രചന : ജയരാജ്‌ പുതുമഠം✍

തിരശ്ശീല മാറ്റി
തിരക്കൊഴിഞ്ഞൊരു
വീഥിയിൽ
ഇരുളിന്റെ മടിയിൽ
തലചായ്ച്ച്
തിരക്കഥയെഴുതുന്നു
ഞാനെന്റെ
ഹൃദയശിലയിൽ
സംഘർഷങ്ങളേറെ-
യുണ്ടതിൻ പൊരുളിൽ
സംഘട്ടനങ്ങളും
പ്രണയദളങ്ങളധികവും
പ്രളയത്തിന്നലകളിൽ
അടർന്ന് ഊർന്നുപോയ്
ഹൃദയാക്ഷരങ്ങൾ
ചുടലഗന്ധങ്ങളായ്
പടരുന്നുണ്ടതിൽ പലതും
സഹന തോരണങ്ങൾ
തലയാട്ടിയാടുന്ന
തരള വികാരങ്ങൾ
കാണികൾതന്നെ
ചികഞ്ഞറിയട്ടെ,
ക്ഷമിക്കുമല്ലോ?
അസ്ഥിരമായൊരു
ജീവിത വീഥിയിൽ
അസ്ഥികൾ പൊട്ടിയ
അഭിനിവേശത്തിന്റെ
അസ്‌തമിക്കാത്തൊരു
അനുരാഗ ഗാഥയാണിത്
അപ്രിയ സത്യങ്ങൾ
ക്ഷിപ്രകോപങ്ങളാൽ
കത്തിപടർന്നൊരു
കഥയുമുണ്ടുള്ളിതിൽ
കാലചക്രങ്ങളിൽ
വാസന്ത രേണുക്കൾ
മീട്ടിയ വീണാ
ഗീതവുമുണ്ടതിൽ
സന്ദേശകാവ്യങ്ങൾ
തീർക്കുന്നതത്രയും
സന്ദേഹമേറെ
ചുമക്കുന്ന മണ്ടനും
സംഗീതമൊരുക്കങ്ങൾ
ചിട്ടപ്പെടുത്തുവാൻ
വിശ്വപ്രശസ്തനാം
ബധിര വിലോപനും
ഛായാഗ്രഹണത്തിൻ
പുറംവാതിൽ തുറക്കുന്നു
നേത്രരോഗത്തിന്റെ
വായിലകപ്പെട്ട
നേരറിയാത്തൊരു
അന്ധനാം ഭിക്ഷുവും
നൃത്തനൃത്യങ്ങൾക്ക്
ഭാവം പകർത്തുവാൻ
വിഖ്യാത നർത്തകി
പട്ടണം തങ്കയും
മടിയിലിരുത്തി
മതിതീരുവോളം
മൃദുല സ്തനങ്ങളിൽ
കനകാധരങ്ങളാൽ
കവിതകൾ രചിച്ചു
കൊതിതീർക്കുന്ന
അമൃതബിന്ദുക്കളും
രതിമൂർച്ചയറിയാൻ
വിശുദ്ധ മതശീലങ്ങളാം
ഉടൽരതികളിലാറാടി
പുളകങ്ങൾ തീരാത്ത
അരമനശ്രേഷ്ഠരും
ആകാംഷ ചോരാതെ-
അന്ത്യംവരെയൊഴുകുമീ
അണിയറയിലിഴയുന്ന
ന്യൂജെൻ തിരക്കഥ
അമ്പരിപ്പിക്കുമാരെയും
തെല്ലുമില്ലാശങ്ക
സംവിധാനത്തിന്റെ
ഗന്ധമെന്നുള്ളിൽ
വേണ്ടതിൽ കൂടുതൽ
അന്തിയുറങ്ങുമ്പോൾ
എന്തിന് വേറൊരു
അന്തിമഹാകാലൻ
വശ്യമാം ചിത്രത്തെ
ഹൃത്തടം പാകുവാൻ
സംസ്ഥാന ദേശീയ
ഇന്റർനാഷണൽ
ആകാശയാനങ്ങൾ
പാറിപറന്നെന്റെ
ഉൽകൃഷ്ടചിത്രമൊ-
രോസ്കാർ പുരസ്‌കാര
ചാർത്തുമായെത്തും
സന്ദേഹമില്ലൊട്ടുമേ
അതിൻമുന്നെന്നുടെ
ശുഷ്‌ക്കമാം പേനയിലി-
ത്തിരി ചുട്ടുപഴുത്തൊരു
വ്യർത്ഥമാം ജീവിത
കണ്ണുനീർ തുള്ളികൾ
കോരിനിറയ്ക്കട്ടെ.

ജയരാജ്‌ പുതുമഠം

By ivayana