രചന : ജോയ് പാലക്കമൂല✍
അഥിതിയുടെ വിളിക്കൊരു.
തീവണ്ടിയുടെ സ്വരമായിരുന്നു.
രാത്രിയാമത്തിൽ അത്
വേഗത്തിൽ കടന്ന് പോയി.
ചിതറി തെറിച്ചതിൽ
ചെന്നായ കടിച്ചതിൻ ശിഷ്ടം
പാളത്തിൽ മയങ്ങുമ്പോൾ
നിലാവിന് പതിവ് മന്ദഹാസം
കാണാതെ പോയവൻ്റെ
കണക്ക് തിരയുമ്പോൾ
പോലീസ് ബുക്കിലെ
പേനതുമ്പിന് നിദ്രാലസ്യം
അയലത്തെ പട്ടി
അറിഞ്ഞോരിയിടുന്നുണ്ട്.
അലഞ്ഞ് തിരിയുന്ന
ആത്മാവിൻ്റെ സാന്നിദ്ധ്യം കണ്ട് .
കാത്തിരുന്ന് മടുത്തുവർ
കണ്ണീരൊതുക്കി മിഴിചിമ്മുമ്പോൾ.
ഇടവഴിയിൽ രൂപം കണ്ടവൻ
സമനിലയില്ലാതെ പുലമ്പുന്നുണ്ട്.
പാതി കറങ്ങിയ ഭൂമി മെല്ലെ
കാഴ്ചയുടെ മാറാല മാറ്റുന്നു.
ഒടുവിൽ കടം കേറിയവൻ്റെ കഥ
ചുളം വിളിയിൽ ചേർത്തെഴുതുന്നു..