രചന : പണിക്കർ രാജേഷ്✍

ട്രെയിൻ ചമ്പൽ പാലത്തിലേക്ക് കയറിയപ്പോഴുള്ള ശബ്ദം കേട്ട് ബാലു ഞെട്ടിയുണർന്നു ചില്ലുജാലകം ഉയർത്തി വെച്ച് നദിയിലേക്ക് നോക്കി കുറച്ചു സമയം ഇരുന്നു. പിന്നെ മെല്ലെ വാഷ്റൂമിലേക്കു നടന്നു. മുഖം കഴുകി,വാതിൽക്കലേക്ക് നീങ്ങി.അതിര് കാണാനാകാത്തവിധം മൺകൂനകളും കുറ്റിച്ചെടികളും.പുറകോട്ടോടുന്ന ചമ്പൽക്കാടുകൾക്കൊപ്പം അവന്റെ ഓർമ്മകളും അതിവേഗം യൗവ്വനാരംഭത്തിലെ ഒരു യാത്രയിലെത്തി.പ്രവാസജീവിതത്തിലെ ഒരു അവധിക്കാലത്തിന്‌ ശേഷമുള്ള മടക്കയാത്ര.


റിസർവേഷൻ ഇല്ലാത്തതിനാൽ കേരള എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വളരെ കഷ്ടപ്പെട്ട് നേടിയ മരപ്പലകയടിച്ച ഒറ്റ സീറ്റ്.മറുവശത്തു ലൈൻ കമ്പിയിലിരിക്കുന്ന നീർക്കാക്കകളെപ്പോലെ സീറ്റിൽ കുത്തിയിരിക്കുന്ന ഭായിമാർ. ബോഗിയിൽ കൂടുതലും മറുനാട്ടുകാർ. സീറ്റിനടിയിൽ ബാഗ് ഒതുക്കിവെച്ചു വെളിയിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്.


“മോനേ ഈ പെട്ടി ഇവിടൊന്ന് വെച്ചോട്ടെ? “
വാർധക്യത്തിലേക്കടുക്കുന്ന ഒരു നാട്ടിൻപുറത്തുകാരനാണ്.
“അതിനെന്താ വെച്ചോളൂ”
“മോനെങ്ങോട്ടാ ഡെൽഹിക്കാണോ ?”
“അതേ…. അപ്പച്ചനോ? “
“ഞാൻ ആലുവയിൽ ഇറങ്ങും മകളുണ്ട് അവൾ ഡൽഹിക്കാണ് “.ഒന്ന് ശ്രദ്ധിച്ചോണേ ഒറ്റക്ക് ആദ്യമായി പോകുന്നതാ, പെട്ടന്നായതോണ്ട് റിസർവേഷൻ കിട്ടിയില്ല. ഇതിൽ വേറെ മലയാളികളും ഇല്ലെന്ന് തോന്നുന്നു “


അപ്പച്ചൻ ഒറ്റശ്വാസത്തിൽ ഒരു വലിയ ഉത്തരവാദിത്തം തലയിൽ തന്നു.
അപ്പോഴാണ് പുറകിൽ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.മെലിഞ്ഞ ശരീരം,ഇരുനിറം,ചുരിദാറാണ് വേഷം. അവളൊന്നു ചിരിച്ചു കാണിച്ചു. ആലുവയിൽ എത്തിയപ്പോൾ അപ്പച്ചൻ ഇറങ്ങി.തിരക്കുള്ള സമയത്ത് ജനറൽ ബോഗിയിലുള്ള യാത്ര കസേരകളി പോലെയാണ്, നടുവ് നിവർക്കാൻ എഴുന്നേറ്റാൽ അടുത്ത ആള് സീറ്റ് സ്വന്തമാക്കും


