്ഞൊഴുകും.. മാളിക വീട്ടിലെ കുളം നിറയും.. കുലസ്ത്രീയുടെ ആത്മാവ് അതു കണ്ട് നിർവൃതിയടയും തീർച്ച.


ഇപ്പോഴും ഞാൻ കുന്നിൻമുകളിലെ പാറപ്പുറത്തുള്ള മഹാകാളി ക്ഷേത്രത്തിൽ പോകാറുണ്ട്. അവിടെ പോകുമ്പോളെല്ലാം താഴെ കുണിഞ്ഞിപ്പുഴയുടെ തീരത്ത് ക്ഷയിച്ചെങ്കിലും തലയെടുപ്പോടെ നിൽക്കുന്ന മാളിക വീട്ടിലേക്കു നോക്കാറുണ്ട്. ഉണങ്ങിയ ചില കരിമ്പനകൾ ഇപ്പോഴും നിലമ്പൊത്താതെ ഏതോ ഒരോർമ്മപോലെ കുറവൻ കുന്നിൽ നിൽക്കുന്നു. പാവം കായൂറ്റി യക്ഷി. കരിമ്പനകൾ ഇല്ലാത്ത കുറവൻ കുന്നു കടന്ന് അവൾ പനകൾ തേടി മറ്റെവിടെക്കോ പോയതാകാം.


കുന്നിറങ്ങി കുണിഞ്ഞിയുടെ തീരത്തേക്ക് ഞാൻ നടക്കുമ്പോൾ ഇപ്പോഴും അവിടെ കാണുന്ന തേരകക്കാടുകളിൽ ഞാൻ ചെറുമൻ ചെറുക്കന്മാരെ തിരയാറുണ്ട്. എല്ലാം കാലത്തിനു പിന്നിലേക്ക് പോയിട്ടും ആ വഴികളിൽ ഇപ്പോഴും, കാച്ചെണ്ണയുടെയും, രാധാസ് സോപ്പിന്റെയും, ചന്ദനത്തിന്റെയും നേർത്ത ഗന്ധം ഞാൻ നുകരാറുണ്ട്. ഒരുപക്ഷെ മാളികപ്പുരയുടെ ജീർണ്ണിച്ച കുളിപ്പുരയിൽ ഇപ്പോഴും അവിടെ ജീവിക്കുന്ന സ്ത്രീകൾ കുളിക്കാറുള്ളത് കാറ്റ് പകർത്തിയെടുത്ത് സുഗന്ധമായി എന്നിലേക്ക് എത്തിക്കുന്നതാവാം.

By ivayana