രചന : ബാബുരാജ് കെ ജി ✍️
ഞാൻ ചാത്തൻ
പെരുംചാത്തൻ – ………..
അറിഞ്ഞു ചെയ്താൽ ഞാൻ
കനിവുള്ളവൻ !
അറിയാതെ ചെയ്താൽ
ഞാൻ കുലം മുടിക്കും!
കിട്ടുന്നതിൽ പാതി ചോദിക്കും!?
കാരണം പറിച്ചിലുകളും
കടം പറിച്ചിലുകളും വേണ്ട!
നിക്ഷേധങ്ങളുടെ നീരുറവകൾ പോലെ
ചാത്തനങ്ങനെ ഒലിച്ചിറങ്ങും!!
ഞാനൊന്നിലുമൊ-
തുങ്ങുന്നില്ല ?
കാറ്റിലും, കടലിലും, കനലിലും,
കറുത്ത മേഘങ്ങളിലും,
പെരുംമ്പറയാ – കുന്ന മഴയിലും .
പൂക്കൾ കൊണ്ട് പെരും –
ചാത്തന് പൂജ വേണ്ട!
നിറങ്ങൾകൊണ്ട് ചാത്തന്
കോലങ്ങളും വേണ്ട!
ചാത്തന് തിന്നാൻ
നെടിയരിയുടെ
പൊടി വേണം!
ഒരു കുടം കള്ള് വേണം!
ലഹരിയുടെ ചുരുട്ട് വേണം!
മുറുക്കാൻ ” കാടിന്റെ –
പച്ചയും, ചുവക്കാൻ മേഘ –
ങ്ങളുടെ വെളുപ്പും വേണം!
ചാത്തന് പൊട്ട് കുത്താൻ
ഒരു കലംമൂട് കരിയും വേണം!
ചാത്തന് നിറമെന്ത്?
ചാത്തന് മണമെന്ത്?
ചാത്തന് നേരറിവെന്ത്?
ചാഞ്ഞു നിൽക്കുന്നിടത്തൊ-
ക്കെ ചാത്തൻ അറ വക്കും!
അവന്റെ മനസ്സിൽ പല കുടം –
തോറ്റവും, വാശിയുമാണ് ‘
തോറ്റങ്ങളിലെ ചാത്തൻ …….
വാശികളിലെ ചാത്തൻ ………
പ്രതികാരത്തിന്റെ കള്ളാണ്
ചാത്തൻ !
പ്രകാശത്തിൽ ഇരുളാണ്
ചാത്തൻ !
തിന്മകളുടെ തീയാണ്
ചാത്തൻ !
ചാത്തനൊന്നിലും
ഒതുങ്ങുകയില്ല!!
നന്മ വേണ്ട. നല്ല –
വേദമോ, മന്ത്രമോ വേണ്ട!
നല്ല നേരമല്ലെങ്കിൽ കുലം –
മൂടിക്കാൻ മുടിവിന്റെ
മുടിയേറ്റണിഞ്ഞവൻ!?
ചാത്തന് ചത്ത പെണ്ണിന്റെ
മുഴുമിക്കാത്ത വാക്കാണ്
രാത്രിക്ക് കൂട്ട്!
ചാത്തൻ –
ചന്തതെരുവിലെ ചീഞ്ഞ
പെണ്ണിനെ കറുപ്പിന്റെ
കാറ്റുകൊണ്ട് തണുപ്പിക്കും?
രാത്രികളിൽ അഗ്നികൊണ്ട്
പൊള്ളിക്കും!
രതികളുടെ അഗ്രഹാരങ്ങൾ –
ക്ക് പനിക്കുമ്പോൾ ചാത്തൻ
വെറുതേ ചിരിക്കും!
അവളുടെ കലമ്പലുള്ള
ചിരികൾ അലകടലിൽ
കഴുകിയെടുത്ത് ചാത്തൻ –
ഉച്ചയിലൊന്നു മയങ്ങും!
ചാത്തന് ഒരു കുടം
കുളിര് വേണം!
ഒരു കുടം മുകില് വേണം!
ചാത്തന് ഒരു കുടം കടൽ
വേണം!
ചാത്തന് ഒരുകനൽ
തീ വേണം!
ചവച്ചു തുപ്പിയ ചുവന്ന-
നീരിലെ നിറഞ്ഞ സന്ധ്യയെ
വേണം!
അന്തിക്ക് അസ്തമയം
തിരികൊളുത്തുമ്പോൾ
ചാത്തൻ നെഞ്ചത്തലച്ച്
പാടും ?
വേദങ്ങളറിയാത്ത വേടന്റെ
അമ്പേറ്റ പക്ഷിയെ കുറിച്ച്.””
വേദനകളാൽ പിടഞ്ഞ്
ഇരുളിന്റെ മറവിൽ ഒളിത്തി-
രിക്കുന്ന വേദങ്ങളെ കുറിച്ച്?
ചാത്തന് വേദം വേർതിരി –
വുകളുടെ തിരിച്ചറിവാണ് ‘
വേദനകളുടെ
നേരറിവുകളാണ് ………..
തുള്ളിയുറഞ്ഞ് കള്ളും
പൊടിയും മോന്തി തെള്ളിയെ-
റിഞ്ഞ് രാത്രിയെ- ഭയപ്പെടുത്തി പെരുംചാത്തൻ
പറയും?………..
ഞാനാണ് സാക്ഷി |
വിശ്വാസങ്ങളുടെ
രക്തസാക്ഷി’?
വീഞ്ഞ് കുടിച്ച് വീശീയുലയുന്ന കാറ്റിൽ
ചാത്തന് നേർന്നു വച്ച
കോഴിയുടെ ചോരക്കടൽ……
ഇഹത്തിലും, പരത്തിലും
ചാത്തനുണ്ട്: ‘……………
വായ്……. കീറിയ ദൈവമെവിടെ?
” എനിക്ക് വിശക്കുന്നു” !!”