“ഇവിടിരുന്നോളൂ..ഞാൻ വരാതെ എഴുന്നേൽക്കരുത് ആരെങ്കിലും കയറിയിരിക്കും. പിന്നെ നിലത്ത് ഇരിക്കേണ്ടിവരും “
അവൻ അതുംപറഞ്ഞു വാതിലിനടുത്തേക്ക് നീങ്ങി. കുറച്ചു കഴിഞ്ഞു തിരികെയെത്തി അവളുടെ പെട്ടി എടുത്തു സീറ്റിനോട് ചേർത്ത് വെച്ച് ലോക്ക് ചെയ്യുന്നതിനിടയിൽ വിശദമായി പരിചയപ്പെട്ടു. പേര് ചാരുലത വീട് തൊടുപുഴ അടുത്തെവിടെയോ ആണ്. നഴ്സിംഗ് കഴിഞ്ഞു ആദ്യമായി ജോലിക്ക് പോകുന്നു. ദില്ലി, ആശ്രമത്തിൽ ഉള്ള ഹോസ്പിറ്റലിൽ ആണ്. കൂട്ടുകാരികൾ റെയിൽവേസ്റ്റേഷനിൽ വന്നു കൂട്ടിക്കൊണ്ട് പോകും എന്നാണ് പറഞ്ഞത്. എന്തായാലും ആ മൂന്ന് ദിവസത്തെ ട്രെയിൻയാത്ര അവരെ നല്ല കൂട്ടുകാരാക്കി .ദില്ലിയിലെത്തി ജോലിസ്ഥലത്തെ ഫോൺ നമ്പറും അഡ്രസ്സും കൈമാറി അവൻ യാത്ര തുടർന്നു.


“ഓ ബാലുഭായ്‌ ജൽദി ആ, ഏക് ലോണ്ടിയാ കി ഫോൺ തേരെ ലിയെ”
ജോലിക്കിടയിൽ ഹരിയാനക്കാരൻ സ്റ്റോർകീപ്പർ ജഗദീഷ് ചൗഹാൻ വിളിച്ചു പറഞ്ഞു. ഓടിച്ചെന്നു ഫോണെടുത്തു. ചാരുവാണ് മറുതലക്കൽ.കുറച്ചു നേരം സംസാരിച്ചു അവളുടെ ഫോൺ നമ്പറും താമസസ്ഥലത്തെ അഡ്രസ്സും കൈമാറി. പിന്നെ കത്തുകളിലൂടെ ബന്ധം വളർന്നു. ജോലിയുടെ അരക്ഷിത നാളുകളിൽ അവന് അവളുടെ മണിയോർഡറുകൾ ആശ്വാസമേകി. കുറെ മാസങ്ങൾക്ക് ശേഷം ഒരപകടത്തെത്തുടർന്ന് രണ്ടു മാസത്തോളം ആശുപത്രിയിൽ ആയ ബാലുവിന് ജോലി നഷ്ടമായി പിന്നീട് മറ്റൊരു ജോലി കിട്ടിയശേഷം ചാരുവിനെ വിളിച്ച അവന് കിട്ടിയ മറുപടി അവൾ ജോലിയുപേക്ഷിച്ചു പോയി എന്നായിരുന്നു.പിന്നീട് ഒരുപാട് ശ്രമിച്ചിട്ടും അവളെ കണ്ടെത്താനായില്ല. ഇപ്പോഴും എല്ലാ യാത്രയിലും അവന്റെ കണ്ണുകൾ അവളെ തിരയാറുണ്ട്.


“ചായ്…… ചായേ….
മൂഫിലി….ലോ.. മൂഫിലി….
ബോഗിയുടെ അങ്ങേ അറ്റത്തുനിന്ന്
ചായക്കാരന്റെയും നിലക്കടല വിൽക്കുന്നവന്റെയും നിലവിളി ബാലുവിനെ ഓർമ്മകളിൽനിന്നുണർത്തി.
“പപ്പാ മൂഫിലി ചാഹിയെ “
ആദി സീറ്റ് വിട്ടു ബാലുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു.


തിരികെ സീറ്റിലിരുന്ന് ചൂട് ചായ കുടിച്ചുകൊണ്ടിരുന്ന അവന്റെ ചുണ്ടിൽ വിഷാദച്ചുവയുള്ള പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. അതുകണ്ടു രേണുക പൊട്ടിചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്താ മാഷേ ചാരുലത തലയിൽ കയറിയോ? “
ബാലു ആ പൊട്ടിച്ചിരിയിൽ പങ്കുചേർന്നുകൊണ്ട്, മറ്റാരേക്കാളും തന്നെ മനസ്സിലാക്കുന്ന പ്രിയതമയെ തന്നോട് ചേർത്തു.

പണിക്കർ രാജേഷ്

By ivayana