രചന : ഹാരിസ് ഖാൻ ✍
ഇന്ന് നല്ല തിരക്കുള്ള ഒരു നാടൻ
ഹോട്ടലിലാണ് കയറിയത്. ഇരുപതോളം മിനുട്ട് കാത്തിരുന്നിട്ടാണ് വാഴയിലയും വെള്ളവും മുന്നിൽ കൊണ്ട് വെച്ചത്. വാഴയിലയിലെ പൊടിയും കാക്കകാഷ്ഠവും വെള്ളം ഒഴിച്ച് കഴുകുക എന്നൊരു ചടങ്ങുണ്ട്. അതിനായി വാഴയിലയിൽ വെള്ളം ഒഴിച്ചതേയുള്ളൂ എവിടെ നിന്നോ അതി സ്പീഡ്ൽ ചോറ് വിളമ്പുന്ന പാത്രവുമായി സപ്ളയർ മുന്നുലെത്തുന്നു. കണ്ണിൽ നോക്കുന്നു, ഇലകഴുകാൻ വിടാതെ ഇപ്പോ വിളമ്പും, ഇപ്പോ വിളമ്പും എന്ന നിലയിൽ കയ്യിൽ ചോറെടുത്ത പാത്രം പിടിച്ച് അയാൾ അക്ഷമനാവുന്നു. അസ്വസ്ഥതയോടെ അയാൾ നമ്മുടെ മുഖത്തേക്കും വാഴയിലേക്കും നോക്കുന്നു. അയാളുടെ അക്ഷമ കാരണം പാതി ചെളി ഇളക്കിയ വാഴയിലയിലേക്ക് ചോറ് വിളമ്പാൻ നമ്മൾ അയാളെ അനുവദിക്കുന്നു…
ഇത് എൻെറ ആദ്യാനുഭവമല്ല.
എന്തിനാവും മനുഷ്യർ ഇങ്ങിനെ അക്ഷമനാവുന്നത്…
അക്ഷമ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് ശാസ്ത്രം പറയുന്നു.ഐൻസ്റ്റിൻ പറയുന്നുണ്ട് സമയം ആപേക്ഷികമാണ്, ഒരാൾ തൻെറ കാമുകിയോടൊത്ത് ഒരു മണിക്കൂർ ചിലവഴിക്കുമ്പോൾ ആ ഒരു മണിക്കൂർ ഒരു മിനുട്ടായിട്ടാണ് അയാൾക്ക് അനുഭവപ്പെടുക, എന്നാൽ അയാളെ തന്നെ ഒരു കൂർത്ത കുന്തമുനയിൽ ഒരു മിനുട്ട് ഇരുത്തിയാൽ.
ആ ഒരു മിനുട്ട് അയാൾക്ക് ഒരുമണിക്കൂർ ആയി അനുഭവപ്പെടുകയും ചെയ്യും…
കലയിലേക്ക് വന്നാൽ അംഗങ്ങൾ ഛേദിക്കപ്പെട്ട് മരണാസന്നയായി ഉപഗുപ്തൻെറ വരവ് കാത്ത് അക്ഷമയാവുന്ന ആശാൻെറ വാസവദത്തയെ കാണാം..
“സമയമായില്ല പോലും,
സമയമായില്ല പോലും
ക്ഷമയെൻെറ ഹൃദയത്തിൽ
ഒഴിഞ്ഞ് തോഴി.. “
പ്രിയപ്പെട്ടവൻ വരും മുന്നേ താൻ മരിച്ച് പോവും. തൻെറ കയ്യിൽ വേണ്ടത്ര സമയമില്ല എന്ന ചിന്തയാവും വാസവദത്തയെ അക്ഷമയാക്കുന്നത്..
ഞാനേത് കാര്യത്തിലാവും അക്ഷമനാവുന്നത്..? ഞാനോർത്ത് നോക്കി…
അങ്ങിനെ ഒന്നിലും അക്ഷമനാവാത്ത വ്യക്തിയാണ് ഞാൻ. രാവിലെ എട്ട് മണിക്ക് വരാമെന്ന് പറഞ്ഞ സുഹൃത്തിനെ രാത്രി എട്ടുമണിവരെ കാത്തിരിക്കാൻ എനിക്ക് പറ്റും.
പക്ഷെ ചില ബേങ്കുകളുടെ ATM മെഷീനുകളിൽ നിന്നും നമ്മൾ ക്യാഷ് എടുത്ത് കഴിഞ്ഞ ശേഷവും ATM കാർഡിനെ മെഷീൻ കുറച്ച് സമയം കടിച്ച്പിടിക്കും,വലിച്ചാൽ കിട്ടില്ല അത് ടിക് എന്ന ശബ്ദത്തോടെ കടിവിടും വരെയുള്ള ഒരു 5 സെക്കൻറ് സമയമുണ്ട് അതൊരു യുഗമായാണ് എനിക്ക് തോന്നാറ് അപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനാവും അക്ഷമനാവും, എന്തിനാണാവോ അത്…?
നിങ്ങൾ എപ്പോഴാണ് അക്ഷമനാവാറ്..?