രചന : ശ്രീലകം വിജയവർമ്മ✍
ആരും വരേണ്ടയെൻ ചാരത്തണയേണ്ട,
ചേരാത്തതൊന്നും മൊഴിഞ്ഞിടേണ്ട..
ആരുമെൻ പേരിന്റെയർത്ഥത്തിലൂളിയി-
ട്ടാഴപ്പരപ്പിൽ തിരഞ്ഞിടേണ്ട..
ആരുമെൻ മേനിയിൽ മാലകൊണ്ടന്ത്യമാ-
യാപാദചൂഡം നിറയ്ക്കവേണ്ട..
ആരും കരയേണ്ട കണ്ണീരുകൊണ്ടെന്റെ,
മേനിയിൽ തോരണം
ചാർത്തവേണ്ട..
ആടിത്തളർന്നൊരെൻ ദേഹത്തിലാകവെ,
മോടിയിൽ മാറ്റം വരുത്തിടേണ്ട..
താഴെക്കിടത്തിയെൻ ചുറ്റും ചിരാതിനാൽ,
പാഴായി, ദീപം കൊളുത്തിടേണ്ട..
മിഴിവുള്ള നിലവിളക്കവിടെ ക്കൊളുത്തിയി-
ട്ടഴകുള്ളതിൻ ശോഭ മായ്ക്കവേണ്ട..
തൂവെള്ളവസ്ത്രം പുതപ്പിച്ചണി യിച്ചു,
കേവലം ശൂന്യമായ് മാറ്റിടേണ്ട..
ഒരുനൂറു സ്വപ്നങ്ങൾ കണ്ടൊരെൻ ചിന്തയെ,
വെറുതേയനർത്ഥമായ് തീർത്തിടേണ്ട..
വെറുതെയെൻദേഹം ദഹിപ്പിച്ചു തീർക്കുവാൻ,
വിറകിന്റെ ചിതയൊന്നു തീർക്കവേണ്ട..
വെറുതേയലങ്കാര വാക്കുകൾ ചേർത്തെന്റെ,
ചെറുതായ ജീവനെ
വാഴ്ത്തവേണ്ട..
ഒന്നുമില്ലാതെഞാൻ വന്നപോ ലങ്ങനെ,
ഒന്നുമില്ലാതെ തിരിച്ചുപോകാം..
ഒരു വൈദ്യുതിത്തുമ്പി –
ലൊരുമാത്രകൊണ്ടെൻ്റെ –
യീദേഹമെല്ലാമൊതുങ്ങിയേക്കാം..
ഒരു ഞൊടിക്കുള്ളില്ലെരിഞ്ഞമർന്നങ്ങനെ,
ഒരു കുമ്പിൾ ചാരമായ് മാറിയേക്കാം..
ആഗ്രഹമതുമാത്രമാണെന്റെ ജന്മത്തെ,
ആരും വൃഥാ ധന്യമാക്കിടേണ്ട..
ആരോ കഥിച്ചൊരാ സ്നേഹത്തുരുമ്പിന്റെ,
ഭാരം തലയിൽ കയറ്റവേണ്ട…
ഒരുമാത്ര കൊണ്ടൊന്നുമില്ലാതെയാവുന്ന –
യൊരുസത്യമായി ഞാൻ യാത്രയാവാം..
ഒരുനൂറുസ്വപ്നം ഒതുക്കി ഞാൻ ജീവന്റെ,
ഒരു നീണ്ടുറക്കത്തിലാണ്ടു പോകാം…