രചന : വിദ്യാ രാജീവ്✍️
സർവ്വ പരിത്യാഗിയാം പുണ്യമേ,
അഴലിൻ അകത്തളങ്ങളിലേക്കു
നന്മ തൻ വിത്തുപാകുവാനായ്
അവതരിച്ച ആത്മീയ ആചാര്യനേ..
ബോധി വൃക്ഷച്ചുവട്ടിലെ സൂര്യ-
താപവും,ഈറൻ കാറ്റുതിർക്കും
ദളമർമ്മരങ്ങളുമറിയാതെ
ധ്യാനമൂകനായ് ജ്ഞാനോദയം
സാർത്ഥകമാക്കിയ,
ദുഃഖ നിവാരണത്തിൻ കാരണഭൂതനേ,
മഹത്തായ ദർശനത്തിലൂടെ
കലിയുഗത്തിൻ വഴിവിളക്കായ ദേവാ,
ഇന്നാ ഗയയിലെ ആൽത്തറയിൽ
നിന്നെ കാണ്മതു ശിലയായ് മാത്രമോ?
ഈ ബുദ്ധ പൗർണമി ദിനത്തിൽ
കണ്ടുവോ ബുദ്ധൻമാരില്ലാതെ
ലോകം ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക്
യാത്ര ചെയ്യുകയാണ്.
ഏവരെയും തിരുത്തി കുറിക്കുവാനായി
ഈ ഊർവിയിൽ ഇനിയൊരു ബുദ്ധ പിറവികൂടി
കാംക്ഷിക്കാമോ!!